കോഴിക്കോട് രൂപത ശതാബ്ദി വര്‍ഷത്തില്‍ 100 വീടുകള്‍ നിര്‍മിച്ചു നല്‍കും


JUNE 10, 2022, 11:11 PM IST

കോഴിക്കോട്: ശതാബ്ദി വര്‍ഷത്തില്‍ കോഴിക്കോട് രൂപത പാവപ്പെട്ടവര്‍ക്ക് ബത്ലഹേം ഹൗസ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി 100 വീടുകള്‍ നിര്‍മിച്ചു നല്‍കും.

12ന് നടക്കുന്ന ശതാബ്ദി ഉദ്ഘാടന വേദിയില്‍ വീട് നിര്‍മാണമടക്കമുള്ള വിവിധ കര്‍മ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നസറത്ത് മാര്യേജ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി 100 പേര്‍ക്ക് വിവാഹ ധനസഹായം നല്‍കും. സൈക്കോ സ്പിരിച്വല്‍ കൗണ്‍സലിംഗ് സെന്റര്‍ ആരംഭിക്കും. രൂപതയിലെ അംഗങ്ങള്‍ക്കായി ജീവന്‍ സുരക്ഷാ നിക്ഷേപ പദ്ധതി തുടങ്ങും. സഭാംഗങ്ങളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങളില്‍ പഠനം നടത്തുന്ന ഹോം മിഷന്‍ പദ്ധതി നടപ്പാക്കും. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബങ്ങള്‍ക്ക് തൊഴില്‍ അടക്കമുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കും. യൂത്ത് വെല്‍ഫെയര്‍ സെന്ററും കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലിംഗ് സെന്ററും ആരംഭിക്കും. കോഴിക്കോട് രൂപത ചരിത്ര പഠനം, വയനാട് പള്ളിക്കുന്നിലും മലപ്പുറം കുന്നുമ്മലും റിട്രീറ്റ് സെന്റര്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 12ന് വൈകിട്ട് അഞ്ചരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മൂന്നരയ്ക്ക് നടക്കുന്ന കൃതജ്ഞതാ സമൂഹ ദിവ്യബലിക്ക് വാരപ്പുഴ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വചന സന്ദേശം നല്‍കും.

വാര്‍ത്താ സമ്മേളനത്തില്‍ കോഴിക്കോട് രൂപത മെത്രാന്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍, മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടില്‍, ഫാ. സൈമണ്‍ പീറ്റര്‍, ഫാ. സാന്‍ജോസ് അനില്‍, സിസ്റ്റര്‍ പ്രീതി, ബി എസ് സനീഷ് എന്നിവര്‍ പങ്കെടുത്തു.