എക്യൂമെനിക്കല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ടീം ചാമ്പ്യന്മാര്‍


OCTOBER 8, 2021, 9:16 PM IST

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ഐ സി ഇ സി എച്ച്) ആഭിമുഖ്യത്തില്‍ നടന്ന ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശോജ്ജ്വലമായ സമാപനം.

സെപ്തംബര്‍ 19നു ഞായറാഴ്ച ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തോടു ചേര്‍ന്നുള്ള 'ട്രിനിറ്റി സെന്റര്‍' സ്‌പോര്‍ട്‌സ് ഫെസിലിറ്റിയില്‍ നടന്ന ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് 'എ' ടീം ജേതാക്കളായി എവര്‍റോളിംഗ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് 'എ' ടീം റണ്ണര്‍ അപ്പിനുളള എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി.

ആദിയോടന്തം ആവേശം നിറഞ്ഞു നിന്ന ബാസ്‌ക്കറ്റ് ബോള്‍ ഫൈനല്‍ മത്സരത്തില്‍ 54നെതിരെ 60 പോയിന്റുകള്‍ നേടിയാണ് ഇമ്മാനുവലിന്റെ യുവതാരങ്ങള്‍ സെന്റ് മേരീസിനെ പരാജയപ്പെടുത്തിയത്.

ചാമ്പ്യന്മാര്‍ക്കുള്ള ഇ വി ജോണ്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി റെജി കോട്ടയവും റണ്ണര്‍ അപ്പിനുള്ള എവര്‍റോളിംഗ് ട്രോഫി എലിഫ് ട്രാവെല്‍സും  സംഭാവന നല്കി.

സെപ്തംബര്‍ 18നു രാവിലെ 9 മണിക്ക് ആരംഭിച്ച ടൂര്‍ണമെന്റ് സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റവ.ഫാ. ജെക്കു സക്കറിയ പ്രാര്ഥനയോടു കൂടി ഉദ്ഘാടനം ചെയ്തു.  

ഇമ്മാനുവേല്‍ ടീമിലെ ബിന്‍സണ്‍ എംവിപി ട്രോഫി കരസ്ഥമാക്കി. 3 പോയിന്റ് ഷൂട്ട് ഔട്ടില്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ടീമിലെ  ജെബി കളത്തൂര്‍ (1 മിനിറ്റില്‍ 10 പോയിന്റ്) ചാമ്പ്യന്‍ ആയി.

ഹൂസ്റ്റണിലെ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് 10 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരച്ചത്. ഹൂസ്റ്റണിലെ കായികപ്രേമികളായ നൂറുകണക്കിന് ആളുകളുടെ   സാന്നിധ്യം കൊണ്ടു ധന്യമായിരുന്നു ട്രിനിറ്റി സെന്റര്‍.

2013 മുതല്‍ ഹൂസ്റ്റണില്‍ നടത്തി വരുന്ന എക്യൂമെനിക്കല്‍  ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ച സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റവ. ഫാ.ജെക്കു സഖറിയ, കോര്‍ഡിനേറ്റര്‍ റജി കോട്ടയം എന്നിവരെ ഐസിഇസിഎച്ച് ഭാരവാഹികള്‍ അഭിനന്ദിച്ചു. ഇവരോടൊപ്പം റവ.ഫാ. ഐസക് ബി.പ്രകാശ്, റവ.ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം, എബി മാത്യു, ബിജു ചാലയ്ക്കല്‍, നൈനാന്‍ വെട്ടിനാല്‍, ജോണ്‍സന്‍ ഉമ്മന്‍, സന്തോഷ്  തുണ്ടിയില്‍ എന്നവരടങ്ങിയ സ്‌പോര്‍ട്‌സ് കമ്മിറ്റിയാണ് ടൂര്‍ണമെന്റിനു ചുക്കാന്‍ പിടിച്ചത്.          

റവ. ഫാ.ജെക്കു സക്കറിയ, റവ. ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. റജി കോട്ടയം നന്ദി പ്രകാശിപ്പിച്ചു.

Other News