കൊച്ചി: നൊബേല്‍ സമ്മാന ജേതാവായ ഭൗതിക ശാസ്ത്രജ്ഞന് സി വി രാമന് 1943-ല്‍ തുടക്കമിടുകയും അടുത്ത കാലം വരെ കെമിക്കല്‍സ് നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുകയുമായിരുന്ന കൊച്ചി ആസ്ഥാനമായ ടി സി എം കോവിഡ് പരിശോധനയ്ക്കാവശ്യമായ ആര് ടി- ക്യു പി സി ആര് കിറ്റുകളുടെ ഉത്പാദനമാരംഭിച്ചു. ഡല്‍ഹി ഐ ഐ ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഉല്‍പ്പാദിപ്പിക്കുന്ന ഈ കിറ്റുകള്‍ കോവി- ഡിറ്റെക്റ്റ് ബ്രാന്‍ഡില്‍ വിപണിയിലെത്തി. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ആദ്യത്തെ കോവിഡ് റിയല്‍ ടൈം പി സി ആര് അധിഷ്ഠിത കിറ്റാണിതെന്നും സംസ്ഥാനത്തിന്റെ കോവിഡ് പോരാട്ടത്തെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോകാന്‍ കോവി-ഡിറ്റെക്റ്റിനു കഴിയുമെന്നും ടി സി എം ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോസഫ് വര്‍ഗീസ് പറഞ്ഞു. കളമശ്ശേരി കിന്‍ഫ്ര ബയോടെക്നോളജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സോണിലെ യൂണിറ്റ് പ്രതിദിനം 10,000 ടെസ്റ്റുകള്‍ക്കുള്ള കിറ്റുകള്‍ നിര്‍മിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കകം ഇത് ദിവസം തോറും 50,000 ടെസ്റ്റുകള്‍ നടത്തുന്നതിനാവശ്യമായ 500 കിറ്റുകള്‍ എന്ന നിലയിലേയ്ക്ക് ഉയരും.
കോവിഡ് പരിശോധനയ്ക്കായി കേരളം ഇപ്പോള്‍ പൂര്‍ണമായും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കിറ്റുകളെയാണ് ആശ്രയിക്കുന്നത്. കേടുകൂടാതെ ഡ്രൈ ഐസില്‍ പാക്കു ചെയ്ത് അവ ഇവിടെ എത്താന്‍ ചുരുങ്ങിയത് 48-72 മണിക്കൂറെടുക്കും. ഇത് പലപ്പോഴും ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്. അതേസമയം കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കോവി-ഡിറ്റെക്റ്റ് സംസ്ഥാനത്തെവിടെയും 4-5 മണിക്കൂറില്‍ എത്തിക്കാം. കോവിഡ് ആര്‍ടി പി സി ആര് കിറ്റുകള്‍ മൈനസ് 20 ഡിഗ്രിയില്‍ താഴെ സൂക്ഷിക്കേണ്ടതുണ്ട്. ഇതിലെ മാറ്റങ്ങള്‍ ഗുണനിലവാരത്തെ ബാധിക്കും. പുതിയ ഉല്‍പ്പന്നം വന്നു തുടങ്ങിയതോടെ കേരളത്തിലെ ലാബുകള്‍ക്ക് വന്‍തോതില്‍ കിറ്റുകള്‍ വാങ്ങി സൂക്ഷിക്കേണ്ട ബാധ്യതയും ഉണ്ടാകില്ല. വിലയിലും മെച്ചമുണ്ടാകുമെന്ന് ജോസഫ് വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കേരളത്തില്‍ പ്രതിദിനം ശരാശരി നാല്‍പ്പതിനായിരം മുതല്‍ അരലക്ഷം ടെസ്റ്റുകളാണ് നടക്കുന്നത്. ദേശീയ ശരാശരി 10 ലക്ഷമാണ്. വിലയില്‍ കുറവു വരുന്നതോടെ ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്താനുമാവും.