ഇര്‍വിംഗ് സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ മൂന്ന് നോമ്പാചരണവും കണ്‍വെന്‍ഷനും ഞായറാഴ്ച്ച തുടക്കം


JANUARY 27, 2023, 6:17 PM IST

ഡാലസ്: ഇര്‍വിംഗ് സെന്റ്. ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ജനുവരി 29 ഞായറാഴ്ച മുതല്‍ ഫെബ്രുവരി 1 ബുധനാഴ്ച വരെ മൂന്ന് നോമ്പാചരണവും കണ്‍വെന്‍ഷനും നടത്തും. കാനഡയിലെ  ഒട്ടാവ സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ.ഫാ. സാം തങ്കച്ചന്‍ എല്ലാ ദിവസവും മുഖ്യപ്രഭാഷണം നടത്തും.

ജനുവരി 29 ഞായറാഴ്ച വൈകിട്ട് ആറു മണിക്കും ജനുവരി 30, 31 ദിവസങ്ങളില്‍ വൈകിട്ട് 6.30നും സന്ധ്യാ നമസ്‌കാരത്തോടുകൂടി ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ ഗായക സംഘത്തിന്റെ ഗാനശുശ്രുഷയും ഡാലസിലെ  ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളിലെ വികാരിമാരുടെ നേതൃത്വത്തില്‍ സമര്‍പ്പണ പ്രാര്‍ഥനയും ഉണ്ടായിരിക്കും. 

സമാപന ദിവസമായ ബുധനാഴ്ച വൈകിട്ട് നടത്തുന്ന വിശുദ്ധ കുര്‍ബാന ശുശ്രുഷകള്‍ക്ക് റവ. ഫാ. സാം തങ്കച്ചന്‍, ഇടവക വികാരി റവ. ഫാ. ജോഷ്വാ ജോര്‍ജ് എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ആശീര്‍വാദത്തോടും നേര്‍ച്ച വിളമ്പോടും കൂടെ വിശുദ്ധ നോമ്പ് ആചരണം സമാപിക്കും. എല്ലാ ദിവസവും 12:30ന് ഉച്ച നമസ്‌കാരം ഓണ്‍ലൈന്‍ ആയി നടത്തപ്പെടും.  

നോമ്പാചരണ ശുശ്രുഷയിലും കണ്‍വെന്‍ഷനിലും എല്ലാ  വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി വികാരി റവ. ഫാ. ജോഷ്വാ ജോര്‍ജ്, ട്രസ്റ്റി ഷാജി വെട്ടിക്കാട്ടില്‍, സെക്രട്ടറി തോമസ് വടക്കേടം, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ലിന്‍ഡ സൈമണ്‍ മാത്യു എന്നിവര്‍ അറിയിച്ചു.

- ഷാജീ രാമപുരം

Other News