സിറോമലബാര്‍ വിശ്വാസ പരിശീലന പരിപാടി: ഗ്രാജുവേഷന്‍ സെറിമണി ശ്രദ്ധേയമായി


JUNE 15, 2022, 7:58 AM IST

ടൊറന്റോ : കാനഡയില്‍ സിറോമലബാര്‍ വിശ്വാസ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ച റ്റൊറോന്റ്റൊ  സെയിന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ഇടവകയിലെ  പന്ത്രണ്ടു വര്‍ഷക്കാലം നീണ്ട പരിശീലനീ  വിജയകരമായി പൂര്‍ത്തിയാക്കി ഗ്രാജുവേറ്റു ചെയ്ത ഇരുപത്തിയഞ്ച് വിദ്യാര്‍ത്ഥികളെ ആദരിക്കുവാന്‍ സംഘടിപ്പിച്ച ആകര്‍ഷകമായ ഗ്രാജുവേഷന്‍ സെറിമണി ശ്രദ്ധേയമായി. ഗൗണ്‍ ധരിച്ചു സുസ്‌മേരവദനരായി മാര്‍ തോമാ ഹാളിലേക്ക് മാര്‍ച്ചു ചെയ്ത യുവ വിദ്യാര്‍ത്ഥികളെ നീണ്ട കരഘോഷത്തോടെ വരവേറ്റ് പ്രത്യേകം തയാറാക്കിയ ഇരിപ്പടങ്ങളിലേക്കു ആനയിച്ചു. പ്രാര്‍ത്ഥനാ ഗാനത്തിന് ശേഷം  വിദ്യാര്‍ഥികളും അതിഥികളുമടങ്ങിയ സമൂഹം ദേശീയഗാനം ആലപിച്ചതോടെ  ചടങ്ങുകള്‍ക്ക് പ്രൗഢമായ  തുടക്കമായി.

ഗ്രാജുവേറ്റുചെയ്യുന്ന  വിദ്യാര്‍ത്ഥികളെയും അവരുടെ മാതാപിതാക്കളെയും വിശിഷ്ടാതിഥികളെയും പ്രിന്‍സിപ്പല്‍ ജോസ് വര്‍ഗീസ്  സ്വാഗതം  ചെയ്തു. വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിന് അവസാനവര്‍ഷം നേതൃത്വം  നല്‍കിയ സാജു മാത്യു , കാതറീന്‍  ജയ്‌സണ്‍ എന്നിവര്‍  ഗ്രാജുവേറ്റുകളെ സദസ്സിനു പരിചയപ്പെടുത്തിയപ്പോള്‍ പഠി താക്കളായ കുരുന്നുകള്‍ റോസാ പുഷ്പങ്ങള്‍ സമ്മാനിച്ചു .

വിജയികളായ  വിദ്യാര്‍ത്ഥികളെ  അഭിനന്ദിച്ചുകൊണ്ടു മുഖ്യ പ്രസംഗം നടത്തിയ ഇടവകയുടെ പുതിയ വികാരിയും സണ്‍ഡേ സ്‌കൂള്‍ ഡയറക്ടറുമായ റവ. ഫാ. ബൈജു ജോസ് ചാക്കേരി, മുന്നോട്ടുള്ള പ്രയാണത്തില്‍ ദൈവകരുണയിലുള്ള ആശ്രയത്വം പ്രതിസന്ധികളെ അതിജീവിക്കുവാനും ലക്ഷ്യപ്രാപ്തിക്കായി അനുസ്യൂതം പ്രവര്‍ത്തിക്കുവാനുമുള്ള ഊര്‍ജ്ജം നല്‍കും എന്നും ഓര്‍മ്മിപ്പിച്ചു. ഇടവകയില്‍ ലഭ്യമായ  എല്ലാവേദികളും, അവസരങ്ങളും  ഉപയോഗപ്പെടുത്തി യുവസമൂഹത്തിന്റെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കുവാനും പുതിയ തലമുറയ്ക്ക്  വിശ്വാസത്തില്‍ അധിഷ്ഠിതമായ  അനുഭവങ്ങള്‍ പകര്‍ന്നു നല്‍കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുവാനും വിജയികളെ  അദ്ദേഹം ക്ഷണിച്ചു.

