കാതോലിക്കാ ബാവയെ സ്വീകരിക്കാന്‍ നോര്‍ത്ത്  ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഒരുങ്ങുന്നു


JULY 28, 2022, 8:20 AM IST

ന്യൂയോര്‍ക്ക്: ശ്ലൈഹിക സന്ദര്‍ശനത്തിനായി സെപ്റ്റംബറില്‍ അമേരിക്കയില്‍ എത്തുന്ന മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ കാതോലിക്കയും പരമാദ്ധ്യക്ഷനുമായ മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ്  ത്രിതീയന്   ഊഷ്മളമായ വരവേല്‍പ്പ് നല്കാന്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം തയ്യാറെടുക്കുന്നു.

മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പരമാദ്ധ്യക്ഷനായി സ്ഥാനമേറ്റശേഷം ആദ്യമായി അമേരിക്കന്‍ ഭദ്രാസനത്തിലെ വിശ്വാസികളെ സന്ദര്‍ശിക്കാനെത്തുന്ന പരിശുദ്ധ ബാവ സെപ്റ്റംബര്‍ 21-ന് ന്യൂയോര്‍ക്കില്‍ എത്തിച്ചേരും. ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍  സെപ്റ്റംബര്‍ 25 ന്  മൂന്നരമണിക്ക്  ന്യൂയോര്‍ക്കിലെ  ലെവിറ്റൗണ്‍ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വച്ച് ഊഷ്മളമായ വരവേല്‍പ്പ് നല്‍കും. ഇതര സഭാമേലദ്ധ്യക്ഷന്മാരും ഭദ്രാസനത്തിലെ വൈദികരും ജനങ്ങളുമടങ്ങിയ സംഘം സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കും.

പത്തുദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്ന പരിശുദ്ധ ബാവായ്ക്ക്  തിരക്കിട്ട  കാര്യ പരിപാടികളാണുള്ളത്. സഭയിലെ ആദ്ധ്യാത്മിക സംഘടനാ പ്രവര്‍ത്തകരുമായുള്ള മീറ്റിംഗ്,  എക്യൂമെനിക്കല്‍  സഭാനേതാക്കന്മാരുമായുള്ള കൂടിക്കാഴ്ച, ഭദ്രാസന വൈദികരുടെ  ദ്വിദിന കോണ്‍ഫറന്‍സ്,  ബ്രോങ്ക്‌സ്  സെന്റ് മേരീസ്  ദേവാലയ സുവര്‍ണ ജൂബിലി, യോങ്കേഴ്‌സ് സെന്റ് തോമസ് ദേവാലയ സുവര്‍ണ ജൂബിലി, ഫിലഡല്‍ഫിയ സെന്റ് മേരീസ് കത്തീഡ്രല്‍ കൂദാശ തുടങ്ങി നിരവധി പരിപാടികള്‍ ബാവായുടെ  സന്ദര്‍ശനത്തിന്റെ ഭാഗമാണ്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ അപ്പോസ്‌തോലന്‍ എന്നറിയപ്പെടുന്ന പരിശുദ്ധ ബാവ ഇടവക നേതൃത്വത്തില്‍ ആരംഭിക്കുന്ന പല സംരംഭങ്ങളും തന്റെ സന്ദര്‍ശത്തിനിടയില്‍ ആശീര്‍വദിക്കും.ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ സഖറിയ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ  നേതൃത്വത്തിലുള്ള ഭദ്രാസന കൗണ്‍സില്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഭദ്രാസന സെക്രട്ടറി റവ. ഡോ.  വര്‍ഗീസ് എം. ഡാനിയേലുമായി ബന്ധപ്പെടുക. E-mail: [email protected]