എട്ടാമത്തെ കുട്ടിയത്ഭുതം..!


NOVEMBER 8, 2019, 3:22 PM IST

എട്ടാമത്തെ അത്ഭുതമെന്നു വിശേഷിപ്പിക്കാവുന്ന അവതാരപുരുഷനായി മാറിയ മനുഷ്യനാണ് നമ്മുടെ പ്രിയങ്കരനായ അബ്ദുല്ലക്കുട്ടി. കുട്ടിക്കാലത്ത് നിസ്‌ക്കാരവും ഓത്തുപള്ളിയുമായൊക്കെയായി നടന്നിരുന്ന ജോനകച്ചെക്കന്‍ വിപ്ലവത്തിന്റെ ശംഖൊലികേട്ട് കാള്‍മാക്‌സിന്റെ അരുമശിഷ്യനായി രൂപാന്തരം പ്രാപിച്ചതാണാദ്യം കണ്ട അത്ഭുതം.

അങ്ങ് കണ്ണൂര്‍ എസ്.എന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് സൂത്രത്തിലൂടെ എസ്.എഫ്.ഐ നേതാവായി. പിന്നെ  കോഴിക്കോട് സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി. 1999 മുതല്‍ 1999 വരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായി മാറി. അതോടെ അധികാരത്തിന്റെ ലഹരി തലക്കുപിടിച്ചു. അങ്ങിനെിനെയിരിക്കെ 1999ല്‍ മുപ്പത്തിരണ്ടാം വയസ്സില്‍ മുല്ലപ്പള്ളി രാമചന്ദ്രനെന്ന ജയന്റിനെ നേരിടാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ഉഴിഞ്ഞുവിട്ടത് അബ്ദുല്ലക്കുട്ടിയെയായിരുന്നു. എന്തിനുപറയുന്നു. എന്ത് ഉറുക്കും നൂലും കെട്ടിയാണെന്നറിയില്ല മുല്ലപ്പള്ളിയുടെ കൈകളില്‍ നിന്ന് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പിടിച്ചെടുത്തു. അതോടെ ദാവിദും ഗോല്യാത്തിന്റേയും കഥ ആവര്‍ത്തിക്കുകയായി. അബ്ദുല്ലക്കുട്ടി എല്ലാവരേയും അത്ഭുതപ്പെടുത്തിക്കളഞ്ഞു. 

എന്നാല്‍ വാഴപ്പിണ്ടിയേയും കടത്തിവെട്ടുന്ന ഏതോ അത്ഭുതത്താലാണ് തന്റെ വ്യക്തിത്വം വാര്‍ത്തെടുത്തതെന്ന് അരക്കിട്ടുറപ്പിക്കുന്ന പണിയായിപ്പോയി പിന്നെ കക്ഷി ചെയ്തത്. എന്തുപെട്ടെന്നാണ്  അദ്ദേഹം വിപ്ലവകാരിയായത്. എന്നാല്‍ അതിനേക്കാള്‍ പെട്ടെന്ന് ടിയാന്‍  മോദി ഭക്തനായിമാറുന്ന കാഴ്ചയാണ് പിന്നെ നാം കാണുന്നത്. 

ഗുജറാത്തിലെ മോദിമാജിക്കിനെ പ്രകീര്‍ത്തിച്ചുകൊണ്ട് അബ്ദുല്ലക്കുട്ടി രംഗത്ത് വന്നപ്പോള്‍ സകലമാന ജനങ്ങളും ഞെട്ടിയെങ്കിലും സി.പി.എം ഞെട്ടിയതായി ഭാവിച്ചില്ല. അഴിമതിയാരോപണങ്ങളെത്തുടര്‍ന്നു അബ്ദുല്ലക്കുട്ടിയെ പുറത്താക്കാനിരിക്കുകയായിരുന്നുവത്രേ പാര്‍ട്ടി. ഗുളികന്‍ പിന്നെ കേള്‍ക്കുന്നത്   രായ്ക്കുരാമാനം അബ്ദുല്ലക്കുട്ടി കോണ്‍ഗ്രസ്സിലെത്തി. ഗാന്ധിയനായി മാമോദിസാമുങ്ങിയെന്ന വാര്‍ത്തായാണ്.  ഗാന്ധിജീയെ ആവോളം സ്തുതിച്ചുകൊണ്ട് രഹുപതി രാഘവ രാജാറാം... പാടിക്കൊണ്ടായിരുന്നു ആ വരവ്.   കെ. സുധാകരന്റെ ചരടുവലിയായിരുന്നു അതിന്റെ  പിന്നിലെന്നാണ് കേട്ടുകേള്‍വി. ഏതായാലും കണ്ണൂരില്‍ നിന്ന് കോണ്‍ഗ്രസ് അദ്ദേഹത്തെ ജയിപ്പിച്ചു എം.എല്‍.എ ആക്കി. 'നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി'എന്നൊരു പുസ്തകം കുത്തിക്കുറിച്ച് തന്റെ കൂടുമാറ്റത്തിന് സൈദ്ധാന്തിക വ്യാഖ്യാനം ചമച്ചിട്ടുമുണ്ട് കക്ഷി. 

