ആര്യന്‍ അധിനിവേശ കഥ അവാസ്തവം


SEPTEMBER 13, 2019, 12:08 PM IST

സിന്ധു നദീതടത്തിലെ ഗവേഷണത്തില്‍ ലഭിച്ച ബിസി 2500ലെ അസ്ഥികൂടങ്ങളില്‍ ആര്യന്‍ ജനിതകഘടന കണ്ടെത്താനായില്ല


ആര്യന്‍ അധിനിവേശത്തിന്റെ തുടര്‍ച്ചയായാണ് സിന്ധു നദീതട സംസ്‌കാരമുണ്ടായതെന്ന വാദം തെറ്റാണെന്ന് ഗവേഷകര്‍.


സിന്ധു നദീതട  (ഇന്‍ഡസ് വാലി) സംസ്‌കാരത്തിന്റെ ഒരു കേന്ദ്രമായിരുന്ന ഹര്യാനയിലെ രാഖിഗാര്‍ഹിയില്‍ നിന്നും കണ്ടെടുത്ത അസ്ഥികൂടങ്ങളില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ 'ആര്യന്‍ ജീനുകള്‍' എന്ന് പൊതുവില്‍ പറയുന്ന R1a1 ജീനുകള്‍ അഥവാ  മധ്യേഷ്യന്‍ ജീനുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ബി സി 2500ല്‍ ഉണ്ടായിരുന്ന ആള്‍ക്കാരുടെ അസ്ഥികൂടങ്ങളാണ് രാഖിഗാര്‍ഹിയില്‍ കണ്ടെത്തിയത്.


ഹാരപ്പന്‍ സംസ്‌കാരത്തിന്റെ അഥവാ സിന്ധു നദീതട സംസ്‌കാരത്തിന്റെ ഒരു ഭാഗമായിരുന്നു ആ പ്രദേശം. ആ അസ്ഥികൂടത്തില്‍ നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം ''An ancient Harappan genome lacks ancestry from Steppe pastoralists or Iranian farmers' എന്നപേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


അവിടെ താമസിച്ചിരുന്നവരുടെ മുന്‍ഗാമികള്‍ യുറേഷ്യയില്‍ നിന്നോ ഏഷ്യ മൈനറില്‍ നിന്നോ ഇറാനില്‍നിന്നോ ഉള്ളവരാണെന്നതിന്റെ ഒരു സൂചനയും ഡിഎന്‍എ പരിശോധനയില്‍ കണ്ടില്ല. പടിഞ്ഞാറുനിന്നുമുള്ള വലിയ കുടിയേറ്റങ്ങള്‍ ഇല്ലാതെ നാട്ടുകാരായ ജനങ്ങള്‍ തന്നെയാണ് ദക്ഷിണേഷ്യയില്‍  കൃഷി ചെയ്തിരുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.മധ്യേഷ്യയിലെ ജീനുകള്‍ ഇന്ത്യക്കാരില്‍ ധാരാളമായി കാണുന്നുണ്ട്.


എന്നാല്‍ സിന്ധു നദീതട സംസ്‌കാരത്തിന്റെ കാലത്ത് വടക്കു-പടിഞ്ഞാറന്‍ തെക്കന്‍ ഏഷ്യകളില്‍ അത് വ്യാപിച്ചിരുന്നില്ലയെന്നാണ് രാഖിഗാര്‍ഹിയില്‍നിന്നും  കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.ഏഷ്യ മൈനറില്‍ (ഇന്നത്തെ ടര്‍ക്കി) നിന്നുമെത്തിയ കര്‍ഷകരുടെ വംശപരമ്പര ദക്ഷിണേഷ്യക്കാരില്‍ ചെറിയ അനുപാതത്തില്‍ കാണുന്നുണ്ടെങ്കിലും ബിസി 2000നും 1500നുമിടയില്‍ ദക്ഷിണേഷ്യയിലേക്കു കന്നുകാലികളുമായി പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടിവന്ന യുറേഷ്യക്കാരുടെ വംശപരമ്പരയാണ് കൂടുതലുമുള്ളത്.

