മികച്ച എം.എല്‍.എയ്ക്കുള്ള ഫൊക്കാന പുരസ്‌കാരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്


JANUARY 28, 2023, 7:20 AM IST

വാഷിംഗ്ടണ്‍: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച എം.എല്‍.എയ്ക്കുള്ള പുരസ്‌കാരം കോട്ടയം എം.എല്‍.യും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.

ഒരു കാലഘട്ടം മുഴുവന്‍ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ കോട്ടയം നിവാസികളുടേയും കേരള ജനതയുടേയും സ്‌നേഹം പിടിച്ചുപറ്റുകയും ആത്മാര്‍ത്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ട എം.എല്‍ യും മന്ത്രിയുമൊക്കെയായിത്തീര്‍ന്ന ജനപ്രതിനിധിയാണ് തിരുവഞ്ചൂര്‍ രാധാക്ഷണന്‍ എന്ന് ഫൊക്കാനാ പ്രസിഡന്റ് വിലയിരുത്തി.

രാഷ്ട്രീയത്തില്‍  നേതാക്കള്‍ പുലര്‍ത്തേണ്ട സത്യസന്ധത പുലര്‍ത്തുന്ന  അപൂര്‍വ്വ നേതാക്കളില്‍ ഒരാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു.

അതുകൊണ്ടു തന്നെ ഫൊക്കാനയുടെ പുരസ്‌ക്കാരം അത് അര്‍ഹിക്കുന്ന വ്യക്തിക്ക് നല്‍കാനായി എന്ന് ഫൊക്കാന ട്രഷറാര്‍ ബിജു കൊട്ടാരക്കരയും അറിയിച്ചു.

കോട്ടയം തിരുവഞ്ചൂര്‍ കെ.പി. പരമേശ്വരന്‍ പിള്ളയുടേയും എം.ജി. ഗൗരിക്കുട്ടി അമ്മയുടേയും മകനായി 1949 ഡിസംബര്‍ 26-ല്‍ കോട്ടയം ജില്ലയിലെ തിരുവഞ്ചൂരില്‍ ജനിച്ച രാധാകൃഷ്ണന്‍ ബാലജന സഖ്യത്തിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. കോട്ടയത്തെ എം.ടി സെമിനാരി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് കോട്ടയം ബസേലിയസ് കോളജില്‍ നിന്ന് ബിരുദവും, തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കെ.എസ്.യു-വിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. 1976 മുതല്‍ കോട്ടയം ബാറില്‍ അഭിഭാഷകനായി പരിശീലനം തുടങ്ങിയെങ്കിലും സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിച്ചു. കെ.എസ്.യു കോട്ടയം ജില്ലാ പ്രസിഡന്റായി തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം സംശുദ്ധമായി തുടരുകയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിരവധി തവണ വിവിധ വകുപ്പുകളില്‍ മന്ത്രിയായി തിളങ്ങുവാനും നിര്‍ണ്ണായകമായ പല തീരുമാനങ്ങളും  തുടരുവാനും അദ്ദേഹത്തിന് സാധിച്ചു. രാഷ്ട്രീയത്തില്‍ നേതാക്കന്മാര്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ പുലര്‍ത്തേണ്ട നിരവധി ഗുണങ്ങള്‍ ഉളള സാമൂഹ്യ പ്രവര്‍ത്തകനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന് കേരളീയസമൂഹം തിരിച്ചറിഞ്ഞതാണ്. പ്രവാസി മലയാളികളുമായി പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനും തിരുവഞ്ചൂരിന്  സാധിച്ചിട്ടുണ്ട്.ലളിതാംബിക രാധാകൃഷ്ണനാണ് ഭാര്യ . ഡോ. അനുപം, ആതിര, അര്‍ജുന്‍ എന്നിവരാണ് മക്കള്‍ .റിപ്പോര്‍ട്ട് : ഡോ. മാത്യു ജോയിസ്

Other News