2016 തെരഞ്ഞെടുപ്പില്‍ വീണ്ടും അത്ഭുതം സംഭവിക്കുന്നു. അബ്ദുല്ലക്കുട്ടിക്ക് കണ്ണൂരില്‍ സീറ്റില്ല. തോല്ക്കുമെന്നുറപ്പുള്ള തലശ്ശേരിയായിരുന്നു അബ്ദുല്ലക്കുട്ടിക്ക് കൊടുത്ത സീറ്റ്. അബ്ദുല്ലക്കുട്ടി എതിര്‍ത്തില്ല. അപ്പോഴും നോട്ടം ലോക്‌സഭാ തെരഞ്ഞെടുപ്പിലൊരു സ്ഥാനാര്‍ത്ഥിത്വം ആയിരുന്നുവെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. പക്ഷേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അബ്ദുള്ളക്കുട്ടി പുറത്ത്.  അതിന് ചില കാരണങ്ങള്‍ കണ്ടെത്തിയിരുന്നു കൊണ്‍ഗ്രസ് ഗസ്‌ര്‌റൊകള്‍... എല്ലാം കൂടിയായപ്പോള്‍ കെ പി സി സി അപകടം മണത്തു എന്നാണ് ഗുളികന് കിട്ടിയ റിപ്പോര്‍ട്ട്. അബ്ദുല്ലക്കുട്ടി വീണ്ടും തന്റെ ആയുധം പുറത്തെടുത്തു.  മോദിപ്രശംസ വികസന മാഹാത്മ്യ പ്രഘോഷണം.ഫെയ്‌സ് ബുക്കിലൂടെയാണ് അലക്കിയത്. ഇത് കാത്തിരിക്കുകയായിരുന്നു തങ്ങള്‍ എന്ന മട്ടിലായിരുന്നു കോണ്‍ഗ്രസ്സിന്റെ നടപടി. പിന്നീട് സംഭവിച്ചതെല്ലാം ആളുകള്‍ പ്രതീക്ഷിച്ചപോലെതന്നെ. അബ്ദുല്ലക്കുട്ടി നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും സന്നിധിയില്‍ പുണ്യാഹം തളിച്ച് കാവിയുടുത്ത് ജയ് രാമ.. വിളിക്കാന്‍ തുടങ്ങി. 

ആചാരങ്ങളെ അട്ടിമറിക്കാന്‍ ഇത്രക്ക് ചങ്കുറപ്പുള്ള ഒരു നേതാവിനേയും കേരളജനത ഇതിനുമുമ്പ് കണ്ടിട്ടില്ല. കമ്മ്യൂണിസ്റ്റിലുള്ള കാലത്ത് ഉറ്റ ബന്ധുക്കളുടെ മയ്യത്ത് നമസ്‌ക്കാരം പോലും നിര്‍വ്വഹിക്കാത്തത്ര കടുകട്ടിയായ സഖാവ്.  കോണ്‍ഗ്രസ്സിലായപ്പോള്‍ തനി ഗാന്ധിയന്‍. അല്ല അതങ്ങനെതന്നെ വേണമല്ലോ. ഇപ്പോള്‍ ബിവിയുമൊത്ത്  മംഗലാപുരത്തേക്ക് ചേക്കേറിയതിനാല്‍ മുസ്ലിം ന്യുനപക്ഷത്തെ ബി.ജെ.പിയോടടുപ്പിക്കുന്ന കരാര്‍പണി നടത്താന്‍ എളുപ്പമുണ്ട്. മംഗലാപുരം കാവിക്ക് വളക്കൂറുള്ള മണ്ണാണ്.  എന്നെങ്കിലും എവിടെയെങ്കിലും ഈ കുട്ടി ഒരു ഗവര്‍ണര്‍ പദവിയിലെങ്കിലും ഇരിക്കുന്നതുകണ്ടാല്‍ ആരും അത്ഭുതപ്പെടേണ്ട.