വേട്ടയാടുന്നതിനിടെ പിതാവി​ന്റെ വെടിയേറ്റ് ബാലനു ദാരുണാന്ത്യം; മൂന്നുപേർക്കായി അവയവദാനം


DECEMBER 5, 2019, 1:30 AM IST

 സൗത്ത് കരോലിന: മുയലുകളെ വേട്ടയാടുന്നതിനിടയില്‍ പിതാവി​​ന്റെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് ഒൻപതു വയസുകാരന്‍ മരിച്ചു. കുടുംബാംഗങ്ങളുമൊരുമിച്ചു താങ്ക്സ് ഗിവിങ്ങ് ദിനത്തില്‍ സ്പ്രിങ് ഫീല്‍ഡില്‍ വേട്ടയാടുന്നതിനിടയിലാണ്​ അപകടമുണ്ടായത്​. നാലാം ഗ്രേഡ് വിദ്യാര്‍ഥിയായ കോള്‍ട്ടന്‍ വില്യംസ് ആണ്​ മരിച്ചത്​.

ആറു മുതിര്‍ന്നവരും രണ്ടു കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവം നടക്കുമ്പോള്‍ ഇവര്‍ ഫീല്‍ഡിന് പുറത്തായിരുന്നു. പൊലീസ് വിദഗ്ദ്ധമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടിയുടെ മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തയാറായി. വിര്‍ജീനിയയില്‍ ചികിത്സയിലിരിക്കുന്ന കുഞ്ഞിനായി കരളും സൗത്ത് കരോലിനയിലെ രണ്ട്​ കുഞ്ഞുങ്ങള്‍ക്കായി വൃക്കകളും ദാനം ചെയ്​തു.

''ജീവിതത്തില്‍ നല്ല ദിനങ്ങളും ചീത്ത ദിനങ്ങളും ഉണ്ട്. ഇന്നു ഞങ്ങളുടെ ചീത്ത ദിനമാണ്. പക്ഷേ ആ ദിനത്തെ അവിസ്മരണീയമാക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ഞങ്ങളുടെ പ്രിയപ്പെട്ട മകന്‍ മരിച്ചുവെങ്കിലും മറ്റുള്ളവര്‍ക്കു അവനിലൂടെ പുതിയൊരു ജീവിതം കിട്ടുമെങ്കില്‍ അതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. അതുകൊണ്ടാണ് മൂന്നു കുട്ടികള്‍ക്ക്​ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്.'' - കോള്‍ട്ടന്‍ വില്യംസി​​ന്റെ മുത്തച്ഛൻ  വിന്‍സ്​ ഫര്‍ടിക്​ പറഞ്ഞു.

വേട്ടയാടുന്നതില്‍ വളരെ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന കുട്ടി പിതാവിനോടൊപ്പം ഫിഷിങ്ങിനു പോകുക പതിവായിരുന്നു. വില്‍സന്‍ ബ്ലു ഡെവിള്‍സ് ജൂനിയര്‍ ലീഗ് കളിക്കാരന്‍ കൂടിയായിരുന്നു വില്യം.

Other News