ഒക്‌ലഹോമയിലെ വിദ്യാര്‍ഥികള്‍ ഏപ്രില്‍ ആറു മുതല്‍ നേരിട്ട് ക്ലാസില്‍ ഹാജരാകണം


APRIL 5, 2021, 10:14 PM IST

ഒകലഹോമ: ഏപ്രില്‍ ആറു മുതല്‍ ഒക്കലഹോമ സിറ്റി പബ്ലിക്ക് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ഹാജരായി പഠനം തുടരാമെന്ന് സൂപ്രണ്ട് ഡോ. സില്‍ മെക്ക് ദാനിയേല്‍ അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നാലു ദിവസമാണ് ആഴ്ചയില്‍ ക്ലാസുകളുണ്ടാവുക. മാര്‍ച്ച് 13 മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും കുട്ടികള്‍ നേരിട്ട് ഹാജരായിരുന്നില്ല. ഇപ്പോള്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ നേരിട്ട് വരേണ്ട സമയമായെന്ന് സൂപ്രണ്ട് പറഞ്ഞു. 

സ്‌കൂള്‍ ജില്ല ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിനു സാഹചര്യമൊരുക്കിയതു മാതാപിതാക്കളുടേയും ജീവനക്കാരുടേയും നിര്‍ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സ്‌കൂള്‍ കൂട്ടികളില്‍ കോവിഡ് വ്യാപന നിരക്ക് വളരെ കുറവാണെന്നും കുട്ടികളില്‍ നിന്നും വൈറസ് പകരുന്നതിന് സാധ്യത വളരെ വിരളമായതിനാലുമാണ് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു. 

കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നേരിട്ട് ഹാജരാകാന്‍ തടസ്സമുണ്ടെങ്കില്‍ ഈ അധ്യയന വര്‍ഷാവസാനം വരെ വെര്‍ച്വലായി പഠനം തുടരുന്നതിനും അനുമതി നല്കുമെന്നും അദ്ദേഹം പറഞ്ഞു.