മരിക്കുന്നതുവരെ മലയാളത്തെയും മലയാളികളെയും സ്നേഹിച്ച ഭാഷാസ്നേഹിയായിരുന്നു ഡോ. റോഡിനി മോങെന്ന് എഴുത്തുകാരനും ചലച്ചിത്ര താരവുമായ തമ്പി ആന്റണി ഓര്‍ത്തു. ജോലിയില്‍നിന്നും വിരമിച്ചതിനുശേഷം ടെക്സസ്സിലെ ഓസ്റ്റിനില്‍ സര്‍വകലാശാലയുടെ അടുത്തുള്ള ഒരു നഗരത്തില്‍ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം.
സാധാരണ വെള്ളക്കാരില്‍നിന്നും വ്യത്യസ്തനായ ഒരു കൊച്ചുമനുഷ്യനായിരുന്നു ഡോ. മോങ്. ഏഴു വയസ്സില്‍ കണ്ണിനു കാഴ്ച്ച നഷ്ടപ്പെട്ട ആ അമേരിക്കക്കാരന് ഹിന്ദിയും സംസ്കൃതവുമുള്‍പ്പെടെ പല ഭാഷകളിലും ഡോക്ടറേറ്റും ബിരുദാനന്ത ബിരുദവും നേടിയിരുന്നു. കണ്ണുള്ളവര്‍പോലും കാണാത്ത പലതും അദ്ദേഹം കാണുകയും അറിയുകയും ചെയ്യുന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തും.
കേരളത്തില്‍നിന്നും ഏറ്റവും അകാലത്തില്‍, ഭൂഗോളത്തിന്റെ അങ്ങേത്തലക്കല്‍ ജീവിക്കുന്ന മോങ് എന്തുകൊണ്ടു മലയാളം പഠിക്കണമെന്ന് തീരുമാനിച്ചു. അതായിരുന്നു തന്നില്‍ ഏറ്റവും കൂടുതല്‍ ജിജ്ഞാസ ഉളവാക്കിയതെന്നും തമ്പി ആന്റണി തന്റെ കുറിപ്പില്‍ എഴുതുന്നു. അദ്ദേഹം അവിടെ വിദ്യാര്‍ഥി ആയിരുന്നപ്പോള്‍ത്തന്നെ വളരെ യാദൃച്ഛികമായി അവിടെ പഠിക്കാന്‍ വന്ന മലയാളികളെ പരിചയപ്പെടുകയുണ്ടായി. അവര്‍ തമ്മില്‍ മലയാളം പറയുന്നതു കേട്ടപ്പോള്‍തന്നെ ആ ഭാഷയെപ്പറ്റി അറിയാനുള്ള ആകാംക്ഷയായി. അതത്ര എളുപ്പമുള്ള ഭാഷയല്ല പഠിക്കാന്‍ എന്നുപറഞ്ഞുകൊണ്ട് അന്നവര്‍ അദ്ദേഹത്തെ കളിയാക്കി. അതുകൊണ്ടായിരിക്കണം ഒരു ഭാഷാസ്നേഹിയായ ആ അധ്യാപകന് മലയാളം എങ്ങനെയെങ്കിലും പഠിക്കണെമെന്നുള്ള വാശിയുണ്ടായത്. കാഴ്ചയില്ലാത്തതുകൊണ്ട് 'ലവ് അറ്റ് ഫസ്റ്റ് ഹിയറിംഗ്' എന്നുവേണമെങ്കില്‍ പറയാം. അങ്ങനെ അന്നുമുതല്‍ മലയാളഭാഷയോടു തോന്നിയ പ്രണയമാണ് അദ്ദേഹത്തിന് മലയാളം പഠിക്കാന്‍ പ്രേരകമായത്. ആദ്യത്തെ ഉദ്യമം ആ ഭാഷ സംസാരിക്കുന്ന ഭൂമികയിലേക്കുള്ള ഒരു യാത്രയായിരുന്നു. അങ്ങനെ വെറും ഒരു ഊന്നുവടിയുമായി കേരളത്തിലും വന്ന് വര്‍ഷങ്ങള്‍ താമസിച്ചു ഭാഷയേയും സംസ്കാരത്തെയും മനസ്സിലാക്കി.
പവ്ലോ കൊയ്ലോ എന്ന പ്രമുഖ എഴുത്തുകാരന് പറഞ്ഞതുപോലെ. 'മനുഷ്യന് ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ സാധിക്കാത്ത ഒരു കാര്യവുമില്ല'. എന്തായാലും ഒരിക്കലും മലയാളം എന്ന ഒരു ഭാഷയെപറ്റിപോലും കേട്ടുകേള്‍വിയില്ലാത്ത ആ അമേരിക്കക്കാരന് അക്ഷരംപ്രതി അതു തെളിയിച്ചു. മലയാള ഭാഷയെ ഇഷ്ടപ്പെട്ടതുകൊണ്ട് കഷ്ടപ്പെട്ടു പഠിച്ചു. അങ്ങനെയാണ് 1981ല്‍ ഓസ്റ്റിനിലെ ടെക്സസ് സര്‍വകലാശാലയില്‍ ആദ്യമായി ഒരു മലയാളം വിഭാഗം തുടങ്ങിയത്. തുടക്കത്തില്‍ കുട്ടികള്‍ കുറവായിരുന്നെങ്കിലും ആ മലയാളപ്രേമി വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. അങ്ങനെ 1988ല്‍ തന്നെ ഇരുപത്തഞ്ചിലധികം വിദ്യാര്‍ഥികളുമായി ആദ്യത്തെ മലയാളം ബാച്ചും തുടങ്ങി. ഏതാണ്ട് നാല്‍പ്പതു വര്‍ഷമായി നല്ലരീതിയില്‍ത്തന്നെ പോകുന്നുമുണ്ട്. ഡോ. റൊണാള്‍ഡ് ഡേവിസ് ആണ് ഇപ്പോഴത്തെ ഭാഷാ മേധാവിയെങ്കിലും മലയാളത്തിന്റെ ചുമതല ദര്‍ശന ടീച്ചര്‍ക്കാണ്.
കേരളത്തിനു പുറത്ത് മറ്റേതെങ്കിലും സര്‍വകലാശാലകളില്‍ ഇത്രയും വിജയകരമായ ഒരു മലയാളവിഭാഗം ഉണ്ടെന്നു തോന്നുന്നില്ല. നല്ല ഒരു ഭാഷാസ്നേഹിയായിരുന്ന ആ മഹത് വ്യക്തിയുടെ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതായും തമ്പി ആന്റണി കുറിച്ചു.