ന്യൂയോര്‍ക്ക് ഭാരത് ബോട്ട് ക്ലബ്ബ് രഘുനാഥന്‍ നടരാജനെ ആദരിച്ചു


OCTOBER 9, 2021, 11:53 PM IST

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളികളുടെ സൗഹൃദ കൂട്ടായ്മയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാര്‍ഷികാഘോഷ പരിപാടികളോടനുബന്ധിച്ചു കോവിഡ് കാലത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തിയെ ആദരിക്കുന്ന ചടങ്ങില്‍ ആലപ്പുഴ സ്വദേശിയും അമേരിക്കന്‍ മലയാളിയുമായ രാഘുനാഥന്‍ നടരാജനെ പൊന്നാട അണിയിച്ച് ആദരിച്ചു.

ലോകത്തെ മുഴുവനും വിറങ്ങലിപ്പിച്ചുകൊണ്ടിരിക്കുന്ന  കോവിഡ് 19 എന്ന മഹാമാരി ന്യൂയോര്‍ക്കില്‍ സംഹാരതാണ്ഡവമാടി ദിനംപ്രതി ആയിരങ്ങളുടെ ജീവനുകള്‍ കവര്‍ന്നെടുത്ത 2020ന്റെ തുടക്ക സമയം മുതല്‍ കോവിഡ് രോഗികളെ പരിചരിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും അത്യന്താപേക്ഷിത സുരക്ഷാ കവചമായി ധരിക്കുവാന്‍ പര്യാപ്തമായ ഫെയ്സ് ഷീല്‍ഡ് സ്വന്തമായി നിര്‍മ്മിച്ച് സൗജന്യമായി നല്‍കിക്കൊണ്ടാണ് ന്യൂയോര്‍ക്കിലെ മോണ്ടിഫിയോര്‍ മെഡിക്കല്‍ സെന്ററില്‍ നഴ്സായി ജോലി ചെയ്യുന്ന രഘുനാഥന്‍ നടരാജന്‍ തന്റെ വേറിട്ട നന്മ പ്രവര്‍ത്തനത്തിലൂടെ വാര്‍ത്താ മാധ്യമങ്ങളില്‍ ജനശ്രദ്ധ നേടിയത്.

പെട്ടന്നുള്ള കോവിഡിന്റെ അതിവ്യാപനത്തെ ചെറുക്കാനുള്ള മുന്‍കരുതലുകളായ സുരക്ഷാസാമഗ്രികള്‍ക്ക് വന്‍ ദൗര്‍ലഭ്യം നേരിട്ടുകൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് രാഘുനാഥന്‍ രക്ഷാ ദൂതനെപ്പോലെ അദൃശ്യ ശക്തിയുടെ കരസ്പര്‍ശം പോലെ ആയിരക്കണക്കിനാളുകള്‍ക്ക് ഫെയ്സ് ഷീല്‍ഡ് നിര്‍മ്മിച്ച് സൗജന്യമായി നല്‍കിയത്. മാതൃകാപരമായ നന്മ പ്രവര്‍ത്തനത്തെ മാനിച്ചാണ് ഭാരത് ബോട്ട്  ക്ലബ്ബ്  രഘുനാഥന്‍ നടരാജനെ ആദരിക്കാനായി തിരഞ്ഞെടുത്തത്.

ന്യുയോര്‍ക്കിലെ സിത്താര്‍ പാലസില്‍ നടത്തിയ വാര്‍ഷിക ആഘോഷ സാമേളനത്തില്‍ ഭാരത് ബോട്ട് ക്ലബ്ബിന്റെ സെക്രട്ടറി ചെറിയാന്‍ ചക്കാലപടിക്കലും  ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ളയും രഘുനാഥന്‍ നടരാജനെ പൊന്നാട അണിയിച്ചു. ഭാരത് ബോട്ട് ക്ലബ്ബിന്റെ  അമരക്കാരായ പ്രസിഡണ്ട് വിശാല്‍, ടീം മാനേജര്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

കോവിഡ് കാലത്തെ അടച്ചുപൂട്ടലുകളില്‍ നിന്നും നിയന്ത്രണങ്ങളില്‍നിന്നും താല്‍ക്കാലിക ആശ്വാസം കിട്ടിയ സന്തോഷത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആഘോഷ പരിപാടികളില്‍ സംബന്ധിച്ചു.  ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ഇനം കലാപരിപാടികള്‍ അവതരിപ്പിച്ചു.

Other News