ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം സെപ്റ്റംബര്‍ 14 ന് ഫിലഡല്‍ഫിയയില്‍


SEPTEMBER 10, 2019, 12:04 PM IST

ഫിലഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയ റീജിയണിലെ കേരള കത്തോലിക്കരുടെ സ്‌നേഹ കൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ സെപ്റ്റംബര്‍ 14 ശനിയാഴ്ച്ച ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനമായി ആഘോഷിക്കുന്നു.

ശനിയാഴ്ച്ച വൈകുന്നേരം നാലുമണി മുതല്‍ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ സീറോമലങ്കര സഭ വടക്കേ അമേരിക്ക കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ് ആണ് മുഖ്യാതിഥി. 

വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം, കൃതഞ്ജതാബലിയര്‍പ്പണം, ലഘുഭക്ഷണത്തോടെ സൗഹൃദം പുതുക്കല്‍ എന്നിവയ്ക്കുശേഷം ഈ വര്‍ഷത്തെ ഹൈലൈറ്റായ ബൈബിള്‍ ജപ്പടി മല്‍സരം നടത്തപ്പെടുന്നു. വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ സമഞ്ജസമായി സമന്വയിപ്പിച്ച് ടി. വി. മോഡലില്‍ അവതരിപ്പിക്കപ്പെടുന്ന മല്‍സരത്തില്‍ ഫിലാഡല്‍ഫിയായിലെ നാലു കത്തോലിക്കാപള്ളികളുടെ ടീമുകള്‍ മാറ്റുരയ്ക്കും.

ഏറ്റവും കൂടുതല്‍ പോയിന്റു നേടി ചാമ്പ്യന്മാരാകുന്ന ടീമിനും, റണ്ണര്‍ അപ്പ് ടീമിനും ഐ. എ. സി. എ. നല്കുന്ന എവര്‍ റോളിങ്ങ് ട്രോഫിയും, വ്യക്തിഗത ട്രോഫികളൂം ലഭിക്കും. ബൈബിള്‍ ജപ്പടി മല്‍സരത്തിനുശേഷം വിവിധ കലാപരിപാടികള്‍ നടക്കും. ഫിലാഡല്‍ഫിയയിലെ പ്രശസ്ത ഡാന്‍സ് സ്‌കൂളുകള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, തിരുവാതിര, മാര്‍ഗംകളി എന്നിവയെതുടര്‍ന്ന് സ്‌നേഹവിരുന്നോടെ ഈ വര്‍ഷത്തെ ഹെറിറ്റേജ് ദിനാഘോഷങ്ങള്‍ക്ക് തിരശീല വീഴും.   ചാര്‍ലി ചിറയത്ത് പ്രസിഡന്റ്, മെര്‍ലിന്‍ അഗസ്റ്റിന്‍ ജനറല്‍ സെക്രട്ടറി, അനീഷ് ജയിംസ് ട്രഷറര്‍, തോമസ്‌കുട്ടി സൈമണ്‍ വൈസ് പ്രസിഡന്റ്, തെരേസ സൈമണ്‍ യൂത്ത് വൈസ് പ്രസിഡന്റ്, ടിനു ചാരാത്ത് ജോയിന്റ് സെക്രട്ടറി, ജോസഫ് സക്കറിയാ ജോയിന്റ് ട്രഷറര്‍ എന്നിവരുടെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, ഡയറക്ടര്‍ ബോര്‍ഡും ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ ചെയ്യുന്നു.  ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും, സെന്റ് ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ വൈസ് ചെയര്‍മാനും, സെന്റ് ജൂഡ് സീറോ മലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ എന്നിവര്‍ ഡയറക്ടര്‍മാരുമായി കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.ജോസ് മാളേയ്ക്കല്‍