സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മ കോണ്‍ഫ്രറന്‍സ് വെള്ളിയാഴ്ച ഡാളസില്‍ തുടങ്ങും


MARCH 16, 2023, 10:11 AM IST

ഡാളസ്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമ്മാ വോളന്‍ന്ററി ഇവാന്‍ഞ്ചലിസ്റ്റിക് അസോസിയേഷന്‍ (ഇടവക മിഷന്‍), സേവികാസംഘം, സീനിയര്‍ ഫെലോഷിപ്പ് എന്നീ സംഘടനകളുടെ 10-ാമത് സംയുക്ത കോണ്‍ഫ്രറന്‍സ് വെള്ളിയാഴ്ച ഡാളസ്  കരോള്‍ട്ടന്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ (1400 W. Frank-ford Rd, Carrollton, Tx 75007) തുടക്കം കുറിക്കും.

റവ. ഏബ്രഹാം തോമസ് (ഡാളസ്), റവ. സാം കെ. ഈശോ (ഹ്യുസ്റ്റണ്‍ ) എന്നിവരാണ് കോണ്‍ഫ്രറന്‍സിന്റെ മുഖ്യ നേതാക്കള്‍. കോണ്‍ഫ്രറന്‍സ് പ്രസിഡന്റായി റവ. തോമസ് മാത്യു പി, ജനറല്‍ കണ്‍വീനര്‍ ആയി സജി ജോര്‍ജ്  എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ദൈവ വചനം വെളിപ്പെടുത്തുക - ദൈവ സ്‌നേഹം പങ്കുവെക്കുക (2 കൊരി 3:18) എന്നതാണ് കോണ്‍ഫ്രറന്‍സിന്റെ മുഖ്യ ചിന്താവിഷയം.

സൗത്ത് വെസ്റ്റ് റീജിയണില്‍ ഉള്‍പ്പെടുന്ന ഡാളസ്, ഹൂസ്റ്റണ്‍, ഒക്ലഹോമ, ഓസ്റ്റിന്‍, ലബക്ക്, സാന്‍ അന്റോണിയോ എന്നിവിടങ്ങളിലുള്ള മാര്‍ത്തോമ്മ ദേവാലയങ്ങളിലെ അംഗങ്ങളും വൈദീകരുമാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഈ കോണ്‍ഫ്രറന്‍സില്‍ സംബന്ധിക്കുന്നത്.

ദൈവ സ്‌നേഹത്തില്‍ ഒരുമിച്ച് ചേര്‍ന്ന് വചനം പഠിക്കുന്നതിനും, അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും, വരുംതലമുറയെ ക്രിസ്തുവുമായി ചേര്‍ത്തു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ മാര്‍ച്ച് 17,18 (വെള്ളി,ശനി) തീയതികളില്‍ നടത്തപ്പെടുന്ന  കോണ്‍ഫ്രറന്‍സിന്റെ  ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി  പ്രസിഡന്റ് റവ. തോമസ് മാത്യു.പി, ജനറല്‍ കണ്‍വീനര്‍ സജി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

-ഷാജി രാമപുരം