കൊല്ലത്തുകാരിയുടെ ബോട്ട് കാനഡയിലേക്കുള്ള മനുഷ്യക്കടത്തിനിടെ മാലിദ്വീപില്‍ പിടിയില്‍


OCTOBER 10, 2021, 12:07 AM IST

മാലി: ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികളെ കാനഡയിലേക്ക് മനുഷ്യക്കടത്ത് നടത്തുകയായിരുന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ള ബോട്ട് അമേരിക്കന്‍ നാവിക സേനയുടെ പിടിയിലായി. മാലി ദ്വീപിനും മൗറീഷ്യസിനും ഇടയിലുള്ള ഡിയാഗോ ഗാര്‍സിയ ദ്വീപിലാണ് ബോട്ട് അമേരിക്കന്‍ നാവികസേനയുടെ പിടിയിലായത്. ബോട്ടില്‍ 59 ശ്രീലങ്കന്‍ തമിഴ് സ്വദേശികളാണുണ്ടായിരുന്നത്. 

കൊല്ലം കുളത്തൂപ്പുഴ സ്വദേശി ഈശ്വരിയുടെ പേരിലുള്ളതാണ് ബോട്ട്. ആറു മാസം മുമ്പാണ് ബോട്ട് വാങ്ങിയത്. 

ബോട്ടിലുള്ള ആര്‍ക്കും യാത്രാ രേഖകള്‍ ഉണ്ടായിരുന്നില്ല.  തുടര്‍ന്നാണ് അമേരിക്കന്‍ നാവികസേന ഇവരെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിലാണ് കൊല്ലത്തെ നീണ്ടകര ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ബോട്ടാണെന്ന് തിരിച്ചറിഞ്ഞത്. 

തമിഴ്നാട്ടിലെ അഭയാര്‍ഥി ക്യാംപില്‍ നിന്നും ഒളിച്ചോടിയവരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. മധുരയിലെയും തിരുച്ചിറപ്പള്ളിയിലേയും അഭയാര്‍ഥി ക്യാംപുകളില്‍ നിന്നും കാണാതായ 59 പേരാണ് ബോട്ടിലണ്ടായിരുന്നതെന്ന് തമിഴ്നാട് ക്യൂബ്രാഞ്ച് സ്ഥിരീകരിച്ചു.

ദക്ഷിണാഫ്രിക്ക വഴി കാനഡയിലേക്കുള്ള മനുഷ്യക്കടത്താണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടും ആളുകളെയും മാലിദ്വീപ് നാവികസേനയ്ക്ക് കൈമാറി. ഇതേ തുടര്‍ന്ന് മാലിദ്വീപില്‍ നിന്നാണ് ഇന്ത്യയ്ക്ക് വിവരം ലഭിച്ചത്. 

ആറു മാസം മുമ്പ് നീണ്ടകര സ്വദേശി ഷെരീഫില്‍ നിന്നാണ് കൊല്ലം സ്വദേശി ഈശ്വരി ബോട്ട് വാങ്ങിയത്. രാമേശ്വരത്തെ ബന്ധുവിനാണെന്ന പേരിലായിരുന്നത്രെ ഷെരീഫില്‍ നിന്നും ഈശ്വരി ബോട്ട് വാങ്ങിയത്. ബോട്ടുകള്‍ കേരളത്തിന് പുറത്തേക്ക് വില്‍ക്കാന്‍ നിയമ തടസ്സമുള്ളതിനാല്‍ ഈശ്വരിയെ ഇടനിലക്കാരിയാക്കി വില്‍പ്പന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. കേന്ദ്ര ഏജന്‍സികളും തമിഴ്നാട് ക്യൂബ്രാഞ്ചും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Other News