സിനിമ നിര്‍മാണ രംഗത്തെ ദിവസ വേതന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കിയില്ല: ഫിലിം ചേംബര്‍


MAY 22, 2020, 2:43 PM IST

കൊച്ചി: കൊറോണ ദുരിതാശ്വസത്തില്‍ നിന്ന് സിനിമ വ്യവസായത്തിലെ ദിവസ വേതനക്കാരെ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന് നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം ചേംബര്‍. കോവിഡില്‍ മലയാള സിനിമാവ്യവസായം സ്തംഭിച്ചിട്ടും സര്‍ക്കാര്‍ ദിവസവേതന തൊഴിലാളികളെ സഹായിക്കുന്നില്ലെന്നാണ് ചേംബറിന്റെ ആരോപണം. കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന നിര്‍മാതാക്കളെ സഹായിക്കാന്‍ താരങ്ങളും രംഗത്തു വരണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെട്ടു.

മലയാളത്തിലെ ചില പ്രമുഖ താരങ്ങള്‍ ദിവസവേതനക്കാരെ സഹായിക്കാന്‍ രംഗത്തുവന്നിരുന്നു. പക്ഷേ അതുകൊണ്ടു മാത്രം ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്നാണ് ഫിലിം ചേംബറിന്റെ വിലയിരുത്തല്‍.

തീയേറ്ററുകള്‍ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് അന്‍പതു ദിവസത്തിലധികം പിന്നിടുന്നു. കടുത്ത പ്രതിസന്ധിയിലേക്കാണ് മലയാള സിനിമ പൊയ്ക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായൊരു സാമ്പത്തിക പാക്കേജ് കൊണ്ടു വരണമെന്നാണ് ചേംബറിന്റെ ആവശ്യം.

കാലാകാലങ്ങളായി നികുതി ഇനത്തില്‍ വിലയൊരു തുക സര്‍ക്കാരിലെത്തിക്കുന്നത് സിനിമാവ്യവസായമാണ്. അതുകൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ ദിവസവേതനക്കാരുടെ കാര്യത്തിലെങ്കിലും ഇടപെടണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെടുന്നു.

അടഞ്ഞുകിടക്കുന്ന തീയേറ്ററുകളുടെ ലൈസന്‍സ് പുതുക്കല്‍, വൈദ്യുതി ചാര്‍ജ് ഈടാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇളവ് നല്‍കണമെന്നും ചേംബര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചിരുന്നുവെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. കൂടാതെ ലോക്ഡൗണ്‍ സാഹചര്യത്തില്‍ സിനിമയിലെ നിര്‍മാതാക്കള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ താരങ്ങള്‍ സഹായവുമായി രംഗത്തു വരണമെന്നും ഫിലിം ചേംബര്‍ ആവശ്യമുന്നയിക്കുന്നു

Other News