അമേരിക്കയില്‍ മലയാളി സംരംഭകന്‍ പത്തുവര്‍ഷം മുമ്പ് ആരംഭിച്ച സുപ്പര്‍ മാര്‍ക്കറ്റ് പത്താണ്ട് പിന്നിടുമ്പോള്‍ സൂപ്പര്‍ ഹിറ്റ്


SEPTEMBER 18, 2022, 10:11 AM IST

ഫിലാഡല്‍ഫിയ: ചെറിയ നിലയില്‍ തുടങ്ങിയ കശ്മീര്‍ ഗാര്‍ഡന്‍ സൂപ്പര്‍മാര്‍ക്കറ്റ് വിജയകരമായ പത്താം വാര്‍ഷികാഘോഷത്തിന്റെ നിറവിലാണ്. കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിയും അമേരിക്കയിലെ പ്രവാസിയുമായ ഉണ്ണി എന്ന സുദര്‍ശനന്‍  പ്രവാസ ഭൂമിയില്‍ പത്തു വര്‍ഷം മുമ്പ് ആരംഭിച്ച കശ്മീര്‍ ഗാര്‍ഡനാണ് ഇന്ന് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന വലിയ സൂപ്പര്‍ മാര്‍ക്കറ്റായി മാറിയത്.

പിതാവ് ഭാസ്‌കരന്‍ കുഞ്ഞിയുമായി ആത്മ ബന്ധമുണ്ടായിരുന്ന കോതമംഗലത്തെ വര്‍ഗീസ് പൂവന്‍ എന്ന വ്യവസായിയുടെ അമേരിക്കയിലുള്ള മകന്‍ വിന്‍സന്റ് ഇമ്മാനുവലും അദ്ദേഹത്തിന്റെ ഭാര്യ ബ്രിജിറ്റുമാണ് തന്നെ അമേരിക്കന്‍ മണ്ണിലെത്തിച്ചതെന്ന് ഉണ്ണി പറയുന്നു. അമേരിക്കയിലെ ഫിലഡാല്‍ഫിയയില്‍ വന്നതിന് ശേഷം പല സ്ഥാപനങ്ങളിലായി പല വിവിധ ജോലികള്‍ ചെയ്തതിനൊടുവിലാണ് സ്വന്തമായ ബിസിനസ് സംരംഭം തുടങ്ങിയത്. ഏറ്റവുമൊടുവില്‍ ജോലി ചെയ്തിരുന്ന കെ ജി ഗ്രോസറി എന്ന കട അതിന്റെ ഉടമയായ പോള്‍ വില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ധൈര്യപൂര്‍വ്വം ഏറ്റെടുത്താണ് കശ്മീര്‍ ഗാര്‍ഡന്‍ സൂപ്പര്‍മാര്‍ക്കറ്റ് ആക്കി മാറ്റിയത്.

തന്റെ വഴികാട്ടിയായ വര്‍ഗീസ് പൂവന്‍ അവസാനമായി ചികിത്സ തേടിയ കോതമംഗലം ധര്‍മഗിരി ആശുപത്രിക്കു വേണ്ടി 20 ലക്ഷം രൂപയുടെ ഡയാലിസിസ് മെഷീന്‍ വാങ്ങി നല്‍കിയത് തന്റെയും കുടുംബത്തിന്റെയും രക്ഷകരായി മാറിയ വര്‍ഗീസ് പൂവനോടും മക്കളോടുമുള്ള കടപ്പാട് കൊണ്ടാണെന്ന് ഉണ്ണി പറയുന്നു. ബിസിനസിനെക്കാള്‍ മാനുഷിക ബന്ധങ്ങള്‍ക്ക് മൂല്യം കല്പിക്കുന്നതുകൊണ്ടാണ് അമിതലാഭം ഈടാക്കാത്ത തന്റെ സംരംഭത്തിന് അമേരിക്കന്‍ മലയാളി സമൂഹം അകമഴിഞ്ഞ പിന്തുണ നല്‍കിയതെന്ന് അദ്ദേഹം പറയുന്നു.

Other News