കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ ഉടനില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍


JULY 31, 2020, 10:51 PM IST

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പുകള്‍ പരിശോധിച്ചശേഷം ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് ചര്‍ച്ചയില്‍ തീരുമാനമായത്. ആഗസ്റ്റ് ഒന്നുമുതല്‍ സര്‍വീസുകള്‍ തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.  

സംസ്ഥാനത്ത് പല ജില്ല ആസ്ഥാനങ്ങളും കണ്ടെയ്ന്‍മെന്റ് സോണ്‍ ആണ്. നിലവില്‍ 498 ഹോട്ട് സ്പോട്ടുകളാണ് നിലവിലുള്ളത്. നിരവധി ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നല്‍കിയ മുന്നറിയിപ്പ് കൂടി പരിഗണിച്ചാണ് മുന്‍തീരുമാനത്തില്‍ നിന്നും പിന്മാറിയതെന്നും മന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുന്നത് ഗുണകരമാകില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. രോഗികളുടെ എണ്ണം കൂടിയാല്‍ ജില്ലകള്‍ക്കുള്ളിലുള്ള സര്‍വീസുകളും നിര്‍ത്തേണ്ട സാഹചര്യമുണ്ടാകുമെന്ന സൂചനയും മന്ത്രി നല്‍കി. ആളുകള്‍ വീടുകളില്‍ തുടരേണ്ട സാഹചര്യം മനസിലാക്കണം. സമ്പര്‍ക്ക രോഗികളുടെ എണ്ണവും ഹോട്ട് സ്പോട്ടുകളുടെ എണ്ണവും സര്‍വീസ് ആരംഭിക്കുന്നതിന് വെല്ലുവിളിയാകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Other News