ഹൂസ്റ്റൺ എക്യൂമെനിക്കൽ കൺവെൻഷൻ


SEPTEMBER 7, 2019, 6:49 PM IST

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പതിനെട്ടു എപ്പിസ്കോപ്പൽ ഇടവകകളുടെ കൂട്ടായ്മയായ  ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ കൺവെൻഷൻ അനുഗ്രഹകരമായി നടത്തപ്പെട്ടു.ഓഗസ്റ്റ് 26,27 തീയതികളിലായി (തിങ്കൾ, ചൊവ്വ) സ്റ്റാഫോർഡിലുള്ള ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ചായിരുന്നു കൺവെൻഷൻ യോഗങ്ങൾ. സുപ്രസിദ്ധ  കൺവെൻഷൻ പ്രസംഗകനും വേദപണ്ഡിതനുമായ വെരി.റവ. പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പയാണ് ദൈവവചനപ്രഘോഷണത്തിനു നേതൃത്വം നൽകിയത്. നിരവധി വൈദികശ്രേഷ്ഠരും സന്നിഹിതരായിരുന്നു.സ്വതസിദ്ധമായ ശൈലിയിൽ ദൈവവചനത്തിന്റെ ആഴമേറിയ മർമ്മങ്ങൾ പ്രഘോഷിച്ചത്, കടന്നുവന്ന വിശ്വാസ സമൂഹത്തിനു ആത്മീയ പ്രചോദനം നൽകി. 2 കൊരിന്ത്യർ അഞ്ചാം അദ്ധ്യായം പതിനേഴാം വാക്യം "ഒരുവൻ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു " എന്ന വിഷയത്തെ ആധാരമാക്കിയായിരുന്നു അച്ചന്റെ ദൈവവചന പ്രഘോഷണം.     സബാൻ സാമിന്റെ നേതൃത്വത്തിൽ എക്യൂമെനിക്കൽ ഗായകസംഘം ഭക്തിനിർഭരമായ ഗാനങ്ങൾ ആലപിച്ചു.

സമാപന ദിവസമായ ചൊവ്വാഴ്ച  തിരുവചന പ്രഘോഷണത്തിന് ശേഷം എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ വകയായി നടത്തിയ ബൈബിൾ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ, ട്രിനിറ്റി മാർത്തോമാ, സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ടീമുകൾക്കുള്ള എവർ റോളിങ്ങ് ട്രോഫികൾ പൗലോസ് കോറെപ്പിസ്കോപ്പ സമ്മാനിച്ചു.   പി.ആർ.ഓ റവ.കെ.ബി കുരുവിള അറിയിച്ചതാണിത്‌.റിപ്പോർട്ട്: ജീമോൻ റാന്നി  

Other News