ഐഡ ചുഴലിക്കാറ്റ്; പ്രളയത്തില്‍ മരണം 60 കവിഞ്ഞു


SEPTEMBER 5, 2021, 7:39 PM IST

ന്യൂയോര്‍ക്ക്: ലൂസിയാനയില്‍ വീശിയടിച്ച ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു. ന്യൂജേഴ്സിയില്‍ 27 പേര്‍ മരിച്ചതായി ഗവര്‍ണര്‍ അറിയിച്ചു. ന്യൂജെഴ്സി പസയിക്കില്‍ പ്രളയ ജലത്തില്‍ ഒഴുകിപ്പോയ സെറ്റണ്‍ ഹാള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി നിധി റാണ (18), മോണ്ട്ക്ലെയര്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥി ആയുഷ് റാണ (21) എന്നിവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഐഡ വെള്ളപ്പൊക്കത്തില്‍ മരിച്ച 13 ന്യൂയോര്‍ക്ക് നിവാസികളില്‍ 11 പേര്‍ ക്വീന്‍സിലെ ബേസ്‌മെന്റ് അപ്പാര്‍ട്ട്‌മെന്റുകളിലാണ് താമസിച്ചിരുന്നത്. മരിച്ചവരില്‍ ഒരു ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രമല്ല വടക്ക് കിഴക്കന്‍ അമേരിക്കയില്‍ ഒട്ടാകെ ഐഡ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. കനത്ത നാശം വിതച്ച് ഐഡ ആഞ്ഞടിച്ച സാഹചര്യത്തില്‍ ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ലൂസിയാനയില്‍ വൈദ്യുതി ബന്ധം നിലച്ചിതിനെത്തുടര്‍ന്നു പതിനായിരങ്ങളാണ് ദുരിതം അനുഭവിക്കുന്നത്  

അതേസമയം ഐഡ ചുഴലിക്കാറ്റ് ഏറ്റവും നാശനഷ്ടം ഉണ്ടാക്കിയ കാലാവസ്ഥ ദുരന്തമാകാന്‍ സാധ്യതയുണ്ടെന്നാണ് യുണൈറ്റഡ് നേഷന്‍സ് വ്യക്തമാക്കിയിരിക്കുന്നത്. 209 കിലോമീറ്റര്‍ വേഗതയിലാണ് ഐഡ വീശിയടിച്ചത്. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഞ്ഞടിച്ച കത്രിന ചുഴലിക്കാറ്റിന് സമാനമായ ചുഴലിക്കാറ്റാണ് ഐഡ എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത് ഐഡ ചുഴലിയില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന തിരക്കിലാണ് സംസ്ഥാനങ്ങള്‍

- പി പി ചെറിയാന്‍

Other News