ഇറാന്‍ വിരുദ്ധ സഖ്യം വിപുലീകരണം: മൈക്ക് പോംപിയോയുടെ ഗള്‍ഫ് സന്ദര്‍ശനം 19ന്


FEBRUARY 14, 2020, 2:23 AM IST

റിയാദ്: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ ഗള്‍ഫ് സന്ദര്‍ശനം ഫെബ്രുവരി 19ന് തുടങ്ങും. സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. ഇറാന്‍ വിരുദ്ധ സഖ്യം കൂടുതല്‍ വിപുലീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഗള്‍ഫ് നാവിക സുരക്ഷ പദ്ധതി സംബന്ധിച്ചും ചര്‍ച്ച ചെയ്യും.

19ന് സൗദിയിലാണ് ആദ്യം എത്തുക. ഇറാന്‍ ഉയര്‍ത്തുന്ന സുരക്ഷ വെല്ലുവിളി ചെറുക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കി്. സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിനെത്തുടര്‍ന്ന് രൂപപ്പെട്ട സംഘര്‍ഷ സാഹചര്യങ്ങളില്‍ അയവ് വന്നിട്ടുണ്ടെങ്കിലും ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി സംബന്ധിച്ച് ശക്തമായ നടപടി ആവശ്യമാണെന്നാണ് അമേരിക്കയുടെ നിലപാട്. 

2015ലെ ആണവ കരാര്‍ വ്യവസ്ഥകള്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയ ഇറാന്‍, യുറേനിയം സമ്പുഷ്ടീകരണ തോത് നിജപ്പെടുത്താന്‍ ഒരുക്കമല്ലെന്നും അറിയിച്ചു. ഇതിനു പുറമെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്താനും മുതിര്‍ന്നത് അമേരിക്കയെ ആശങ്കയിലാക്കുന്നുണ്ട്. ഇറാന്റെ ആണവ, ബാലിസ്റ്റിക് പദ്ധതികളുമായി ബന്ധപ്പെട്ട ഭാവി ചര്‍ച്ചകളില്‍ തങ്ങള്‍ക്കു കൂടി പങ്കാളിത്തം വേണമെന്ന് സൗദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാഖിന്റെ സുരക്ഷ അധികരിപ്പിക്കുന്ന കാര്യവും ഗള്‍ഫ് രാജ്യങ്ങളുമായി അമേരിക്ക ചര്‍ച്ച ചെയ്യും. 22നു പോംപിയോ മസ്‌കറ്റിലെത്തും. ഒമാന്റെ പുതിയ ഭരണാധികാരി ഉള്‍പ്പെടെയുളളവരുമായി ഗള്‍ഫ് സുരക്ഷ സംബന്ധിച്ചു ചര്‍ച്ച ചെയ്യും.

Other News