ചലനശേഷി പോലും നഷ്‌ടമായി; അഞ്ച് വയസുകാരിയെ കാര്‍ന്നുതിന്ന് തലയിലെ പേന്‍ !


AUGUST 25, 2019, 3:36 AM IST

ഒഹായോ:അഞ്ചുവയസ്സുകാരിയെ ഒഹായോയിലെ ആശുപത്രിയില്‍പ്രവേശിപ്പിച്ചത് ഒന്ന് അനങ്ങാനോ ആഹാരം ഇറക്കാനോ പോലും കഴിയാത്ത അവസ്ഥയിലാണ്. ശരീരത്തിന്റെ ബാലന്‍സ് പോലും നഷ്‌ടമായി. പെട്ടെന്നാണ് മകള്‍ക്ക് സുഖമില്ലാതെ വന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.കുട്ടിക്ക് വെര്‍ട്ടിഗോ ആണെന്നായിരുന്നു ആദ്യം ഡോക്‌ടർമാരുടെ നിഗമനം.

എന്നാല്‍ കുട്ടിയെ ഐ സി യുവിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുന്‍പ് കുട്ടിയുടെ തലയില്‍ എന്തോ ഒന്ന് തടഞ്ഞതായി അവളുടെ അമ്മയ്ക്ക് തോന്നി. അതൊരു പേനായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കഴുത്തിന് പിന്നിലും മറ്റൊന്നിനെ കണ്ടെത്തി. അങ്ങനെയാണ് കുട്ടിക്ക് ടിക്ക് പാരാലിസിസ് ആണെന്ന് ഡോക്‌ടർമാര്‍ മനസിലാക്കിയത്. ആ സമയത്ത് കാരണം കണ്ടെത്തിയതിനാല്‍ കുട്ടിയുടെ ജീവന്‍ തിരികെ ലഭിച്ചു.

പെണ്‍പേനുകളുടെ തുപ്പല്‍ ഗ്രന്ഥിയില്‍ കാണപ്പെടുന്ന ന്യൂറോ ടോക്‌സിൻ എന്ന വസ്‌തുവാണ് ഈ ടിക്ക് പാരാലിസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്. പെണ്‍പേനുകളുടെ പല വിഭാഗങ്ങളില്‍ ഇത് കാണപ്പെടുന്നുണ്ട്. മനുഷ്യരക്തം കുടിക്കാന്‍ എത്തുന്ന പേനുകളുടെ ശരീരത്തില്‍ നിന്ന് ഈ വിഷം ശരീരത്തില്‍ എത്തും. ശരീരത്തിന്‍റെ നെര്‍വസ് സിസ്റ്റത്തെയാണ്‌ ഇത് ആദ്യം ബാധിക്കുന്നത്. പിന്നീട് മസില്‍ ഫങ്ഷന്‍ തകരാറിലാക്കുന്നു.

നടക്കാന്‍ ബുദ്ധിമുട്ട് , കാലിന്‍റെ ചലനശേഷി നഷ്‌ടപ്പെടൽ, പെട്ടെന്ന് മോട്ടോര്‍ സ്‌കില്‍സ് ഇല്ലാതാകൽ, ശരീരത്തിന്‍റെ മുഴുവന്‍ ചലനശേഷി പെട്ടെന്ന് കുറയൽ എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. പിന്നീട് ആഹാരം പോലും കഴിക്കാനാകാതെ വരുകയും ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ട് തോന്നുകയും ചെയ്യും.