എറണാകുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നോറോ വൈറസ് രോഗബാധ സ്ഥിരീകരിച്ചു


JANUARY 24, 2023, 7:48 AM IST

കൊച്ചി: എറണാകുളത്ത് നോറോ വൈറസ് രോഗബാധ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കാക്കനാട് സ്‌കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 62 വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കളില്‍ ചിലര്‍ക്കും ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് സ്റ്റേറ്റ് പബ്ലിക് ലാബിലേക്ക് അയച്ച രണ്ടു സാമ്പിളുകള്‍ പോസിറ്റീവായി. വയറിളക്കം ,പനി, ഛര്‍ദ്ദി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളാണുള്ളത്.

മൂന്ന് കുട്ടികള്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് സ്ഥലം സന്ദര്‍ശിച്ചു. ക്ലാസുകള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സ്‌കൂളിലെ ശുചിമുറികളും ക്ലാസുകളും അണു വിമുക്തമാക്കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

സൂപ്പര്‍ ക്ലോറിനേഷനുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിരീക്ഷണത്തില്‍ തുടരുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Other News