മലങ്കര കത്തോലിക്ക സഭക്ക് കാനഡയില്‍ നിന്നും പ്രഥമ വൈദികന്‍


NOVEMBER 8, 2019, 2:45 PM IST

ടൊറന്റോ:സെന്റ്.  മേരീസ്  കത്തോലിക്ക ഇടവകാംഗമായ ജോബിന്‍ തോമസ് ശെമ്മാശന്‍ നവംബര്‍  16 ന് പൗരോഹിത്യ ശുശ്രുഷയിലേക്ക് പ്രവേശിക്കുന്നു. മിസ്സിസ്സാഗയിലെ  5650  മേവിസ് റോഡിലുള്ള സെന്റ് . ഫ്രാന്‍സിസ് സേവിയര്‍ കത്തോലിക്ക ദേവാലയത്തില്‍ വച്ചായിരിക്കും പൗരോഹിത്യ സ്വീകരണ ശുശ്രൂഷകള്‍  നടത്തപ്പെടുന്നത്. 

ശനിയാഴ്ച  രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കൂദാശ ചടങ്ങില്‍, മലങ്കര കത്തോലിക്ക സഭയുടെ നോര്‍ത്ത് അമേരിക്കന്‍ രൂപത അദ്ധ്യക്ഷന്‍ മോസ്റ്റ് . റവ. ഡോ . ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തയില്‍ നിന്നുമായിരിക്കും ശെമ്മാശന്‍ വൈദീക പട്ടം സ്വീകരിക്കുന്നത്. മലങ്കര കത്തോലിക്ക സഭയുടെ പാറശ്ശാല  രൂപത മെത്ത്രാപ്പോലീത്തയായ മോസ്റ്റ് . റവ. തോമസ് മാര്‍ യൗസേബിയോസ് പിതാവിന്റെയും ഗുര്‍ഗോണ്‍ (വടക്കേ ഇന്ത്യ) രൂപത മെത്ത്രാപ്പോലീത്തയായ മോസ്റ്റ്.റവ. ജേക്കബ് മാര്‍ ബര്‍ണ്ണബാസ് പിതാവിന്റെയും സ്രേഷ്ട സാനിദ്ധ്യം കൊണ്ട് അനുഗ്രഹപ്രദമായിരിക്കും പൗരോഹിത്യ സ്വീകരണ  ശുശ്രൂഷകള്‍. നോര്‍ത്ത് അമേരിക്കയില്‍ അങ്ങോളമിങ്ങോളമുള്ള ഒട്ടേറെ വൈദീകരും സന്യാസി സന്യാസിനികളും ശുശ്രൂഷയില്‍ പങ്കുചേരുന്നതാണ്. 

 വെണ്ണിക്കുളത്തിനടുത്തുള്ള കാഞ്ഞിരപ്പാറ സെന്റ്. തോമസ് മലങ്കര കത്തോലിക്ക ഇടവകയില്‍ നിന്നും ക്യാനഡയില്‍ ടോറോണ്ടോ ഇടവകാംഗമായി മാറിയ ചമതക്കല്‍ ജോര്‍ജ് തോമസിന്റെയും സൂസമ്മയുടെയും മൂത്ത മകനായി ജനിച്ച ജോബിന്‍ തോമസ് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദം നേടി. എങ്കിലും തന്റെ ദൈവവിളി തിരിച്ചറിയാന്‍ പ്രാര്‍ത്ഥനയിലൂടെ നിരന്തരം  ശ്രമിച്ചുകൊണ്ടിരുന്നു. ക്യാനഡയിലും അമേരിക്കയിലുമായി വൈദീക പഠനം പൂര്‍ത്തിയാക്കിയ ജോബിന്‍, 2019, ഫെബ്രുവരി 24  ന്  ശെമ്മാശപ്പട്ടം സ്വീകരിച്ചു. ഇപ്പോള്‍ പൗരോഹിത്യ സ്വീകരണത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന ശെമ്മാശന്‍, അമേരിക്കയിലും ക്യാനഡയിലുമുള്ള മലങ്കര കത്തോലിക്കസഭക്കു , വിശിഷ്യാ ,ടോറോണ്ടോയിലെ മലങ്കര കത്തോലിക്ക സമൂഹത്തിനു വലിയ പ്രചോദനവും അനുഗ്രഹപ്രദവും ആയിരിക്കും. കാനഡയിലെ മലയാളി ക്രിസ്ത്യന്‍ സമൂഹത്തിലെ ആദ്യത്തെ പൗരോഹിത്ത്യ സ്വീകരണ കൂദാശക്കായിരിക്കും  നവംബര്‍ 16 )0  തീയതി സെന്റ് . ഫ്രാന്‍സിസ് സേവിയര്‍ ചര്‍ച്ച് സാക്ഷ്യം വഹിക്കുക.

തുടര്‍ന്ന്  നവംബര്‍ 17 ന് വൈകിട്ട്,  3 മണിക്ക്  നോര്‍ത്ത് യോര്‍ക്കിലെ ,100 റീജന്റ് റോഡിലുള്ള   സെന്റ് . നോബര്‍ട്ട് ചര്‍ച്ചില്‍ വച്ച് തന്റെ  പ്രഥമ  ദിവ്യബലി ജോബിന്‍ അച്ഛന്‍ അര്‍പ്പിക്കുന്നതായിരിക്കും. ഈ അനുഗ്രഹപ്രദമായ ശുശ്രൂകളിലേക്ക്  എല്ലാ മലയാളി സമൂഹത്തെയും സാദരം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റൈറ്റ് . റവ. മോണ്‍സിഞ്ഞോര്‍ . ഡോ . ജിജി ഫിലിപ്പും അസ്സോസിയേറ്റ്  വികാരി റവ. ഫാ. ഏബ്രഹാം ലൂക്കോസും  അറിയിച്ചു.

                                                                                                                                                                                ബിന്‍സി ബിനോയ്

Other News