കാലിഫോർണിയ (MACC) യുടെ ഓണാഘോഷം 


OCTOBER 5, 2019, 11:03 AM IST

മാന്റിക്ക: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽവാലി - കാലിഫോർണിയ (MACC) യുടെ ഓണാഘോഷത്തോടെ അമേരിക്കയിലെങ്ങും നടന്നുവന്ന ഓണാഘോഷങ്ങൾക്ക് കൊടിയിറങ്ങി.  കഴിഞ്ഞ പതിനഞ്ച് വർഷത്തിനുള്ളിലാണ് വിരലിൽ എണ്ണാവുന്ന കുടുംബങ്ങളിൽ നിന്ന് നൂറിലധികം കുടുംബങ്ങളിലേക്ക് വളർന്നത്. ഈ പ്രദേശത്തു താമസിക്കുന്ന എല്ലാ മലയാളികളും  MACC(മാക്)ലെ  അംഗങ്ങളുമാണ്. മലയാളിയുടെ തനതായ സംസ്കാരവും പാരമ്പര്യവും നഷ്ടപ്പെട്ടുത്താതെയാണ് പുതിയ തലമുറയെ ഇവിടുത്തെ കുടുംബങ്ങൾ വളർത്തുന്നത്.

ഈ വർഷത്തെ ഓണാഘോഷം കെങ്കേമമായി ആഘോഷിച്ചു. മാന്റിക്കാ സീനിയർ സെന്ററിൽ വെച്ച് വിഭവ സമൃദ്ധമായ ഓണസദ്യയോട് കൂടെയാണ് ഓണാഘോഷം തുടങ്ങിയത്. കസവണിഞ്ഞ ബാലികമാരുടേം മങ്കമാരുടേം ചെണ്ടമേളത്തിൻറേം അകമ്പടിയോടും കൂടെ മാവേലിത്തമ്പുരാൻ എഴുന്നള്ളിയതോടു കൂടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. അസോസിയേഷൻ പ്രസിഡന്റ് അനിൽ മാത്യൂന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിനോദ് നാരായണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മതപരമായ അതിർ വരമ്പുകൾക്കു അപ്പുറമായി സാംസ്കാരികമായും സാമൂഹികമായും ഓണാഘോഷം നടത്തേണ്ടുന്നതിന്റെ ആവശ്യകതയെകുറിച്ച് വിനോദ് സംസാരിച്ചു!   നയന മനോഹരമായ നൃത്ത പരിപാടികളും ശ്രവ്യ സുന്ദരമായ ഗാനാലാപനങ്ങളും ആളുകളെ കുടുകുടാചിരിപ്പിച്ച സ്കിറ്റുകൾ കൊണ്ടും സമൃദ്ധമായിരുന്നു ആഘോഷ സായാഹ്നം. . സെക്രട്ടറി മനു പെരിങ്ങേലിൽ കൃതജ്ഞത അർപ്പിച്ചു. കമ്മിറ്റി അംഗങ്ങളുടേം ഭാരവാഹികളുടേം ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആഘോഷത്തിന് മിഴിവേകി. അസോസിയേഷൻ  പി ആർ ഓ അവിനാഷ് തലവൂറാണ് വിവരങ്ങൾ അയച്ചു തന്നത്.

Other News