എന്‍എംഎസ് എവര്‍ റോളിംഗ് വോളിബാള്‍ ട്രോഫി ടീം യുണൈറ്റഡിന്, ഡിഎന്‍വൈ ന്യൂയോര്‍ക് റണ്ണറപ്പ്


NOVEMBER 21, 2021, 8:10 AM IST

നയാഗ്ര: കൈക്കരുത്തിന്റെ താളം, ചടുലമായ നീക്കങ്ങള്‍, ബ്ലോക്കുകള്‍, തകര്‍പ്പന്‍ സ്മാഷുകള്‍ ... നയാഗ്ര മലയാളികള്‍ക്ക്  കഴിഞ്ഞു പോയത് ആവേശത്തിന്റെയും ആഘോഷത്തിന്റെയും ദിനം. നയാഗ്ര മലയാളി സമാജം ആദ്യമായി സംഘടിപ്പിച്ച എന്‍എംഎസ് എവര്‍ റോളിംഗ് ട്രോഫി രാജ്യാന്തര വോളിബോള്‍ ടൂര്‍ണമെന്റിന് ആവേശോജ്വലമായ പരിസമാപ്തി. ടൂര്‍ണമെന്റില്‍ ആദ്യ കപ്പു നേടിയത് ടോറോന്റോയുടെ ടീം യുണൈറ്റഡ് ആണ്.

എ, ബി പൂളുകളില്‍ ആയി ആകെ 8 ടീമുകള്‍ ആണ് മത്സരത്തിന് ഉണ്ടായിരുന്നത്. ആദ്യ പൂളില്‍ ബ്രാംപ്ടണില്‍ നിന്നുള്ള ബ്രാംപ്ടണ്‍  സ്പൈക്കേഴ്സ് ന്യൂയോര്‍ക്കില്‍ നിന്നുള്ള  ഡിഎന്‍വൈ സ്ട്രൈക്കേഴ്സ് ലണ്ടനില്‍ നിന്നുള്ള ഫാല്‍ക്കന്‍സ് ഓഫ് ലണ്ടന്‍ ടോറോന്റോയില്‍ നിന്നുള്ള  ടീം യുണൈറ്റഡ്  എന്നീ ടീമുകളും പൂള്‍ ബിയില്‍ ഷിക്കാഗോയില്‍ നിന്നുള്ള കൈരളി ലയണ്‍സ് എഡ്മണ്‍ടോണില്‍ നിന്നുള്ള ങഅടഇ എഡ്മന്റോണ്‍ സ്പൈക്കേഴ്സ് ന്യൂയോര്‍ക്കില്‍ നിന്നുള്ള NYMSC ന്യൂയോര്‍ക് നയാഗ്രയുടെ ഹോം ടീമായ എന്‍എംഎസ് ബ്ലാസ്റ്റേഴ്സ് എന്നിവരാണ് മത്സരിച്ചത്. ഒന്നാം സെമിയില്‍ ന്യൂയോര്‍ക്കിന്റെ ഡിഎന്‍വൈ സ്ട്രൈക്കേഴ്സ് നയാഗ്രയുടെ എന്‍എംഎസ് ബ്ലാസ്റ്റേഴ്‌സനെയും രണ്ടാം സെമിയില്‍ ഷിക്കാഗോയുടെ കൈരളി ലയണ്‍സ് ടോറോന്റോയുടെ ടീം യുനൈറ്റഡിനെയും നേരിട്ടു.

സെമിയില്‍ ജേതാക്കളായ ഡിഎന്‍വൈ സ്‌ട്രൈക്കേഴ്സും ടോറോന്റോയുടെ ടീം യുണൈറ്റഡുമാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. രണ്ടു കരുത്തരായ ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ഉള്ള ആവേശം ഗ്യാലറികളില്‍. ആദ്യ സെറ്റ് ടീം യുണൈറ്റഡ് നേടിയപ്പോള്‍ രണ്ടാം സെറ്റ് ഡിഎന്‍വൈ സ്ട്രൈക്കേഴ്സ് നേടി. ഇതോടെ മത്സരത്തിന്റെ ആവേശവും പിരിമുറുക്കവും വാനോളമെത്തി, അവസാന സെറ്റില്‍ നടന്ന ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍  മത്സരച്ചൂട് കൊടുമുടി കയറി. അവസാനം ഡിഎന്‍വൈ സ്‌ട്രൈക്കേഴ്‌സിന്റെ ആരാധകരെ നിരാശരാക്കി ടോറോന്റോയുടെ ടീം യുണൈറ്റഡ്  (29 27) കപ്പുയര്‍ത്തി.

വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ പ്രഥമ എന്‍എംഎസ് വോളീബോള്‍ ട്രോഫിയും സമ്മാനത്തുകയായ 5001 ഡോളറും  ടീം യുണൈറ്റഡ് ടോറോന്റോയ്ക്ക് സമ്മാനിച്ചു. രണ്ടാം സ്ഥാനത്തെത്തിയ ഡിഎന്‍വൈ സ്‌ട്രൈക്കേഴ്‌സിന്  ലഭിച്ചത് 2501 ഡോളറും ട്രോഫിയും. നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന വോളീബോള്‍ മത്സരങ്ങളിലെ ഏറ്റവും കൂടിയ സമ്മാന തുക എന്‍എംഎസ് എവര്‍റോളിങ് ട്രോഫിക്കാണ്. ജിയോ ജോസായിരുന്നു മത്സരത്തിന്റെ മെഗാ സ്‌പോണ്‍സര്‍. ആഷ്ലി ജോസെഫയിരുന്നു മത്സരത്തിന്റെ കണ്‍വീനര്‍. സമാപന സമ്മേളനത്തോടനുബന്ധിച്ചു വര്‍ണശബളമായ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ പരിപാടിയുടെ സ്‌പോണ്‍സര്‍മാരെ ആദരിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തി മത്സങ്ങള്‍ ഇതിലും വിപുലമായ രീതിയില്‍ സംഘടിപ്പിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച നയാഗ്ര മലയാളി സമാജം പ്രസിഡന്റ് ബൈജു പകലോമറ്റം പറഞ്ഞു.

പ്രസിഡന്റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്റ് ബിമിന്‍സ് കുര്യന്‍, സെക്രട്ടറി എല്‍ഡ്രിഡ് കാവുങ്കല്‍, ട്രഷറര്‍ ടോണി മാത്യു, ജോയിന്റ് സെക്രട്ടറി കവിത പിന്റോ, ജോയിന്റ് ട്രഷറര്‍ ബിന്ധ്യ ജോയ്, കമ്മിറ്റി അംഗങ്ങളായ രാജേഷ് പാപ്പച്ചന്‍,നിത്യ ചാക്കോ, സുനില്‍ ജോക്കി, റോബിന്‍ ചിറയത്, മധു സിറിയക്, സജ്ന ജോസഫ്, ലക്ഷ്മി വിജയ്, ഓഡിറ്റര്‍ പിന്റോ ജോസഫ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജയ്‌മോന്‍ മാപ്പിളശ്ശേരില്‍, ഡെന്നി കണ്ണൂക്കാടന്‍, കോശി കാഞ്ഞൂപ്പറമ്പന്‍ ഉപദേശക സമിതി അംഗങ്ങായ സുജിത് ശിവാനന്ദ്, വര്‍ഗീസ് ജോസ്, രാജീവ് വാരിയര്‍, ഷെഫീഖ് മുഹമ്മദ്, പ്രസാദ് മുട്ടേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Other News