ഡാളസ്: യങ് മെന്‍സ് ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ കവി കെ വി സൈമണിന്റെ അനുസ്മരണാര്‍ഥം നടത്തുന്ന സംഗീത സായാഹ്നം സെപ്റ്റംബര്‍ 24ന് വൈകിട്ട് ആറു മണിക്ക് കരോള്‍ പട്ടണത്തിലുള്ള ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലില്‍ അരങ്ങേറും.
ഓര്‍മയില്‍ മായാതെ നില്‍ക്കുന്നതും ഏത് ജീവിത സാഹചര്യത്തിലും ആശ്വാസവും പ്രത്യാശയും കണ്ടെത്തുവാന്‍ ഇടയാക്കുന്നതും പഴയ തലമുറയില്‍ നിന്ന് കൈമാറി കിട്ടിയതും ഇന്നും അനേകരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതുമായ ഒട്ടനവധി ക്രിസ്തീയ ഗാനങ്ങള്‍ക്ക് വരികളും താളവും ഈണവും പകര്‍ന്നിട്ടുണ്ട് കവി കെ വി സൈമണ്‍.
അമൃത ടി വിയുടെ ദേവഗീതം എന്ന റിയാലിറ്റി ഷോ വിജയികളും കേരളമൊട്ടാകെ അനേക ആരാധകരും ക്രൈസ്തവര്‍ക്ക് വളരെ സുപരിചതരുമായ
ഗായകര്‍ ശിവ പ്രസാദും പ്രിയ പ്രസാദും ഗാന സായാഹ്നത്തിന് നേതൃത്വം നല്‍കും. കൂടാതെ പ്രശസ്ത സംഗീതജ്ഞരായ കെവിന്‍ വര്‍ഗീസ് (അറ്റ്‌ലാന്റ), ഷേര്‍ലി എബ്രഹാം (ഡാളസ്), ജോയ് ഡ്രംസ് (യു കെ) തുടങ്ങിയവരും ഗാനങ്ങള്‍ ആലപിക്കും.
ഡാളസിലെ പ്രസിദ്ധനായ പ്രാസംഗികന്‍ ബ്രദര്‍ തോമസ് രാജന്‍ പ്രധാന സന്ദേശം നല്‍കും. അലി ഫര്‍ഹാദി (യു എസ്) തന്റെ ജീവിത അനുഭവങ്ങള്‍ പങ്കുവയ്ക്കും. പരിപാടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ymefna@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
- ബാബു പി സൈമണ്‍