റ്റൊറോന്റ്റൊ യില്‍ വി.തോമാ ശ്ലീഹായുടെ ദുഖറാനാ ജൂബിലി തിരുന്നാള്‍


JUNE 22, 2022, 8:00 AM IST

റ്റൊറോന്റ്റൊ: കാനഡയില്‍ സിറോമലബാര്‍ സഭയുടെ ആദ്യത്തെ ഇടവകയും ആദ്യ ദൈവാലയുവുമായ റ്റൊറോന്റ്റൊ  സെയിന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ വിശുദ്ധ തോമ ശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ  ഒന്നുമുതല്‍ മൂന്നുവരെ ആചരിക്കും.  സിറോ മലബാര്‍  സമൂഹത്തിന്  തങ്ങളുടെ വിശ്വാസം ആദ്യമായി പകര്‍ന്നു നല്‍കിയ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വര്‍ഷത്തില്‍ സഭയില്‍ ഒട്ടാകെ പ്രത്യേക ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മിസ്സിസാഗാ രൂപതയിലെ ആഘോഷപരിപാടികള്‍ക്ക്  ഉണര്‍വുനല്‍കാന്‍ ജൂലൈ മൂന്നാം തീയതി കാനഡയിലെ പേപ്പല്‍ നുണ്‍ഷിയോ അഭിവന്ദ്യ ആര്‍ച് ബിഷപ്  ഇവാന്‍ ജര്‍കോവിച് മുഖ്യ അതിഥിയായി എത്തിച്ചേരും.

കാനഡ ഡേ കൂടിയായ ജൂലൈ ഒന്നിനു വൈകുന്നേരം ഫൊറോനാ വികാരി റവ. ഫാ. ബൈജു ജോസ് ചാക്കേരി കൊടി കയറ്റുന്നതോടെ തിരുന്നാളിന് തുടക്കമാകും.  പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം വിശുദ്ധന്റ്‌റെ തിരുസ്വരൂപം  പുറത്തു തയ്യാറാക്കിയ വേദിയിലേക്ക് ആഘോഷപൂര്‍വം എഴുന്നെള്ളിച്ചു വയ്ക്കും.  തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ  കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ജൂലൈ രണ്ടാം തീയതി വൈകുന്നേരം ആചാരപൂര്‍വ്വമായ റാസ ക്രമത്തിലുള്ള ദിവ്യബലിക്ക് കത്തീഡ്രല്‍ പള്ളി വികാരി റവ. ഡോ. ജോസ് ആലഞ്ചേരി നേതൃത്വം നല്‍കും. തുടര്‍ന്ന് കലാസന്ധ്യ, സ്‌നേഹവിരുന്ന്.

തിരുന്നാള്‍ ദിവസമായ ജൂലൈ മൂന്നിന് ഞായറാഴ്ച രാവിലെ 8.30 ന് അഭിവന്ദ്യ നൂണ്‍ഷിയോ ആര്‍ച് ബിഷപ്  ഇവാന്‍ ജര്‍കോവിച്ചിനും, മിസ്സിസാഗാ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍ പിതാവിനും അതിഥിയായെത്തുന്ന  ഉത്തരേന്ത്യയിലെ ഛാന്ദാ രൂപതാധ്യക്ഷന്‍ മാര്‍ എഫ്രേം നരികുളം പിതാവിനും ഇടവകാംഗ ങ്ങള്‍ സ്വീകരണം നല്‍കി ദൈവാലയത്തിലേക്കു ആനയിക്കും. അഭിവന്ദ്യ മെത്രാന്മാരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി. മാര്‍  ജോസ് കല്ലുവേലില്‍ പിതാവാണു പ്രധാന കാര്‍മ്മികന്‍. മാര്‍ എഫ്രേം പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കും.

ദിവ്യ ബലിയെ തുടര്‍ന്ന് പൊതു സമ്മേളനം.  അഭിവന്ദ്യ ഇവാന്‍ ജര്‍കോവിച് പിതാവ് മുഖ്യ സന്ദേശം നല്‍കും. മാര്‍ ജോസ്  കല്ലുവേലില്‍  പിതാവ് അധ്യക്ഷനാകും. രൂപതാ  വികാരി ജനറല്‍ റവ.ഫാ. പത്രോസ് ചമ്പക്കര ആശംസകള്‍  നേരും. സിറോ മലബാര്‍ സാംസ്‌കാരിക തനിമ വിളിച്ചറിയിക്കുന്ന കലാരൂപങ്ങള്‍ വേദിയില്‍ അവതരിപ്പിക്കും. തുടര്‍ന്ന് വിശുദ്ധ  തോമശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷ പൂര്‍വമായ പ്രദക്ഷണവും, അതിനു ശേഷം ഊട്ടുനേര്‍ച്ചയും ക്രമീകരിച്ചിട്ടുണ്ട്.

മാര്‍ തോമശ്ലീഹായുടെ രക്തസാക്ഷിത്വ ജൂബിലിയുടെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട്  ഇടവകയിലെ യുവ തക്ക് ഒത്തുചേരാനും സായാഹ്നങ്ങളില്‍ അല്‍പ്പസമയം വിശ്രമിക്കാനും വേണ്ടി പള്ളിയങ്കണത്തില്‍ നിര്‍മിക്കുന്ന സാന്‍ തോം സ്‌ക്വയറിന്റെ മാതൃക അഭിവന്ദ്യ ജര്‍കോവിച് പിതാവ് ആശീര്‍വദിക്കും.

വികാരി ഫാ.ബൈജു ചാക്കേരി യുടെയും ട്രസ്റ്റിമാരായ   ജോണ്‍സന്‍ ഇരിമ്പന്‍, എന്‍.യു .തോമസ് എന്നിവരുടെയും നേതൃത്വത്തില്‍ നിരവധി ചെറു സംഘങ്ങളാണ് തിരുന്നാള്‍  ആഘോഷങ്ങള്‍ വിജയമാക്കാന്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കുന്നത് .