ഫിലഡല്‍ഫിയയില്‍ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം സെപ്റ്റംബര്‍ 14 ന്


AUGUST 13, 2019, 12:41 PM IST

ഫിലഡല്‍ഫിയ: ഫിലാഡല്‍ഫിയാ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) സെപ്റ്റംബര്‍ 14 ശനിയാഴ്ച്ച നടത്തുന്ന  ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനാഘോഷത്തില്‍ സീറോമലങ്കര സഭയുടെ വടക്കേ അമേരിക്ക കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് മാര്‍ ഫീലിപ്പോസ് സ്റ്റെഫാനോസ് മുഖ്യാതിഥിയാകും.

വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം, കൃതഞ്ജതാബലിയര്‍പ്പണം, പൊതുസമ്മേളനം എന്നിവയ്ക്കു പുറമേ വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ കോര്‍ത്തിണക്കി നടത്തപ്പെടുന്ന ബൈബിള്‍ ജപ്പടി മല്‍സരം, വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവയും ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നു.

റെഡ് ക്രോസുമായി സഹകരിച്ച് ആഗസ്റ്റ് 31 ശനിയാഴ്ച്ച നടത്തുന്ന ബ്ലഡ് ഡ്രൈവ്, ഒക്ടോബര്‍ 12 ന് നടത്തപ്പെടുന്ന ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്, നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി നടത്തുന്ന വിന്റര്‍ ക്ലോത്ത് ഡ്രൈവ് എന്നിവയാണ് ഐ. എ. സി. എ. ഈ വര്‍ഷം നടത്തുന്ന മറ്റു പരിപാടികള്‍. 

ഉപരിപഠനത്തിനും, ഉദ്യോഗത്തിനുമായി അറുപതുകളിലും എഴുപതുകളിലും അമേരിക്കയില്‍ കുടിയേറി വിശാലഫിലാഡല്‍ഫിയാ റീജിയണില്‍ താമസമുറപ്പിച്ച മലയാളി കത്തോലിക്കര്‍ 1978 ല്‍ ചെറിയ അത്മായ സംഘടനയായി തുടക്കമിട്ട ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വളര്‍ച്ചയുടെ പടവുകള്‍ കടന്ന് രണ്ടായിരത്തിലധികം വരുന്ന വിശ്വാസികളുടെ ഒരു കൂട്ടായ്മയായി തലയുയര്‍ത്തി നില്‍ക്കുന്നു. ചാര്‍ലി ചിറയത്ത് പ്രസിഡന്റ്, തോമസ് ടി സൈമണ്‍ വൈസ് പ്രസിഡന്റ്, മെര്‍ലിന്‍ അഗസ്റ്റിന്‍ ജനറല്‍ സെക്രട്ടറി, ടിനു ചാരാത്ത് ജോയിന്റ് സെക്രട്ടറി, അനീഷ് ജെയിംസ് ട്രഷറര്‍, ജോസഫ് സക്കറിയാ ജോയിന്റ് ട്രഷറര്‍, തെരേസ സൈമണ്‍ യൂത്ത് വൈസ് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, ഡയറക്ടര്‍ ബോര്‍ഡും ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ ചെയ്യുന്നു.   

ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ വൈസ് ചെയര്‍മാനും, സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ എന്നിവര്‍ ഡയറക്ടര്‍മാരുമായി കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.

Other News