അഖിലലോക പ്രാര്‍ഥനാ ദിനം ന്യൂ യോര്‍ക്കില്‍ ആചരിച്ചു


MARCH 18, 2023, 8:51 PM IST

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍  മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വനിതാ വിഭാഗമായ മാര്‍ത്തോമ്മാ സുവിശേഷ സേവികാ സംഘം നോര്‍ത്ത് ഈസ്റ്റ് റീജിയന്റെ  സഹകരണത്തോടെ അഖിലലോക പ്രാര്‍ഥനാ ദിനം ആചരിച്ചു.

മാര്‍ച്ച് മാസം പതിനൊന്നാം തീയതി ശനിയാഴ്ച്ച രാവിലെ പത്തു മണിക്ക് സീഫോര്‍ഡിലുള്ള സി എസ് ഐ മലയാളം കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ന്യൂ യോര്‍ക്ക് ദേവാലയത്തില്‍ വെച്ചു നടന്ന യോഗത്തില്‍ എപ്പിസ്‌കോപ്പല്‍ സഭയുടെ ബിഷപ്പ് ഡോ. ജോണ്‍സി ഇട്ടി  അനുഗ്രഹ പ്രഭാഷണവും ഡോ. ഷെറിന്‍ തോമസ് മുഖ്യപ്രഭാഷണവും നടത്തി. എക്യൂമെനിക്കല്‍ ഫെഡറേഷന്റെ പ്രസിഡന്റ് റവ. ഷാലു ടി മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ അഖിലലോക പ്രാര്‍ഥന ദിനത്തോടനുബന്ധിച്ചു തായ്വാനിലെ സ്ത്രീകള്‍ തയ്യാറാക്കിയ ആരാധനയ്ക്ക് വിവിധ സഭകളിലെ സ്ത്രീകളോടൊപ്പം സേവികാ സംഘം പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മന്‍ നേതൃത്വം നല്‍കി.

മാസ്റ്റര്‍ ഓഫ് സെറിമണി ജിന്‍സി ജോര്‍ജിനെ എക്യൂമെനിക്കല്‍ സെക്രട്ടറി തോമസ് ജേക്കബ് സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്ന് ഗായകസംഘം, വര്‍ഷിപ് ലീഡേഴ്സ്, എക്യൂമെനിക്കല്‍- സേവികാ സംഘം കമ്മിറ്റി അംഗങ്ങള്‍, വൈദികര്‍, ബിഷപ്പ് എന്നീ ക്രമത്തില്‍ നടത്തപ്പെട്ട പ്രോസഷന്‍ ഹൃദ്യമായിരുന്നു. ഷാര്‍ലി തോമസ് പ്രാര്‍ഥനാ ദിനത്തോടനുബന്ധിച്ചുള്ള വേദപുസ്തക വായനയും നീതി പ്രസാദ് തായ്വാനെക്കുറിച്ചുള്ള പവര്‍പോയിന്റ് അവതരണവും നടത്തി. ഈ വര്‍ഷത്തെ പ്രമേയത്തോടനുബന്ധമായുള്ള സ്‌കിറ്റ് സീഫോര്‍ഡ് ഇടക വിമന്‍ ഫെലോഷിപ്പ് പ്രസിഡന്റ് അനില ഷാലുവിന്റെ നേതൃത്വത്തില്‍ സീഫോര്‍ഡ് ഇടവകാംഗങ്ങള്‍ അവതരിപ്പിച്ചു.

ലോകത്തിലെ 170-ല്‍ പരം രാജ്യങ്ങളില്‍ ക്രിസ്തീയ  വിശ്വാസികളായ വനിതകളുടെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും ഒരു പ്രത്യേക രാജ്യം തെരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി മാര്‍ച്ച് മാസത്തിലെ ആദ്യ ആഴ്ച്ചയില്‍ പ്രാര്‍ഥനയ്ക്കായി ഒരുമിച്ചുകൂടുന്ന ഒരു അഖില ലോക എക്യൂമെനിക്കല്‍ പ്രസ്ഥാനമാണ് അഖിലലോക പ്രാര്‍ഥനാ ദിനം. 'പ്രാര്‍ത്ഥനയും പ്രായോഗികതയും' എന്നതാണ് അഖിലലോക പ്രാര്‍ഥനാദിനത്തിന്റെ ആപ്തവാക്യം. ഈ വര്‍ഷത്തെ തീം 'ഞാന്‍ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചു കേട്ടിരിക്കുന്നു' എന്നതാണ്.

വിവിധ സഭകളെ പ്രതിനിധീകരിച്ചു റവ. ഷാജി കൊച്ചുമ്മന്‍, റവ. വി ടി തോമസ്, റവ. ഫാ. നോബി അയ്യനേത്ത്, റവ. സാം എന്‍ ജോഷ്വാ, റവ. ക്രിസ്റ്റഫര്‍ ഡാനിയേല്‍, റവ. ജെയ്സണ്‍ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു. സീഫോര്‍ഡ് സി എസ് ഐ വികാരി കൂടിയായ ഷാലു ടി മാത്യു സ്വാഗതവും സേവികാ സംഘം സെക്രട്ടറി ലൈല അനീഷ് കൃതജ്ഞതയും രേഖപ്പെടുത്തി.

- ജീമോന്‍ റാന്നി

Other News