മറിയം ത്രേസ്യയെ ഒക്ടോബര്‍ 13ന്  വിശുദ്ധയായി  പ്രഖ്യാപിക്കും


JULY 8, 2019, 12:39 PM IST

സിറോ മലബാര്‍ കത്തോലിക്കാ സഭയുടെ കീഴില്‍ ഹോളി ഫാമിലി എന്ന കന്യാസ്ത്രീ സമൂഹം സ്ഥാപിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്ടോബര്‍ 13ന് വിശുദ്ധയായി പ്രഖ്യാപിക്കും. പതിനാറാം നൂറ്റാണ്ടിലെ ഫ്രാന്‍സിസ്‌കന്‍ സഭയുടെ ഗോണ്‍സാലോ ഗാര്‍ഷ്യയെ 1862ല്‍ വിശുദ്ധനായി അംഗീകരിച്ച ശേഷം വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന ഇന്ത്യയില്‍ ജനിച്ച ആറാമത്തെ കത്തോലിക്കാ സഭക്കാരിയാണ് മറിയം ത്രേസ്യ.

മറിയം ത്രേസ്യ ചിറമേല്‍ മങ്കിടിയാനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനു പോപ്പ് ഫ്രാന്‍സിസ് ഔപചാരികമായി അംഗീകാരം നല്‍കി. വത്തിക്കാനില്‍ നടക്കുന്ന ദിവ്യ ബലിയിലാകും പ്രഖ്യാപനം.തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയിലായിരുന്നു 1876  ഏപ്രില്‍ 26ന് മറിയം ത്രേസ്യയുടെ ജനനം. പ്രാഥമിക വിദ്യഭ്യാസം മാത്രമാണ് മറിയം ത്രേസ്യയ്ക്ക് ലഭിച്ചത്. മറിയം ത്രേസ്യയുടെ 12-മത്തെ വയസ്സില്‍ അവളുടെ അമ്മ താണ്ട മരിച്ചു. അന്നത്തെ തൃശ്ശൂര്‍ രൂപത മെത്രാന്‍ ജോണ്‍ മേനാച്ചേരിയുടെ നിര്‍ദ്ദേശപ്രകാരം തൃശ്ശൂര്‍ ജില്ലയില്‍ തന്നെയുള്ള ഒല്ലൂര്‍ കര്‍മ്മലീത്താ മഠത്തില്‍ ധന്യയായ എവുപ്രാസ്യയോടൊപ്പം താമസമാക്കി. തന്റെ ദൈവവിളി ആ മഠത്തിലേയ്ക്കല്ലെന്ന് ബോദ്ധ്യമായ മറിയം ത്രേസ്യ സ്വന്തം ഗ്രാമമായ പുത്തന്‍ചിറയിലേക്ക് തന്നെ   തിരിച്ചുപോന്നു.

ആത്മപിതാവ് ജോസഫ് വിതയത്തില്‍ പണിയിച്ചുകൊടുത്ത ഏകാന്ത ഭവനത്തില്‍ തന്റെ മൂന്ന് കൂട്ടുകാരികളുമൊത്ത് താമസം തുടങ്ങി. ഈ കൂട്ടായ്മ ഒരു സന്യാസ സമൂഹത്തിന്റെ രൂപഭാവങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. അന്നത്തെ തൃശ്ശൂര്‍ മെത്രാന്‍ റവ. ഡോ. ജോണ്‍ മേനാച്ചേരി 1914 മെയ് 13 ന് സന്ദര്‍ശിക്കുകയും അവരുടെ ജീവിതരീതിയില്‍ സംതൃപ്തനാകുകയും 1914 മെയ് 14ന് ജോസഫ് വിതയത്തിലച്ചന്റേയും മറ്റു ചില പുരോഹിതരുടേയും നാട്ടുകാരുടേയും സാനിധ്യത്തില്‍ ഏകാന്ത ഭവനത്തെ തിരുകുടുംബസഭ അഥവാ ഹോളി ഫാമിലി കോണ്‍വെന്റ് എന്ന പുതിയൊരു സന്യാസിനി സമൂഹമായി അംഗീകരിച്ചു.

അധികം വൈകാതെ തന്നെ കാനോനിക നടപടികളും പൂര്‍ത്തിയാക്കി. മദര്‍ സുപ്പീയരായി മറിയം ത്രേസ്യയേയും മഠത്തിന്റെ കപ്ലോനായി ഫാദര്‍ ജോസഫ് വിതയത്തിലിനേയും നിയമിച്ചു. ഇപ്പോള്‍ 250 മഠങ്ങളും 1600 അംഗങ്ങളുമുള്ള സന്യാസിനി സഭയ്ക്ക് നിരവധി കോളേജുകളും വിദ്യാലയങ്ങളും ആശുപത്രികളുമുണ്ട്.  1926 ജൂണ്‍ 8ന് കുഴിക്കാട്ടുശ്ശേരിയില്‍ അന്തരിച്ചു. 2000 ഏപ്രില്‍ 9ന് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരുന്നു.

Other News