പന്ത്രണ്ടുകാരി മൈഥിലി പണിക്കരും അച്ഛന്‍ രഞ്ജിത് ശ്രീകുമാറും  ഇരട്ട തായമ്പക അവതരിപ്പിച്ച്  അരങ്ങേറ്റം കുറിച്ചു


JANUARY 2, 2022, 7:16 AM IST

ടോറോന്റോ : വലം കയ്യിലെ ചെണ്ടക്കോലും ഇടംകൈ വിരലുകളും തായമ്പകയുടെ താള പ്രപഞ്ചം തീര്‍ത്തപ്പോള്‍ പന്ത്രണ്ടു വയസ്സുകാരി മൈഥിലി പണിക്കരും അച്ഛന്‍ രഞ്ജിത് ശ്രീകുമാറും  ഇരട്ട തായമ്പക അവതരിപ്പിച്ച് വാദ്യകലയില്‍ അരങ്ങേറ്റം കുറിച്ചു.

2021 ഡിസംബര്‍ 26 നു  ബ്രാംപ്ടണ്‍ കാനഡയിലെ  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര സന്നിധിയില്‍ വെച്ചാണ് ഇരുവരും അരങ്ങേറ്റം കുറിച്ചത്. വാദ്യകലാ രംഗത്തു സജീവമായി പ്രവര്‍ത്തിക്കുന്ന കലാനിലയം കലാധരന്‍ മാരാരുടെ ശിക്ഷണത്തിലാണ് ഇരുവരും തായമ്പക പരിശീലനം നേടിയത്.

നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ ഇരട്ട തായമ്പക അരങ്ങേറ്റം ആയിരുന്നു ഇത്. ഡിസംബര്‍ 26 നു ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര മേല്‍ശാന്തി ശ്രീ ദിവാകരന്‍  നമ്പൂതിരി ദീപം കൊളുത്തി ഗുരു കലാനിലയം കലാധരനില്‍ നിന്നും ചെണ്ട ഏറ്റുവാങ്ങി മൈഥിലി പണിക്കരും അച്ഛന്‍ രഞ്ജിത് ശ്രീകുമാറും അരങ്ങേറ്റം കുറിച്ചു.

ഇരുവരും 2019 ല്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര സന്നിധിയില്‍ വച്ച് ശ്രീ ശ്രീനാഥ് നായരുടെ കീഴില്‍ ചെമ്പട അരങ്ങേറ്റം കുറിച്ചതാണ്.  കഴിഞ്ഞ ഒരു വര്‍ഷമായി തായമ്പക അരങ്ങേറ്റത്തിനു തയ്യാറെടുക്കുന്ന ഇരുവരും കോവിഡ് പരിമിതി മൂലം കൂടുതലായും ഓണ്‍ലൈന്‍ ആയിട്ടാണ് പരിശീലനം നടത്തിയത്. അരങ്ങേറ്റത്തിനു മാറ്റുകൂട്ടാന്‍ വട്ടം - രവിമേനോന്‍, രാജേഷ് ഉണ്ണിത്താന്‍, വലംതല - ദിനേശന്‍, പ്രദീപ്  നമ്പ്യാര്‍, വിനോദ്  വേലപ്പന്‍, ഇലത്താളം - കലാധരന്‍ മാരാര്‍, മുരളി കണ്ടന്‍ചാത്ത, അരവിന്ദ് നായര്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.