മഞ്ച് ക്രിസ്തുമസ്- ന്യൂ ഇയര്‍ ഫാമിലി നൈറ്റ് 


JANUARY 11, 2021, 8:18 PM IST

ന്യൂജേഴ്സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)യുടെ ആഭിമുഖ്യത്തില്‍ ന്യൂജേഴ്‌സിയിലും മറ്റു പ്രദേശങ്ങളിലും നടത്തിവരുന്ന സാമൂഹിക ഇടപെടലുകള്‍ക്കുള്ള അംഗീകരമായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയുടെ സാമൂഹിക സേവന മംഗളപത്രം നല്‍കുമെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് കെവിന്‍ തോമസ്. മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)യുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച്ച നടന്ന ക്രിസ്തുമസ്- പുതുവത്സര ഫാമിലി നൈറ്റ് ഉദഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ സെനറ്റര്‍ എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനമേഖലകള്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ പരിധിയില്‍ മാത്രമാണ് വരുന്നതെങ്കിലും ഇനിയങ്ങോട്ട് അമേരിക്കയിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെ ഏതൊരാവശ്യങ്ങള്‍ക്കു സമീപിച്ചാലും തന്റെ എല്ലാവിധ പിന്തുണയും ഇടപെടലുകളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മഞ്ച് പോലുള്ള മലയാളി സംഘടനകള്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി നടത്തുന്ന പ്രവര്‍ത്തങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കേണ്ടതുണ്ട്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയില്‍ മഞ്ചിന്റെ സാമൂഹിക ഇടപടെലുകളെ പ്രശംസിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കി പ്രൊക്ലമേഷന്‍ ഉടന്‍ തന്നെ അയച്ചു നല്‍കുമെന്ന് ഉദ്ഘാടന സമ്മേളനത്തിനു ശേഷം  അദ്ദേഹത്തിന്റെ ടീം മെമ്പര്‍ അജിത് കൊച്ചൂസ് മഞ്ച്  സെക്രട്ടറിക്കയച്ച സന്ദേശത്തില്‍ അറിയിച്ചു.

മറ്റുള്ളവരെ സഹായിക്കുവാനുള്ള മലയാളികളുടെ സന്മനസ് ആണ് മറ്റുള്ളവരില്‍ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നത്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കണ്ടില്ലെന്നു നടിക്കാന്‍ നമുക്ക് കഴിയില്ല. അമേരിക്കന്‍ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുവാനാണ് ഓരോ ഇന്ത്യക്കാരനും അമേരിക്കയിലേക്ക് കുടിയേറിയത്. നാം ഇപ്പോള്‍ മറ്റു വിഭാഗങ്ങളെക്കാളൊക്കെ ഏറെ മുന്‍പന്തിയിലാണ്. അമേരിക്കയുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുകയാണ് ഇനി വേണ്ടത്. ബൗദ്ധികമായും സാമ്പത്തികമായും സേവനങ്ങളിലൂടെയുമൊക്കെ അമേരിക്കയുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കന്‍ നമുക്ക് കഴിയും. അതിനുള്ള ഉദാഹരണമാണ് മഞ്ച് പോലുള്ള മലയാളി സംഘടനകള്‍ സമൂഹ നന്മയ്ക്കായി നടത്തി വരുന്ന സേവനങ്ങള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ആ സ്വപ്നം യാഥാര്‍ഥ്യമാക്കുവാന്‍  കൂടുതല്‍ മലയാളികള്‍ ഈ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ച് മുന്‍ പ്രസിഡണ്ടും ട്രസ്റ്റി ബോര്‍ഡ് മെമ്പറും ഫൊക്കാന ജനറല്‍ സെക്രട്ടറിയുമായ ഡോ. സജിമോന്‍ ആന്റണിയാണ് സെനറ്റര്‍ കെവിന്‍ തോമസിനെ പരിചയപ്പെടുത്തിയത്.

മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. മഞ്ച് എന്ന സംഘടനയുടെ രൂപീകരിച്ച് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഫൊക്കാനയുടെ വിവിധ ഉന്നത നേതൃസ്ഥാനങ്ങള്‍ അലങ്കരിക്കുന്ന നിരവധി നേതാക്കന്മാര്‍ മഞ്ചില്‍ നിന്നും എത്തിയിട്ടുണ്ടെന്ന് ജോര്‍ജി വര്‍ഗീസ് പറഞ്ഞു. ഐക്യവും കെട്ടുറപ്പും അര്‍പ്പണ ബോധവുമുള്ള അംഗങ്ങളുടെ മികവുകള്‍ കൊണ്ടാണ് മഞ്ചിന്റെ നേതാക്കന്മാര്‍ക്ക് ചുരുങ്ങിയ കാലം കൊണ്ട് ദേശീയ തലത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത്. ജോര്‍ജി വ്യക്തമാക്കി. മഞ്ച് വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ളയാണ് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസിനെ പരിചയപ്പെടുത്തിയത്. 

തുടര്‍ന്ന് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് ആശംസകള്‍ നേര്‍ന്നു. 10 വര്‍ഷം മുന്‍പ് മഞ്ചിന്റെ രൂപീകരണ യോഗത്തില്‍ പങ്കെടുത്തിട്ടുള്ള താന്‍ മഞ്ച് എന്ന സംഘടനയുടെ അത്ഭുതകരമായ വളര്‍ച്ചയില്‍ ഏറെ അഭിമാനം കൊള്ളുകയാണെന്ന് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട്  അസൂയാവഹകമായ വളര്‍ച്ചയാണ് മഞ്ച് നേടിയതെന്നും ഫൊക്കാനയുടെ ഉന്നത നേതൃസ്ഥാനത്തേക്ക് മികവുറ്റ നേതാക്കന്മാരെ അയക്കാന്‍ ഈ കാലയളവില്‍ മഞ്ചിനു കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ഥ്യമുുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഞ്ച് ചാരിറ്റി ചെയര്‍ ഷിജിമോന്‍ മാത്യുവാണ് ഫിലിപ്പോസ് ഫിലിപ്പിനെ പരിചയപ്പെടുത്തിയത്. 

ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി, ഫൊക്കാന ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ്, ട്രസ്റ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി ജേക്കബ്, മഞ്ച് ബി ഒ ടി ചെയര്‍മാന്‍ ഷാജി വര്‍ഗീസ്, ഫൊക്കാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി എസ് ചാക്കോ, കേരള അസോസിഷന്‍ ഓഫ് ന്യൂജേഴ്സി പ്രസിഡണ്ട് കോശി ഫിലിപ്പ്, ഫൊക്കാന കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, മഞ്ച് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഷൈന്‍ ആല്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു. മഞ്ച് ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് തടത്തില്‍ സ്വാഗതവും ട്രഷറര്‍ ഗിരീഷ് നായര്‍ (ഗാരി) നന്ദിയും പറഞ്ഞു. മഞ്ച് ജോയിന്റ് സെക്രെട്ടറി ഡോ. ഷൈനി രാജുവായിരുന്നു മോഡറേറ്റര്‍.

മഞ്ച് ജനറല്‍ സെക്രട്ടറിയുടെ ആമുഖത്തോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് മഞ്ച് എക്‌സിക്യൂട്ടീവ് ഭരണ സമിതി അംഗങ്ങളുടെ ക്രിസ്തുമസ്- ന്യൂ ഇയര്‍ വിഡിയോ  സന്ദേശങ്ങള്‍ വെര്‍ച്ച്വല്‍ ആയി അവതരിപ്പിച്ചു. മഞ്ച് ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ രാജു ജോയി പ്രാര്‍ത്ഥന ഗാനങ്ങള്‍ ആലപിച്ചു. പൊതു പരിപാടിക്ക് ശേഷം മഞ്ച് കുടുംബങ്ങളുടെ കലാ വിരുന്നും അരങ്ങേറി. മഞ്ച് ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരായ ജെയിംസ് ജോയി, രാജു ജോയി, ഫ്രാന്‍സിസ് തടത്തിലിന്റെ മകള്‍ ഐറിന്‍ തടത്തില്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഇവ ആന്റണി, നിമ്മി റോയി എന്നിവരുടെയും വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ഷൈന്‍ ആല്‍ബര്‍ട്ട് ആന്‍ഡ് ടീം എന്നിവരുടെ സംഘ നൃത്തവും സിദ്ധാര്‍ഥ് പിള്ള, ജോവാന മനോജ് എന്നിവരുടെ  നൃത്തങ്ങളും അരങ്ങേറി.

Other News