ഇന്ത്യന്‍ എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ ഇന്നൊവേഷന്‍ ഹബ് ഉദ്ഘാടനം ചെയ്തു


JANUARY 1, 2022, 11:09 PM IST

ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനിയേഴ്‌സിന്റെ അംബ്രല്ലാ സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ അമേരിക്കയിലെ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി, നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി. ഇന്ത്യാ ഗവണ്‍മെന്റ് എന്നിവയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഇന്നൊവേഷന്‍ ഹബ് യു എസ് കോണ്‍ഗ്രസ്മാന്‍ ഡോ. ബില്‍ ഫോസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. 

ബോളിംഗ്ബ്രൂക്കിലുള്ള ഗോള്‍ഫ് കോഴ്‌സില്‍ ക്രിസ്മസ് പുതുവത്സര ആഘോഷവും ഇതോടൊപ്പം സംഘടിപ്പിച്ചു. നോര്‍ത്തേണ്‍ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി എന്‍ജിനിയറിംഗ് ഡീനും പ്രൊബിസ് കമ്പനിയുടെ പ്രസിഡന്റുമായ ഡോ. പ്രമോദ് വോഹറ എന്‍ജിനിയറിംഗ് സംഘടന വിവിധ യൂണിവേഴ്‌സിറ്റികളുടെ സഹകരണത്തോടെ നടത്തുന്ന സാങ്കേതിക വികസന സംരംഭത്തെ അഭിനന്ദിക്കുകയും അത് ഭാവിയില്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായി തീരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഐ ഐ ടി ഗ്രാജ്വേറ്റ്‌സിന്റെ മാതൃസംഘടനയായ പാന്‍ ഐ ഐ ടിയും ഈ സംരംഭത്തില്‍ പങ്കുചേരുന്നുവെന്ന് മിഡ്‌വെസ്റ്റ് പ്രസിഡന്റ് രാജ് മേഹറ സമ്മേളനത്തില്‍ പറഞ്ഞു. 

യു എസ് കോണ്‍ഗ്രസില്‍ സയന്‍സ്, സ്‌പേസ്, ടെക്‌നോളജി സബ്കമ്മിറ്റിയുടെ ചെയര്‍മാനായ കോണ്‍ഗ്രസ്മാന്‍ ഡോ. ബില്‍ ഫോസ്റ്റര്‍ തന്നാലാവുന്ന സഹായങ്ങള്‍ ഈ സംരംഭത്തിന് നേരുകയുണ്ടായി. ഡോ. ബില്‍ ഫോസ്റ്റര്‍ ഫെര്‍മിലാബിലെ പ്രമുഖ ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ബോര്‍ഡ് അംഗമായിരുന്ന മാധൂര സെയിന്‍, പ്രവീണ്‍ ജലിഗവ, രഞ്ജിത് ഗോപാല്‍ എന്നിവരുടെ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. പ്രസിഡന്റ് ഗ്രാഡ്‌സണ്‍ വര്‍ഗ്ഗീസ് സംഘടനയുടെ ഭാവി പരിപാടികള്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് നിതിന്‍ മഹേശ്വരി നന്ദിയും പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു.