എയർപോർട്ട് സ്വകാര്യവൽക്കരണം: മുന്നറിയിപ്പുകൾക്ക് മുകളിൽ പറന്ന് അദാനി


JANUARY 25, 2021, 11:07 AM IST

അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പിന് ഇന്ത്യയിലെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വന്തമാക്കാൻ വഴിയൊരുക്കിയ 2019ലെ വിമാനത്താവള ലേലനടപടികളിൽ ധനമന്ത്രാലയവും നീതി ആയോഗും എതിർപ്പുകൾ രേഖപ്പെടുത്തിയിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുടെ വികസന ചുമതല ലഭിച്ചത് അദാനി ഗ്രൂപ്പിനാണ്. യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് അദാനി ഗ്രൂപ്പാണുള്ളത്. 20 മാസങ്ങൾക്കുള്ളിലാണ് ഇത്രയും നേട്ടം കൈവരിക്കാൻ അദാനി ഗ്രൂപ്പിന് കഴിഞ്ഞത്. 

മുംബൈക്കൊപ്പം അദാനി ഗ്രൂപ്പിന് നടത്തിപ്പിന്റെ ചുമതല ലഭിച്ച അഹമ്മദാബാദ്, മംഗളുരു, ലക്നൗ, ജയ്‌പൂർ, ഗുവാഹതി, തിരുവനന്തപുരം എന്നീ 7 വിമാനത്താവളങ്ങളിൽ 2019-20 സാമ്പത്തികവർഷത്തിൽ 7.90 കോടി യാത്രക്കാരാണുണ്ടായിരുന്നത്. രാജ്യത്തൊട്ടാകെയുള്ള 34.10 കോടി വിമാന യാത്രക്കാരുടെ നാലിലൊരു ഭാഗം വരുമിത്. 

ഇതിനു പുറമെ മുന്ദ്ര വിമാനത്താവളവുമുണ്ട്. നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയെന്ന ഗവണ്മെന്റിന്റെ പദ്ധതിയനുസരിച്ച് 2018ലാണ് അവിടെ നിന്നും വാണിജ്യ ഫ്‌ളൈറ്റുകൾ ആരംഭിച്ചത്. അതിപ്പോൾ പൂർണതോതിലുള്ള  അന്താരാഷ്ട്ര വിമാനത്താവളമായി  മാറ്റാൻ പോകുകയാണ്. ജിവികെയുമായുള്ള ഇടപാടിലൂടെ നിർമ്മാണം പുരോഗമിക്കുന്ന  നവി മുംബൈയിലെ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ ഭൂരിപക്ഷം ഓഹരികളും അദാനി ഗ്രൂപ്പിനാണ്. 

എൻഡിഎ ഗവണ്മെന്റ് നടപ്പാക്കിയ ഏറ്റവും വലിയൊരു സ്വകാര്യവൽക്കരണ പരിപാടിയായിരുന്നു അഹമ്മദാബാദ്, മംഗളുരു, ലക്നൗ, ജയ്‌പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം.ലേലനടപടികൾ ആരംഭിക്കുന്നതിനു മുമ്പു തന്നെ അതിനായുള്ള നടപടിക്രമങ്ങളെക്കുറിച്ച് അത് നിർദ്ദേശിച്ച സിവിൽ വ്യോമയാന മന്ത്രാലയവുമായി കേന്ദ്ര ഗവണ്മെന്റിന്റെ പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്  അപ്രൈസൽ കമ്മിറ്റി (പിപിപിഎസി) 2018 ഡിസംബർ 11ന് ചർച്ചകൾ നടത്തിയിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. 

ആറ് വിമാനത്താവളങ്ങളുടെയും വികസനത്തിന് വളരെയധികം മൂലധനം ആവശ്യമാണെന്നും അതിനാൽ അതിനാവശ്യമായി വരുന്ന വലിയ മൂലധനചിലവുകളും,നടത്തിപ്പിന്റെ പ്രയാസങ്ങളും കണക്കിലെടുത്ത് രണ്ടു വിമാനത്താവളങ്ങളിലധികം ഒരു ഗ്രൂപ്പിന് നല്കരുതെന്നുള്ള ഒരു വ്യവസ്ഥ ഉൾക്കൊള്ളിക്കണമെന്നു കാണിച്ചു കൊണ്ടുള്ള ഒരു കുറിപ്പ് ഇക്കണോമിക് അഫയേഴ്‌സ് ഡിപ്പാർട്ടുമെന്റ് (ഡിഇഎ) നൽകിയതായി യോഗത്തിൽ നടന്ന ചർച്ചകളുടെ മിനുട്സ് വ്യക്തമാക്കുന്നു. 

ഡിഇഎ 2010 ഡിസംബർ 10നു പിപിപിഎസിക്ക് നൽകിയ കുറിപ്പ് ഡിപ്പാർട്ടുമെന്റിന്റെ പിപിപി സെല്ലിന്റെ ഡയറക്ടറാണ് സമർപ്പിച്ചത്. 

സ്വന്തം വാദങ്ങൾ ഉറപ്പിക്കുന്നതിനായി ഡൽഹി, മുംബൈ വിമാനത്താവളങ്ങളുടെ കീഴ്വഴക്കം ഡിഇഎ മേധാവി ചൂണ്ടിക്കാട്ടി. രണ്ടു വിമാനത്താവളങ്ങളുടെയും നടത്തിപ്പിന് ലേലത്തിൽ  യോഗ്യത നേടിയത് ജിഎംആർ മാത്രമായിരുന്നുവെങ്കിലും രണ്ടു വിമാനത്താവളങ്ങളും അവർക്ക് നൽകിയില്ല. ഡൽഹിയിലെ വൈദ്യുതിവിതരണത്തിന്റെ സ്വകാര്യവൽക്കരണത്തിന്റെ കാര്യവും ഡിഇഎ ചൂണ്ടിക്കാട്ടി. ഡൽഹി നഗരത്തെ മൂന്നു മേഖലകളായി തിരിച്ച് രണ്ട്  കമ്പനികൾക്കാണത് നൽകിയത്. 

പിപിപിഎസിയുടെ യോഗത്തിൽ ഡിഇഎയുടെ എതിർപ്പുകളെക്കുറിച്ച് ചർച്ച ചെയ്തില്ലെന്നാണ് മിനുട്സിൽ നിന്നും വ്യക്തമാകുന്നത്.  

ഡിഇഎ അതിന്റെ കുറിപ്പ് തയ്യാറാക്കിയ അതേ ദിവസം തന്നെ നീതി ആയോഗും വിമാനത്താവളങ്ങളുടെ ലേലത്തെക്കുറിച്ചുള്ള അതിന്റെ ആശങ്കകൾ പങ്കുവെക്കുകയുണ്ടായി. ലേലം കൊള്ളുന്നവർക്ക് സാങ്കേതികശേഷി ഇല്ലെങ്കിൽ പദ്ധതി ആകെ അവതാളത്തിലാകുകയും  സർവീസുകളുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും.

എന്നാൽ, ലേലത്തിൽ പങ്കെടുക്കുന്നതിനോ ലേലത്തിൽ പങ്കെടുത്തതിന് ശേഷമുള്ള കാര്യങ്ങൾക്കോ വിമാനത്താവള നടത്തിപ്പിന്റെ മുൻപരിചയമൊന്നും ആവശ്യമില്ലെന്നാണ് ഇതിനായി രൂപീകരിച്ച് സെക്രട്ടറിമാരുടെ ഗ്രൂപ്പ് തീരുമാനിച്ചതെന്ന്  പിപിപിഎസിയിൽ അധ്യക്ഷത വഹിച്ച അന്നത്തെ ഡിഇഎ സെക്രട്ടറി എസ്.സി. ഗാർഗ് നീതി ആയോഗിന്റെ നിർദ്ദേശത്തോട് പ്രതികരിച്ചത്. സ്വന്തം ഡിപ്പാർട്ടുമെന്റിൽ നിന്നു തന്നെയാണ് ആദ്യമായി എതിർപ്പ് ഉയർന്നതെന്നിരിക്കെ അതിനു വിരുദ്ധമായ ഒരു നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 