ഇടവകയില്‍ നിന്ന് മുന്‍പ് പഠനം പൂര്‍ത്തിയാക്കിയശേഷം ഇപ്പോള്‍ ഏയ് ജാക്‌സ് ഹോളി ഫാമിലി ക്‌നാനായ മിഷനില്‍ വിശ്വാസ പരിശീലന ത്തിനു നേതൃത്വം നല്‍കുന്ന ആതിര എബ്രഹാം ആശംസകള്‍ നേരാനെത്തി.  നന്മകള്‍ കണ്ടെത്തി വിശ്വാസപൂര്‍ണമായ മനസ്സോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമ്പോള്‍ അനുഗ്രഹങ്ങള്‍ തുടര്‍ക്കഥയാകുന്നത് ദൈവത്തിന്റെ പ്രവര്‍ത്തന രീതിയാണെന്നു ആതിര  ഓര്‍മ്മിപ്പിച്ചു.

റിയ മേരി മാത്യു ഗ്രാജുവേറ്റ്‌സിനു റ്റോസ്റ്റ് നല്‍കി പ്രസംഗിച്ചു. തുടര്‍ന്ന് , ഈ ബാച്ചില്‍ നിന്നും മികച്ച വിജയം നേടിയ ചാര്‍ലി ജോണ്‍, അരുണ്‍ സിജി, തെരേസ് ജോഷി, സേറ ബ്ലെസ്സണ്‍ എന്നിവര്‍ക്കുള്ള പ്രശംസാ പത്രം  അധ്യാപകനായ ജോഷി ചിന്നതോപ്പിലും, കമ്മ്യൂണിറ്റി  സ്‌കോളര്‍ഷിപ് കള്‍ ട്രസ്റ്റി മാരായ  ജോണ്‍സണ്‍ ഇരിമ്പനും, എന്‍. യു . തോമസും , രക്ഷാകര്‍തൃ സമിതി അധ്യക്ഷന്‍ ജോഷി പഴുക്കത്തറയും, പാരിഷ് കമ്മിറ്റി ചെയര്‍ ജെയ്‌സണ്‍ ജോസെഫും  സമ്മാനിച്ചു.  

യൂണിവേഴ്‌സിറ്റി പഠന കലയളവില്‍ സമയം കണ്ടെത്തി തങ്ങളുടെ ഇളം തലമുറയെ  വിശ്വാസ വഴിയിലൂടെ നയിക്കുവാന്‍ മുന്‍കൈ എടുത്തു വിജയിപ്പിച്ച  പൂര്‍വ വിദ്യാര്‍ത്ഥികളായ കാതറീന്‍ ജെയ്‌സണ്‍ , എഐറീന്‍ ഇരിമ്പന്‍, വര്‍ഷ നിജി , ജിന്‍സി ജോസ് എന്നിവരുടെ സേവനത്തെ ഇടവക സമൂഹം മുക്തകണ്ഡം പ്രശംസിച്ചു . വൈസ് പ്രിന്‍സിപ്പല്‍  സിസ്റ്റര്‍ ജ്യോതി ആശംസകള്‍ നേരുകയും, പ്രശംസാ ഫലകങ്ങള്‍ സമ്മാനിക്കുകയും ചെയ്തു . അന്‍പത് മിനിറ്റില്‍ ചിട്ടപ്പെടുത്തിയ പ്രോഗ്രാം മനോഹരമായി അവതരിപ്പിച്ചത് യുവ വിദ്യാര്‍ത്ഥികളായ അമാന്‍ഡ മുതലക്കുഴിയിലും , ആതിര അരീക്കലും ചേര്‍ന്നാണ് .