ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ മാർ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓർമ്മപ്പെരുന്നാൾ


OCTOBER 3, 2019, 7:26 PM IST

    അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട, ഡാളസ് സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയൻ ക്രിസ്ത്യൻ കത്തീഡ്രലിൽ മാർ ഇഗ്നാത്തിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാളും 42-ാമത് വാർഷികാഗോഷങ്ങളും 2019 ഒക്ടോബർ 18, 19, 20 (വെള്ളി, ശനി, ഞായർ) എന്നീ തീയതികളിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപ്പൊലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തിൽ നടത്തപ്പെടുന്നു.    ഒക്ടോബർ 13 (ഞായർ) വി. കുർബ്ബാനാനന്തരം വികാരി റവ. ഫാ. യൽദൊ പൈലി, അസി. വികാരി റവ. ഫാ. ഡോ. രൻജൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ കൊടി ഉയർത്തുന്നതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. 18-ാം തീയതി (വെള്ളിയാഴ്ച) ഭക്തസംഘടനകളുടെ വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ നടത്തപ്പെടും. 19-ാം തീയതി (ശനി) വൈകിട്ട് 6.15 ന് ഇടവക മെത്രാപ്പൊലീത്താക്ക് സ്വീകരണവും തുടർന്ന് സന്ധ്യാപ്രാർത്ഥനയും അതിനു ശേഷം പ്രഗത്ഭ വാഗ്മിയും വചന പ്രഘോഷകനുമായ റവ. ഡീക്കൻ ബെന്നി ചിറയിൽ വചന പ്രഭാഷണവും നടത്തും.    പള്ളി ഗായകസംഘം ആലപിക്കുന്ന ഭക്തി സാന്ദ്രമായ ഗാനങ്ങൾ പെരുന്നാളിന് മാറ്റുകൂട്ടും.    20-ാം തീയതി (ഞായർ) അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപ്പൊലിത്തയുടെ പ്രധാന കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന അർപ്പിക്കും. ശനി, ഞായർ ദിവസങ്ങളിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമെന്തി, വിശ്വാസികൾ അണിനിരന്ന് നടത്തപ്പെടുന്ന ഭക്തി നിർഭരവും വർണ്ണശബളവുമായ റാസ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകും.    പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വികാരി റവ. ഫാ. യൽദൊ പൈലി, അസി. വികാരി റവ. ഫാ. ഡോ. രൻജൻ മാത്യു, വൈസ് പ്രസിഡന്റ് സോണി ജേക്കബ്, സെക്രട്ടറി ബാബു സി. മാത്യു, ട്രഷറർ ജോസഫ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പള്ളി മാനേജിംഗ് കമ്മിറ്റി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി വരുന്നു. ദീപ്തി സഖറിയ സിമി ജോർജ് (ഈവന്റ് കോർഡിനേറ്റേഴ്‌സ്) എന്നിവരുടെ നേതൃത്വത്തിൽ ഭക്തസംഘടനകളുടെ വാർഷികാഘോഷ പരിപാടികളുടെ ക്രമീകരണങ്ങളും നടന്നു വരുന്നു.    ഈ വർഷത്തെ പെരുന്നാൾ ഏറ്റു നടത്തുന്നത് സോണി ജേക്കബ്, പീറ്റർ സി വർഗീസ്, സാബു ഇത്താക്കൻ, സിബി മാത്യു, മാണി അബ്രഹാം എന്നിവരും കുടുംബാംഗങ്ങളുമാണ്.ജോർജ് കറുത്തേടത്ത് (പി.ആർ.ഒ)

Other News