ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം: യു.എസ് സ്റ്റേറ്റ് സെക്രട്ടറിക്കു സെനറ്റര്‍മാരുടെ കത്ത്


FEBRUARY 14, 2020, 1:38 AM IST

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിനു മുന്നോടിയായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോക്കു സെനറ്റര്‍മാരുടെ കത്ത്. കശ്മീരിലെ പ്രശ്നങ്ങളും പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളും ചൂണ്ടിക്കാണിച്ചാണ് നാലു മുതിര്‍ന്ന സെനറ്റര്‍മാര്‍ കത്തെഴുതിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമേരിക്കയില്‍ ഉള്‍പ്പെടെ അലയൊലിക്കുന്ന പ്രക്ഷോഭത്തെക്കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 

ക്രിസ് വാന്‍ ഹോളെന്‍, ടോഡ് യങ്, ഡിക്ക് ഡര്‍ബിന്‍, ലിന്‍ഡ്‌സെ ഗ്രഹാം എന്നിവരാണ് പോംപിയോക്കു കത്തെഴുതിയത്. കശ്മീരില്‍ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നീ മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പെടുന്ന നേതാക്കളെ വിചാരണ കൂടാതെ ഭരണകൂടം തടവില്‍വച്ചിരിക്കുകയാണ്. മേഖലയില്‍ ഇപ്പോഴും ഇന്റര്‍നെറ്റിന് വിലക്കുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത് ഇന്നുവരെയുണ്ടായിട്ടുള്ളതില്‍ ഏറ്റവും ദീര്‍ഘമായ ഇന്റര്‍നെറ്റ് ലഭ്യത തടയലാണിത്. 70 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് രോഗശുശ്രൂഷ സൗകര്യം പോലും ലഭിക്കുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെട്ടു. നൂറുകണക്കിന് കശ്മീരികള്‍ കരുതല്‍ തടങ്കലിലാണ്. രാഷ്ട്രീയക്കാരും ബിസിനസുകാരുമുണ്ട്. ഈ നടപടികള്‍ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് രാഷ്ട്രീയ കാരണങ്ങളാല്‍ എത്ര പേരെ ഇന്ത്യന്‍ സര്‍ക്കാര്‍ തടങ്കലിലാക്കിയിട്ടുണ്ട് എന്നതിനെക്കുറിച്ചു യു.എസ് ഭരണകൂടം 30 ദിവസത്തിനുള്ളില്‍ വിലയിരുത്തല്‍ നടത്തണം. ചില ന്യൂനപക്ഷ മത വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു ഭീഷണിയുള്ളതും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് കളങ്കം വരുത്തുന്നതുമായ നടപടികളും ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Other News