യെദിയൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്ര കര്‍ണാടക ബിജെപി വൈസ് പ്രസിഡന്റ്


AUGUST 1, 2020, 1:35 PM IST

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്ര സംസ്ഥാനത്തെ ബിജെപിയുടെ വൈസ്പ്രസിഡന്റുമാരില്‍ ഒരാള്‍. സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കാട്ടീല്‍ 10 വൈസ് പ്രസിഡന്റുമാരെയാണ് നിയമിച്ചിരിക്കുന്നത്. എംപിമാരായ പ്രതാപ് സിംഹ, ശോഭ കരന്തലജെ, മുന്‍ മന്ത്രി അരവിന്ദ് ലിംബാവലി എന്നിവരും ഇതില്‍ ഉള്‍പ്പെടും. മുന്‍ കേന്ദ്ര മന്ത്രി അനന്ത കുമാറിന്റെ ഭാര്യ തേജസ്വിനി അനന്ത കുമാര്‍ വൈസ് പ്രസിഡന്റായി തുടരും.

നാലു ജനറല്‍ സെക്രട്ടറിമാര്‍, 10 സംസ്ഥാന സെക്രട്ടറിമാര്‍, രണ്ടു ട്രഷറര്‍മാര്‍ ഓരോ ഓഫിസ് സെക്രട്ടറി, പാര്‍ട്ടി വക്താവ് എന്നിവരെയും കാട്ടീല്‍ നിയമിച്ചു. ബിജെപി രാഷ്ട്രീയത്തില്‍ യെദിയൂരപ്പയുടെ പിന്‍ഗാമിയാവാന്‍ രംഗത്തുള്ള വിജയേന്ദ്രയ്ക്ക് പാര്‍ട്ടിയില്‍ ലഭിക്കുന്ന സ്ഥാനക്കയറ്റമാണിത്. ഇതുവരെ ബിജെവൈഎം ജനറല്‍ സെക്രട്ടറിയായിരുന്നു വിജയേന്ദ്ര. തനിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയതിന് പാര്‍ട്ടി നേതൃത്വത്തോട് നന്ദി പറഞ്ഞ് വിജയേന്ദ്ര ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഭരണകാര്യങ്ങളില്‍ വിജയേന്ദ്ര അമിതമായി ഇടപെടുന്നുവെന്ന ആരോപണം ഒരു വിഭാഗം ഉയര്‍ത്തുമ്പോള്‍ തന്നെയാണ് ഈ സ്ഥാനക്കയറ്റമെന്നതും ശ്രദ്ധേയമാണ്. വിജയേന്ദ്രയുടെ മൂത്ത സഹോദരന്‍ ബി.വൈ. രാഘവേന്ദ്ര ശിവമോഗ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്.

Other News