റോയ് ജോര്‍ജ്ജ് ലോക കേരള സഭയിലേക്ക്


JUNE 15, 2022, 10:52 PM IST

ടൊറന്റോ: ടൊറന്റോ മലയാളി സമാജത്തിന്റെ മുന്‍ പ്രസിഡന്റും നിലവില്‍ ജനറല്‍ സെക്രട്ടറിയുമായ റോയി ജോര്‍ജ്ജ് ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 

ജൂണ്‍ 16, 17, 18 തിയ്യതികളില്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് അധ്യക്ഷത വഹിക്കുക. രാഷ്ട്രീയ- സാമൂഹ്യ, സാമ്പത്തിക രംഗത്തുള്ള നിരവധി പേര്‍ പങ്കെടുക്കുന്ന സമ്മേളനത്തിലെ രണ്ടു ദിവസങ്ങള്‍ നിയമസഭാ മന്ദിരത്തിലാണ് പരിപാടി അരങ്ങേറുക. 

നോര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്ന് പ്രവാസികള്‍ക്കായി ക്ഷേമ പരിപാടികള്‍ നിര്‍വഹിക്കാനും പ്രവാസികളെ ഒത്തൊരുമിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് റോയി പ്രത്യാശിച്ചു. കേരള സര്‍ക്കാരുമായി കൂടുതല്‍ ആശയ വിനിമയം നടത്താനും സഹായകരമാകുമെന്നും റോയി അഭിപ്രായപ്പെട്ടു. 

ടൊറന്റോയില്‍ താമസിക്കുന്ന റോയി ഒന്റാരിയോ റിയല്‍ എസ്‌റ്റേറ്റ് അസോസിയേഷന്‍ അംഗമാണ്. സെഞ്ച്വറി 21 ഹെറിട്ടേജില്‍ ബ്രോക്കറായി ജോലി നോക്കുന്ന അദ്ദേഹം മറ്റു പല റിയല്‍ട്ടേഴ്‌സിനേയും പോലെ സത്യസന്ധതയുടെ പ്രതീകമായാണ് അറിയപ്പെടുന്നത്. 

സമന്വയ കള്‍ച്ചറല്‍ അസോസിയേഷന്‍ സെക്രട്ടറി പ്രദീപ് ചേന്നംപള്ളില്‍, പ്രസിഡന്റ് ഷാജേഷ് പുരുഷോത്തമന്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് ജോണ്‍ പി ജോണ്‍ തുടങ്ങിയവരാണ് കാനഡയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മറ്റു വ്യക്തികള്‍.

Other News