മൗണ്ട് ഒലിവ് (ന്യൂജേഴ്സി): മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ ആവേശകരമായ തുടക്കമായി.
മാര്‍ച്ച് 12 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ കിക്ക് ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു. ഫാ. ഷിബു ഡാനിയേല്‍ (വികാരി) കോണ്‍ഫറന്‍സ് ടീമിന് സ്വാഗതം പറഞ്ഞു. ഉമ്മന്‍ കാപ്പില്‍ (ഭദ്രാസന കൗണ്‍സില്‍ അംഗം), സൂസന്‍ ജോണ്‍ വര്‍ഗീസ് (സുവനീര്‍ ചീഫ് എഡിറ്റര്‍), റെനി ബിജു, റോണി വര്‍ഗീസ് (സുവനീര്‍ കമ്മിറ്റി അംഗങ്ങള്‍), ജോര്‍ജ്ജ് തുമ്പയില്‍ (മുന്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗം /കോണ്‍ഫറന്‍സ് സെക്രട്ടറി) എന്നിവരടങ്ങുന്ന ടീമിനെ ഷാജി (സഭാ മാനേജിംഗ് കമ്മിറ്റി അംഗം) പരിചയപ്പെടുത്തി.
ഫാ. ഷിബു ഡാനിയേല്‍ തന്റെ ആമുഖ പ്രസംഗത്തില്‍ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിലും കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്നതിലും കോണ്‍ഫറന്‍സിനുള്ള പങ്ക് എടുത്തുപറഞ്ഞു. ജോര്‍ജ് തുമ്പയില്‍ ഉള്‍പ്പടെയുള്ള ഇടവകാംഗങ്ങള്‍ മുന്‍ കോണ്‍ഫറന്‍സുകളുടെ വിജയകരമായ നടത്തിപ്പിന് സ്തുത്യര്‍ഹമായ നേതൃത്വം നല്‍കിയിട്ടുള്ളത് ഷാജി വറുഗീസ് അനുസ്മരിച്ചു. ഉമ്മന്‍ കാപ്പില്‍ തന്റെ ആമുഖ പ്രസംഗത്തില്‍ ഭദ്രാസനത്തിന്റെ വളര്‍ച്ചയുടെ പാതയില്‍ ഇടവക വികാരിയും ഇടവക അംഗങ്ങളും നല്‍കിയിട്ടുള്ള നേതൃത്വത്തിനും സംഭാവനകള്‍ക്കും കടപ്പാട് രേഖപ്പെടുത്തി.
സമ്മേളനത്തിന്റെ വേദി, നേതാക്കള്‍, പൊതു ക്രമീകരണങ്ങള്‍ എന്നിവയെക്കുറിച്ച് ഉമ്മന്‍ കാപ്പില്‍ സംസാരിച്ചു. രജിസ്‌ട്രേഷന്‍ നടപടികളും സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങളും റെനി ബിജു വിശദീകരിച്ചു. സമ്മേളനത്തിന്റെ അനുസ്മരണാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ച് സൂസന്‍ വര്‍ഗീസ് സംസാരിച്ചു. മുന്‍കാലങ്ങളില്‍ നിരവധി ഫാമിലി ആ്ന്റ് യൂത്ത് കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തതിന്റെ ഓര്‍മകളും നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരങ്ങളെക്കുറിച്ചും ജോര്‍ജ് തുമ്പയില്‍ അനുസ്മരിച്ചു. ആത്മീയ പോഷണത്തിനും കൂട്ടായ്മയ്ക്കുമായി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അദ്ദേഹം എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.
2023 ജൂലൈ 12 മുതല്‍ 15 വരെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററില്‍ കോണ്‍ഫറന്‍സ് നടക്കും. യൂറോപ്പ്/ ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന യൂത്ത് മിനിസ്റ്റര്‍ ഫാ. മാറ്റ് അലക്സാണ്ടര്‍ യുവജനങ്ങള്‍ക്കായുള്ള സെഷനുകള്‍ നയിക്കും. യോവേല്‍ 2:28-ല്‍ നിന്നുള്ള' എല്ലാ ജഡത്തിന്മേലും ഞാന്‍ എന്റെ ആത്മാവിനെ പകരും' എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താവിഷയം. ബൈബിള്‍, വിശ്വാസം, പ്രചോദനാത്മകമായ വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും അനുയോജ്യമായ പ്രത്യേക സംവേദനാത്മക സെഷനുകള്‍ ഉണ്ടായിരിക്കും
കോണ്‍ഫറന്‍സിനും ഭദ്രാസനത്തിന്റെ മറ്റു സംരംഭങ്ങള്‍ക്കും ഇടവകയുടെ തുടര്‍ പിന്തുണ ഫാ. ഷിബു ഡാനിയേല്‍ വാഗ്ദാനം ചെയ്തു. ഇടവകയെ പ്രതിനിധീകരിച്ച് റിനു ചെറിയാന്‍ (ട്രഷറര്‍), ഫിലിപ്പ് ജോസഫ് (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ സുവനീറിന്റെ സ്പോണ്‍സര്‍ഷിപ്പ് ചെക്ക് കൈമാറി. നിരവധി ഇടവക അംഗങ്ങള്‍ സുവനീറിന് പരസ്യങ്ങളും അഭിനന്ദനങ്ങളും നല്‍കിയും കോണ്‍ഫറന്‍സിനായി രജിസ്റ്റര്‍ ചെയ്തും പിന്തുണ വാഗ്ദാനം ചെയ്തു.
പിന്തുണ വാഗ്ദാനം ചെയ്തവരില്‍ റിനു ചെറിയാന്‍, ഫിലിപ്പ് ജോസഫ്, ഷാജി വറുഗീസ്, ജോര്‍ജ്ജ് തുമ്പയില്‍, തോമസുകുട്ടി ഡാനിയേല്‍, ഫിലിപ്പ്/അനിതാ തങ്കച്ചന്‍, ബനോ ജോഷ്വ, നിതിന്‍ എബ്രഹാം, പെരുമാള്‍/ലീലാമ്മ മാത്യു, സുനോജ് /അജിതാ തമ്പി, മനോജ് /അനുജ കുര്യാക്കോസ്, അജിത് മാത്തന്‍, റോഷിന്‍ ജോര്‍ജ്, ഉമ്മന്‍ കെ. ചാക്കോ, സുനില്‍ /സുമ പൂവനാല്‍, സന്തോഷ് തോമസ്, അനില്‍ എം. തോമസ്/ഡോ. മറിയം, മാത്യു മത്തായി എന്നിവര്‍ അടങ്ങും.
കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫാ. സണ്ണി ജോസഫ്, കോണ്‍ഫറന്‍സ് ഡയറക്ടര്‍ (ഫോണ്‍: 718.608.5583) ചെറിയാന്‍ പെരുമാള്‍, കോണ്‍ഫറന്‍സ് സെക്രട്ടറി (ഫോണ്‍: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.
-ഉമ്മന്‍ കാപ്പില്‍