ആറ് വിമാനത്താവളങ്ങളുടെ സടത്തിപ്പിനുള്ള അവകാശം നേടി ഒരു വർഷത്തിന് ശേഷം 2020 ഫെബ്രുവരിയിൽ അഹമ്മദാബാദ്, ലക്നൗ, മംഗളുരു വിമാനത്താവളങ്ങളുടെ കാര്യത്തിൽ സൗജന്യങ്ങൾ നേടുന്ന കരാറുകളിൽ അദാനി ഗ്രൂപ്പ് ഒപ്പുവെച്ചു. ഒരു മാസം കഴിഞ്ഞപ്പോൾ കോവിഡ് -19നുമായി ബന്ധപ്പെടുത്തി അവിചാരിതമായ കാരണങ്ങളാൽ കരാർ വ്യവസ്ഥകൾ പാലിക്കുന്നതിലുള്ള കാലവിളംബം സംബന്ധിച്ച വകുപ്പ് ഉപയോഗപ്പെടുത്തി  മൂന്നു വിമാനത്താവളങ്ങളും എയർപോർട്സ് അതോറിട്ടി ഓഫ് ഇന്ത്യ (എഎഐ)യിൽ നിന്നും ഏറ്റെടുക്കുന്നത് 2021 ഫെബ്രുവരി വരെ നീട്ടിവെക്കാൻ അദാനി ഗ്രൂപ്പ് ശ്രമിച്ചു.

വിമാനത്താവളത്തിലെ ജീവനക്കാരുടെ കൈമാറ്റപ്രശ്നങ്ങളാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. 2020 നവംബറിൽ മൂന്നു വിമാനത്താവളങ്ങളും ഏറ്റെടുക്കാൻ എഎഐ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെടുകയും അതനുസരിച്ച് നവംബറിൽ അഹമ്മദാബാദ്, ലക്നൗ, മംഗളുരു വിമാനത്താവളങ്ങൾ അദാനി ഗ്രുപ്പിന്  കൈമാറുകയും ചെയ്തു. ജയ്‌പൂർ, ഗുവാഹത്തി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ കാര്യത്തിൽ സൗജന്യങ്ങൾ നേടുന്നതിനുള്ള കരാർ എഎഐയും അദാനി ഗ്രൂപ്പും  തമ്മിൽ 2020 സെപ്റ്റംബറിൽ ഒപ്പുവെച്ചു. 

കോവിഡ് 19 മഹാമാരി കാരണം ആറ് വിമാനത്താവളങ്ങൾ എഎഐയിൽനിന്നും ഏറ്റെടുക്കുന്നതിന് കൂടുതൽ സമയം ചോദിച്ച അദാനി ഗ്രൂപ്പ് അതേസമയം തന്നെ രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബൈയുടെയും നവി മുംബൈയിൽ നിർമ്മാണം പുരോഗമിക്കുന്ന ഫ്രീൻഫീൽഡ് വിമാനത്താവളത്തിന്റെയും നിയന്ത്രണം ഹൈദരാബാദ് ആസ്ഥാനമായ ജിവികെ ഗ്രൂപ്പിൽ നിന്നും ഏറ്റെടുത്തു. 

എഎഐയുടെ ആറ് വിമാനത്താവളങ്ങളുടെ ലേലനടപടികളിൽ അദാനി ഗ്രൂപ്പ് ഈ മേഖലയിൽ പരിചയസമ്പന്നരായ, ജിഎംആർഗ്രൂപ്പ്, സൂറിച്ച് എയർപോർട്ട്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്നിവയുൾപ്പടെയുള്ള എതിരാളികളെ  വലിയ വ്യത്യാസത്തിൽ പിന്തള്ളിയാണ്  അവയുടെ 50 വർഷത്തേക്കുള്ള നടത്തിപ്പിന്റെ കരാർ സ്വന്തമാക്കിയത്.

ഡൽഹി, മുംബൈ വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിൽ നിന്നുമുള്ള ഒരു വ്യതിയാനമാണിത്. രണ്ടുവിമാനത്താവളങ്ങളുടെയും കരാർ കാലാവധി 30  വർഷത്തേക്കാണ്. അതിനുപുറമെ രണ്ടുവിമാനത്താവളങ്ങളിലും എഎഐക്ക്  26% ഓഹരികളുണ്ടാകും. 

2019 നവംബറിൽ മുംബൈ വിമാനത്താവളത്തിന്റെ ന്യുനപക്ഷ ഓഹരികൾ ദക്ഷിണാഫ്രിക്കയിലെ ബിഡ്‌വെസ്റ്റ്, എയർപോർട്ട്സ് കമ്പനി ഓഫ് സൗത്ത് ആഫ്രിക്ക  എന്നീകമ്പനികളിൽനിന്നും വാങ്ങാൻ കോംപെറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അദാനി ഗ്രൂപ്പിന് അനുമതി നൽകിയ സമയത്തു തന്നെയാണ് വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് കൈമാറുന്നതിന് ഗവണ്മെന്റും രംഗത്തു വന്നത്. 

മുംബൈ വിമാനത്താവളത്തിന്റെ ന്യുനപക്ഷ ഓഹരികൾ വാങ്ങുന്നതിനു അദാനി ഗ്രൂപ്പിന് സിസിഐ അനുമതി നൽകിയെങ്കിലും പ്രധാനപ്പെട്ട പല അടിസ്ഥാന സൗകര്യ പദ്ധതികളിലും ഒരു കമ്പനിക്കു മാത്രമായി ഗണ്യമായ സ്വാധീനമുണ്ടാകുന്നതിൽ ഡിഇഎ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. 

മുംബൈ വിമാനത്താവളത്തിന്റെ നിയന്ത്രണം കയ്യടക്കുന്നതിൽ നിന്നും അദാനി ഗ്രൂപ്പിനെ തടയാൻ ഇന്ത്യയിലെ സോവറിൻ ഫണ്ട് ആയ  എൻഐഐഎഫ് ഉൾപ്പടെയുള്ള നിക്ഷേപകരുമായി കരാർ ഒപ്പുവെച്ചിരുന്ന ജിവികെ ഗ്രൂപ്പ് 2020 ഓഗസ്റ്റിൽ മത്സരം ഉപേക്ഷിക്കുകയും അദാനി ഗ്രൂപ്പുമായി  സഹകരിക്കുകയും ചെയ്തു. മുംബൈ വിമാനത്താവളത്തിലും നവി മുംബൈ വിമാനത്താവളത്തിലും ജിവികെ ഗ്രൂപ്പിനുള്ള ഓഹരികൾ 2020  ഓഗസ്റ്റ് 31നു ഒപ്പുവെച്ച കരാറിലൂടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത നടപടിക്ക് 2020 സെപ്റ്റംബറിൽ സിസിഐ അംഗീകാരം നൽകി. വിമാനത്താവളത്തിൽ 26% ഓഹരികളുള്ള എഎഐ യും രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളം അദാനി ഗ്രൂപ്പിന്റെ അധീനതയിലാകുന്നതിനു അംഗീകാരം നൽകി. 

