റവ ഡോ. ചാള്‍സ് ലിയോണ്‍ സി സി ബി ഐ  വോക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി


MAY 7, 2022, 7:34 PM IST

ബാംഗളൂര്‍: ഇന്ത്യയിലെ ലത്തീന്‍ കത്തോലീക്കാ മെത്രാന്‍ സമിതിയുടെ (സി സി ബി ഐ) വോക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി. നിലവില്‍ കെ സി ബി സിയുടെ വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയും കെ ആര്‍ എല്‍ സി ബി സിയുടെ വോക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ചാള്‍സ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗമാണ്. 

തിരുവനന്തപുരം അതിരൂപതയിലെ സോഷ്യല്‍ സര്‍വീസ് സോസൈറ്റി ഡയറക്ടര്‍, ജൂബിലി മെമ്മോറിയല്‍ ആശുപത്രി ഡയറക്ടര്‍, സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി മാനേജര്‍, ലയോള കോളെജിലെ പ്രഫസര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള ഫാ. ചാള്‍സിന് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എം ഫിലും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റുമുണ്ട്. അറിയപ്പെടുന്ന സംഘാടകനും വാഗ്മിയും എഴുത്തുകാരനുമാണ്. 

ഇന്ത്യയിലെ മേജര്‍ സെമിനാരി റെക്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി രൂപതാ വൈദികരുടെ ദേശീയ സമിതിയുടെ സെക്രട്ടറി എന്നീ ചുമതലകളും അദ്ദേഹം നിര്‍വഹിക്കും.

സി സി ബി ഐയുടെ കാനോനിക നിയമത്തിനായുള്ള കമ്മീഷന്‍ സെക്രട്ടറിയായി കോട്ടാര്‍ രൂപതാംഗം റവ. ഡോ. മെര്‍ലിന്‍ അംബ്രോസും പ്രോക്ലമേഷന്‍ കമ്മീഷന്‍ സെക്രട്ടറിയായി ചെങ്കല്‍പെട്ട് രുപതാംഗം റവ. ഡോ. അംബ്രോസ് പിച്ചൈമുത്തുവും സി സി ബി ഐയുടെ മധ്യപ്രദേശിലുള്ള പരിശീലക കേന്ദ്രമായ സുവാര്‍ത്ത കേന്ദ്രത്തിന്റെ ഡയറക്ടറായി ജാബുവ രൂപതാംഗം റവ. ഫാ. രാജു മാത്യുവും ഫണ്ടിംഗ് ഏജന്‍സിയായ കമ്മ്യൂണിയോയുടെ അസോസിയേറ്റ് ഡയറക്ടറായി നാഗ്പൂര്‍ രൂപതയിലെ റവ. ഫാ. വിഗനന്‍ ദാസും നിയമിതരായി.

ഇന്ത്യയിലെ ലത്തീന്‍ കത്തോലീക്കാ മെത്രാന്‍ സമിതിയുടെ കീഴില്‍ 132 രൂപതകളും 190 മെത്രാന്മാരും 564 സന്യാസ സഭകളുമുണ്ട്.

Other News