ഗുരുവായൂര്‍ ഏകാദശി ആചരണവും  തൃക്കാര്‍ത്തിക ആഘോഷവും


DECEMBER 6, 2019, 3:06 PM IST

ബ്രാംപ്ടണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 7 ശനിയാഴ്ച വിശേഷാല്‍ ത്രികാല പൂജയും, നിറമാല ചുറ്റുവിളക്കുമായി അചരിക്കുന്നു.  കൂടാതെ രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ  സമ്പൂര്‍ണ നാരായണീയ പാരായണവും ഉണ്ടായിരിക്കുന്നതാണ്. നാരായണീയ പാരായണത്തില്‍  മുന്‍പരിചയമില്ലാത്തവര്‍ക്കു പോലും ഇതില്‍ പങ്കെടുക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നത് വളരെ നന്നായിരിക്കും.

മണ്ഡലക്കാലത്ത് വരുന്ന വെളുത്ത  ഏകാദശിയാണ് പ്രസിദ്ധവും പാവനവും ആയ ഗുരുവായൂരേകാദശി. ഇതേ ദിവസം തന്നെ ആണത്രേ ഗീതോപദേശം നടന്നത്. മോക്ഷ ഏകാദശി എന്നും ഇതിനു പേര്‍ കാണുന്നു.  ആത്മീയമായി ഉന്നതിയ്ക്ക് ഏകാദശീവ്രതങ്ങള്‍ വളരെ നല്ലതാണ്. മനസ്സമാധാനവും തന്മൂലം ഭൌതികാഭിവൃദ്ധിയും ഉണ്ടാകും എന്നതാണ് ഈ വ്രതങ്ങളുടെ ഫലം. മലയാളികളേ സംബന്ധിച്ചിടത്തോളം ഗുരുവായൂര്‍ ഏകാദശി  വളരെ പ്രധാനമാണ്.

ഡിസംബര്‍ പത്താം തിയതിയാണ് തൃക്കാര്‍ത്തിക ഉത്സവം. തൃക്കാര്‍ത്തികാ ഉത്സവത്തോട് അനുബന്ധിച്ച് ഭഗവതിക്ക് നടത്തുന്ന പൂമൂടല്‍ ഭഗവതീപ്രസാദം നേടിത്തരുന്നതാണ്. ഉപഹാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പുഷ്പം തന്നെ ആണ്. അത്ര പ്രധാനപ്പെട്ട പുഷ്പം കൊണ്ട് ഭവതിയെ മൂടുന്ന ക്രിയയാണ് പൂമൂടല്‍.

തൃക്കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായി നമ്മുടെ ക്ഷേത്രത്തില്‍ ഡിസംബര്‍ 8 ഞായറാഴ്ച രാവിലെ ഭഗവതിക്ക്  പൂമൂടല്‍ നടത്തുന്നതാണ്. വാദ്യ മേളങ്ങളോടെയുളള പൂജയും അഭിഷേകവും ലളിത സഹസ്രനാമത്തോടെയുള്ള പൂമൂടല്‍ ചടങ്ങും രാവിലെ 8 :45ന് ആരംഭിക്കുന്നതാണ്.  എല്ലാ   ഭക്ത ജനങ്ങളും ഈ ചടങ്ങില്‍ പങ്കെടുക്കുക.  കൂടാതെ തുടര്‍ന്നുള്ള ദിവസങ്ങളില്‍, അതായത് ഡിസംബര്‍ 9 തിങ്കളാഴ്ച വൈകുന്നേരം ലളിത സഹസ്ര നാമാര്‍ച്ചന, ഡിസംബര്‍ 10 ചൊവ്വാഴ്ച രാവിലെ മഞ്ഞാളാടല്‍ എന്നിവയിലും പങ്കെടുത്തു വഴിപാടുകള്‍  കഴിക്കാവുന്നതാണെന്നു ക്ഷേത്രം ഓഫീസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും വഴിപാടുകള്‍ക്കും  905-799-0900 (www.guruvayur.ca) എന്ന നമ്പറില്‍ ക്ഷേത്രവുമായി ബന്ധപെടുക.

Other News