ഷിക്കാഗോ ഗീതാമണ്ഡലത്തില്‍ ഓണാഘോഷം 


SEPTEMBER 18, 2019, 2:15 PM IST

ഷിക്കാഗോ:  ഷിക്കാഗോ മലയാളി സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു ഓണസമ്മാനം തന്നെയായിരുന്നു ഈ വര്‍ഷം ഗീതാമണ്ഡലം ഒരുക്കിയത്. കുട്ടികള്‍ക്കായി ഊഞ്ഞാലുകളും വീടിന്റെ തൊടിയില്‍ വിടര്‍ന്ന പൂക്കളാല്‍ തീര്‍ത്ത മെഗാപൂക്കളവുമെല്ലാം ഷിക്കാഗോ മലയാളി സമൂഹത്തിന് നഷ്ടപെട്ട കേരളത്തിന്റെ പൈതൃകത്തെ തിരിച്ചു പിടിക്കുന്നവയായിരുന്നു.

ഉത്രാടരാവില്‍, കൊച്ചുകുട്ടികള്‍ അടക്കം കുടുബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് ഭക്ഷണം പാകം ചെയ്തും, തിരുവോണാഘോഷങ്ങളുടെ അവസാനവട്ട ഒരുക്കങ്ങള്‍ക്കും നടത്തിയും അടുത്ത തലമുറക്ക് ഉത്രാടപാച്ചിലിന്റെ ആഘോഷരാവുകള്‍ അനുഭവയോഗ്യമാക്കി.തിരുവോണനാള്‍ രാവിലെ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ പ്രധാന പുരോഹിതന്‍ ബിജു കൃഷ്ണന്റെ നേതൃത്വത്തില്‍ മഹാഗണപതി പൂജയോടെ ആരംഭിച്ച തിരുവോണോത്സവം, ആര്‍പ്പുവിളികളോടെ തൃക്കാക്കര അപ്പനെ വരവേറ്റ് വിശേഷാല്‍ പൂജകളോടെ ഓണാഘോഷത്തിനു തുടക്കമിട്ടു. സ്പിരിച്വല്‍ ചെയര്‍ ആനന്ദ് പ്രഭാകറിന്റെ നേതൃത്വത്തില്‍ നാരായണീയ സത്‌സംഗം നടത്തി.

പിന്നീട് ക്ഷേത്ര മുറ്റത്ത് നടന്ന കൈകൊട്ടിക്കളിയും, ഓണ പാട്ടുകളും, പ്രായഭേദമന്യേ മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച വിവിധ കലാപ്രകടനങ്ങളും, ഓണക്കളികളും, ഊഞ്ഞാലാട്ടവുമെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഷിക്കാഗോ മലയാളി സമൂഹത്തിന്റെ  ഗതകാല സ്മരണകളിലേക്കുള്ള ഒരു തീര്‍ത്ഥയാത്ര തന്നെയായിരുന്നു. കലാ പരിപാടികള്‍ തയ്യാറാക്കിയത് ശ്രീമതി ദേവി ശങ്കര്‍, ഡോക്ടര്‍ നിഷാ ചന്ദ്രന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ്. 

 ഇന്നോളം അമേരിക്കയില്‍ ഒരുക്കിയിട്ടുള്ള ഓണ പൂക്കളങ്ങളില്‍ വെച്ച് ഏറ്റവും വലുതും, അതിമനോഹരവുമായ പൂക്കളമാണ് ഈ വര്‍ഷം ഗീതാമണ്ഡലം അങ്കണത്തില്‍ ഒരുക്കിയിരുന്നത്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ബൈജു എസ് മേനോന്‍, രശ്മി ബൈജു മേനോന്‍, ശ്രുതി വടവതി, ലിസി പ്രഭാകരന്‍ എന്നിവരാണ്. സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയും, ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശികല ടീച്ചറും മുഖ്യാതിഥികള്‍ ആയിരുന്നു. ഇതോടൊപ്പം ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ജഗദ്ഗുരു സത്യാനന്ദ സരസ്വതി തിരുവടികളുടെ എണ്‍പത്തിനാലാം ജയന്തി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു.

ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ മറ്റൊരു വലിയ ആകര്‍ഷണം സജി പിള്ളയുടെയും, ശിവപ്രസാദ് പിള്ളയുടെയും നേതൃത്വത്തില്‍ പതിനഞ്ചിലേറെ കറികളുമായി ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന ഒറിജിനല്‍  തൂശനിലയില്‍ ഒരുക്കിയ വിപുലമായ തിരുവോണ സദ്യ ആയിരുന്നു. ഓണസദ്യക്കുശേഷം, തറവാട്ട് മുറ്റത്ത്  കുട്ടികള്‍ ഓണക്കളികളില്‍ ഏര്‍പ്പെട്ടും, ഊഞ്ഞാലാടിയും 2019 ലെ ഓണം  ആസ്വദിച്ചു.

രജിസ്‌ട്രേഷന്‍ മേല്‍നോട്ടം രമാ നായരും അനിത പിള്ളയും വഹിച്ചു. ഗീതാ മണ്ഡലത്തിന്റെ നാല്പത്തിയൊന്നാം ഓണാഘോഷത്തിന് നാല്‍പത്തിയൊന്ന് വനിതകള്‍ പങ്കെടുത്ത മെഗാ തിരുവാതിരക്കു നേതൃത്വം നല്‍കിയത് ഇന്ദു ബിജു, ഉഷാ ഓമനക്കുട്ടന്‍, മണി ചന്ദ്രന്‍ എന്നിവരാണ്. തിരുവാതിരക്കാര്‍ക്കു വേണ്ട സെറ്റ് മുണ്ടും ബ്ലൗസ്‌കളും ഡിസൈന്‍ ചെയതതും ഇന്ത്യന്‍ നെയ്ത്തുശാലയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു വരുത്തിയതും രശ്മി ബൈജു മേനോന്‍ ആണ്.  ഗീതാമണ്ഡലം ഓണാഘോഷത്തില്‍ പങ്കെടുത്ത എല്ലാ കുടുബാംഗങ്ങള്‍ക്കും ഏഷ്യാനെറ്റിനും, ഗുരുജയന്തി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജയപ്രകാശിനും സെക്രട്ടറി   ബൈജു മേനോന്‍ നന്ദി പ്രകാശിപ്പിച്ചു.