അദാനി ഗ്രൂപ്പുമായി സന്ധി ചെയ്യുന്നതിന് മുമ്പ് ജിവികെ ഗ്രൂപ്പ് കടുത്ത സമ്മർദ്ദങ്ങളെ നേരിട്ടു. രാജ്യത്തെ വിവിധ അന്വേഷണ ഏജൻസികൾ  ഗ്രൂപ്പിനെതിരെ തിരിഞ്ഞു. മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ വികസനത്തിൽ 705 കോടി രൂപയുടെ ക്രമക്കേട് സിബിഐ കണ്ടെത്തി. സിബിഐ ഫയൽ ചെയ്ത എഫ്ഐആറിനെ അടിസ്ഥാനമാക്കി ജിവികെ ഗ്രൂപ്പിനും അതിന്റെ ചെയർമാൻ ജിവികെ റെഡ്‌ഡി, അദ്ദേഹത്തിന്റെ മകൻ ജി.വി. സഞ്ജയ് റെഡ്‌ഡി, തുടങ്ങിയവർക്കെതിരെ  മണി ലൗൻഡറിങ് ആക്ട് വകുപ്പ് 3 പ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തു.


തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ 
നടത്തിപ്പ് അദാനി ഗ്രൂപ്പിന്


തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച് അദാനി ഗ്രൂപ്പുമായി കരാർ
ഒപ്പുവച്ചെന്ന് എയർപോർട്ട് അതോറിറ്റി ട്വീറ്റ് ചെയ്തു.

50 വർഷത്തേക്കാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. ഇതോടൊപ്പം ജയ്‌പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയർപോർട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും.

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഫയൽ ചെയ്ത കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കരാർ സംസ്ഥാനസർക്കാരിന്‍റെ കടുത്ത എതിർപ്പ് മറികടന്ന് അദാനി ഗ്രൂപ്പ് ലിമിറ്റഡിന് കൈമാറുന്നത്.

വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

വിമാനത്താവള  നടത്തിപ്പ് കൈമാറുന്നതിനുള്ള ലേലനടപടികളിൽ പാളിച്ചകൾ ഉണ്ടായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരിനെ ബോധപൂര്‍വ്വം ഒഴിവാക്കിയെന്നും പൊതുതാല്പര്യത്തിനും ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമായാണ് വിമാനത്താവളനടത്തിപ്പ് കൈമാറിയതെന്നും സര്‍ക്കാരിന്‍റെ ഹര്‍ജിയിൽ പറയുന്നു.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയിൽ സർക്കാർ നൽകിയ ഹർജി ഒക്ടോബറിലാണ് കോടതി തള്ളിയത്. സംസ്ഥാന സ‍ർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതുൾപ്പടെയുള്ള വാദങ്ങൾ പക്ഷെകോടതി അംഗീകരിച്ചില്ല. ടെണ്ടർ നടപടിയിൽ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമർശിച്ചത്.

ഹൈക്കോടതി അപ്പീൽ തള്ളിയ സ്ഥിതിക്ക് ഇനി സുപ്രീംകോടതിയിൽ പോയാലും അനുകൂലഫലമുണ്ടാകാൻ സാധ്യതയില്ലെന്നാണ് സർക്കാരിന് കിട്ടിയ നിയമോപദേശം. ഇതനുസരിച്ച്, സുപ്രീംകോടതിയിൽ അപ്പീൽ നൽകേണ്ടതില്ലെന്നായിരുന്നു നേരത്തേ സർക്കാർ നിലപാട്. എന്നാൽ എയർപോർട്ട് എംപ്ലോയീസ് യൂണിയന് ഇതിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. അവർ സ്വന്തം നിലയ്ക്ക് സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനിച്ചു.

തദ്ദേശതെരഞ്ഞെടുപ്പിൽ ഈ വിഷയം തിരുവനന്തപുരത്തെ പ്രാദേശികമേഖലയിൽ വലിയ പ്രചാരണവിഷയമായിരുന്നു. സിപിഎമ്മും ബിജെപിയും പ്രധാന രാഷ്ട്രീയ വിഷയമാക്കിയപ്പോഴാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനിച്ചത്.