ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മൂന്ന് നോമ്പ് 


JANUARY 27, 2023, 9:40 PM IST

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ജനുവരി 29 ഞായറാഴ്ച മുതല്‍ ഫെബ്രുവരി ഒന്ന് ബുധനാഴ്ച വരെ മൂന്ന് നോമ്പ് ആചരണത്തിന്റ ഭാഗമായി പ്രത്യക പ്രാര്‍ഥനകളും വചന ശുശ്രൂഷയും നടക്കും. ശുശ്രൂഷകള്‍ക്ക്  മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ ഇവാനിയോസ് പ്രധാന കാര്‍മികത്വം വഹിക്കും.

വലിയ നോമ്പ് ആരംഭിക്കുന്നതിന് 18 ദിവസം മുന്‍പുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മൂന്നു നോമ്പ് ആചരിക്കുന്നു. അതിനാല്‍ മൂന്നു നോമ്പ് ''പതിനെട്ടാമിടം'' എന്ന് കൂടി അറിയപ്പെടുന്നു. പഴയ നിയമത്തില്‍ യോനാ പ്രവാചകന്‍ ദൈവകല്‍പനയനുസരിച്ച് നിനവെ നഗരത്തില്‍ മാനസാന്തരപ്പെടാന്‍ ആഹ്വാനം ചെയ്യുകയും അവര്‍ മനസ് തിരിഞ്ഞ് അനുതപിക്കുകയും ചെയ്തതിന്റെ അനുസ്മരണമാണ് ഇത്. യോനാ മൂന്നു രാവും പകലും മത്സ്യത്തിന്റെ ഉദരത്തില്‍ ചിലവഴിച്ചു മാനസാന്തരം ഉണ്ടായി (യോനാ 1:17) എന്നതാണ് മൂന്നു ദിവസത്തെ നോമ്പിന്റെ വി. വേദപുസ്തക പശ്ചാത്തലം.

2023 ജനുവരി 29, 30, 31 (ഞായര്‍, തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ വൈകിട്ട് 7 -നു മൂന്ന് നോമ്പിലെ പ്രത്യേക സന്ധ്യാ നമസ്‌കാരം നടക്കും.

ജനുവരി 31 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന സന്ധ്യാ നമസ്‌കാരത്തിനും വചന ശുശ്രൂഷക്കും മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ ഇവാനിയോസ് പ്രധാന കാര്‍മികത്വം വഹിക്കും. ഹൂസ്റ്റണിലെ വിവിധ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളിലെ വികാരിമാരും വിശ്വാസികളും പങ്കെടുക്കും.

സമാപന ദിവസമായ ബുധനാഴ്ച (ഫെബ്രുവരി 1) വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്‌കാരത്തോടെ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനക്ക് വികാരി റവ. ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം നേതൃത്വം നല്‍കും.

നോമ്പാചരണത്തിലും പ്രാര്‍ഥനകളിലും എല്ലാ  വിശ്വാസികളെയും ക്ഷണിക്കുന്നതായി വികാരി റവ. ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, സെക്രട്ടറി ബ്ലസണ്‍ വര്‍ഗ്ഗീസ്, ട്രസ്റ്റി മിസ്റ്റര്‍ തോമസ് വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.

Other News