ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച് ഫൊക്കാന


JULY 25, 2022, 8:52 AM IST

വാഷിംഗ്ടണ്‍ ഡി സി: ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മുവിനെ ഫൊക്കാന അധ്യക്ഷന്‍ ഡോ. ബാബു സ്റ്റീഫന്‍ അഭിനന്ദിച്ചു. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വവും കാത്തു സൂക്ഷിക്കാന്‍ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെയെന്നും ഡോ. ബാബു സ്റ്റീഫന്‍ ആശംസിച്ചു.

പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നും ആദ്യമായി ഒരു രാഷ്ട്രപതിയുണ്ടാവുന്നു എന്നത് ഭാരതത്തിന്റെ യശസ് ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വഴിയൊരുക്കുന്നതാണ്. ആദിവാസി വിഭാഗത്തില്‍ ജനിച്ച ദ്രൗപദി മുര്‍മു നിരവധി പോരാട്ടങ്ങളിലൂടെയാണ് ഭാരതത്തിന്റെ പ്രഥമ പൗരയായി മാറുന്നത്. മന്ത്രിയെന്ന നിലയിലും പിന്നീട് ഝാര്‍ഖണ്ഡ് സംസ്ഥാനത്തെ ഗവര്‍ണ്ണര്‍ എന്ന നിലയിലും ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതിനു ശേഷമാണ് ദ്രൗപതി മുര്‍മു ഭാരതത്തിന്റെ പരമോന്നത പദവിയായ രാഷ്ട്രപതിയായി മാറുന്നത്. ഭാരത്തിന്റെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട നിമിഷങ്ങളായാണ് ഈ നേട്ടം അറിയപ്പെടുക-ഡോ. ബാബു സ്റ്റീഫന്‍ ചൂണ്ടിക്കാട്ടി.

ഒഡീഷയില സന്താള്‍ ഗോത്ര വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ദ്രൗപദി മുര്‍മു ഉപര്‍ഭേദയിലെ അവരുടെ ഗ്രാമത്തില്‍ കോളേജ് വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ പെണ്‍കുട്ടിയാണ്. അവിടെ തുടങ്ങിയ വെല്ലുവിളികളില്‍ ഒന്നിലും പതറാതെ പോരാടിയാണ് ദ്രൗപദി മുര്‍മു റെയ്‌സിന കുന്നിലെ രാഷ്ട്രപതി ഭവനിലെത്തുന്നത്. ഭുവനേശ്വരിലെ രമാ ദേവി സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്‌സിലായിരുന്നു ബിരുദം. ആദ്യ ജോലി ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി. പിന്നീട് സ്‌കൂള്‍ അധ്യാപികയായും പ്രവര്‍ത്തിച്ചു. അധ്യാപികയായിരുന്ന കാലത്താണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. അവരിലെ പ്രതിഭയെ തിരിച്ചറിഞ്ഞ രാഷ്ട്രനേതാക്കന്മാര്‍ക്കും പ്രണാമം അര്‍പ്പിക്കുന്നതായി ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ദളിത് വിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതിയായ കെ.ആര്‍. നാരായണനെ ഇത്തരുണത്തില്‍ അനുസ്മരിച്ച ഡോ. ബാബു സ്റ്റീഫന്‍, കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച് പട്ടിണിയേയും പരിമിതികളെയും മറികടന്ന് ലോകോത്തര നിലവാരമുള്ള വിദ്യാസമ്പന്നരുടെ പട്ടികയില്‍ ഇടം നേടുകയും പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായി ലോകത്തിനു മുന്‍പില്‍ അഭിമാനം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത കെ.ആര്‍.നാരായണനു പിന്‍ഗാമിയായി എത്തിയ ഭാരതത്തിന്റെ ഇപ്പോഴത്തെ ആദ്യ പൗരയായ ദ്രൗപദി മുര്‍മുവും അദ്ദേഹത്തിന്റെ അതേ പാതയിലൂടെ സഞ്ചരിച്ച മഹദ് വനിതയാണെന്നും വ്യക്തമാക്കി. തന്റെ മുന്‍ഗാമികള്‍ ഉയര്‍ത്തിക്കാട്ടിയ പാരമ്പര്യം തുടരുവാന്‍ ദ്രൗപദി മുര്‍മുവിനും കഴിയട്ടെയെന്നും ഡോ. ബാബു സ്റ്റീഫന്‍ ആശംസിച്ചു.