വസന്ത് ഷിന്‍ഡെ എന്ന ആര്‍ക്കിയോളജിസ്റ്റാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. സിന്ധു നദീതട സംസ്‌കാര കാലത്തെ ഒരു വ്യക്തിയുടെ വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നും ആ സംസ്‌കാരം അതിന്റെ ഉച്ചാവസ്ഥയിലായിരുന്ന കാലത്ത് ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ അര്‍ദ്ധദ്വീപില്‍ കര്‍ഷകരില്‍ വ്യാപകമായി കാണപ്പെട്ടിരുന്ന വംശ പരമ്പരയില്‍ പടിഞ്ഞാറന്‍ ഇറാനില്‍ നിന്നും വന്ന കര്‍ഷകരുടെ ജനിതക സംഭാവനകള്‍ വളരെ കുറച്ചുമാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന നിഗമനത്തിലാണ് എത്തിച്ചേരുന്നതെന്ന്അദ്ദേഹം പറഞ്ഞു.


പില്‍ക്കാലത്ത് ദക്ഷിണേഷ്യക്കാരുടെ വംശപരമ്പരയില്‍   ആ സ്വാധീനം കാണപ്പെട്ടിരുന്നുവെന്നും പറഞ്ഞു. അതേസമയം പൗരാണിക നാഗരികതയെ പൂര്‍ണ്ണമായും വിലയിരുത്താന്‍ ഈ പഠനം പര്യാപ്തമാകില്ലെന്നും വിശദീകരിച്ചു.ഇന്ത്യയുടെ മുന്‍ കൊളോണിയല്‍ ഭരണാധികാരികളുടെ ബുദ്ധിയിലുദിച്ച ഒരു ആശയമായിരുന്നു ആര്യന്‍ ആക്രമണ സിദ്ധാന്തം. യുറോപ്യന്മാരുടെയും മുന്‍ഗാമികളായ മധ്യേഷ്യയില്‍ നിന്നുള്ള ആര്യന്‍ ആക്രമണകാരികളുടെ പിന്‍ഗാമികളാണ് ഇന്ത്യയിലെ സവര്‍ണ്ണ ജാതിക്കാര്‍ എന്ന ആശയമാണവര്‍ പ്രചരിപ്പിച്ചത്.എന്നാല്‍ ആര്യന്മാര്‍ ആക്രമണകാരികള്‍ അല്ലെന്നും  വൈദിക ഹിന്ദുയിസം വികസിപ്പിച്ച   ഇന്ത്യയുടെ തദ്ദേശീയ ജനവിഭാഗങ്ങള്‍ ആയിരുന്നുവെന്നുമാണ് ചില ഹിന്ദു സംഘടനകള്‍ പറയുന്നത്.

ആര്യന്‍ ആക്രമണ സിദ്ധാന്തമനുസരിച്ച് വൈദിക ഹിന്ദുയിസം വികസിപ്പിച്ചത് സിന്ധു നദീതട സംസ്‌കാരത്തിന് ശേഷം യൂറോപ്പില്‍ നിന്നും കുടിയേറിയവരാണ്.പഠനത്തിലെ കണ്ടെത്തലുകള്‍ വിവരിച്ചുകൊണ്ട് നടത്തിയ പത്ര സമ്മേളനത്തില്‍ സിന്ധു നദീതട സംസ്‌കാരവുമായി ബന്ധപ്പെടുത്തിയാണ് 'വിദേശീയരു'മായി  ബന്ധപ്പെട്ടകാര്യങ്ങള്‍ ഏറെയും   ഉണ്ടായതെന്ന് വസന്ത് ഷിന്‍ഡെ പറഞ്ഞു.

മധ്യേഷ്യയില്‍ നിന്നും പശ്ചിമേഷ്യയില്‍നിന്നും ആള്‍ക്കാര്‍ എത്തിയതോടെയാണ് സിന്ധുനദീതട സംസ്‌കാരമുണ്ടായതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ അത് ശരിയല്ല. ആ സംസ്‌കാരം വികസിപ്പിച്ചത് തദ്ദേശീയ ജനവിഭാഗങ്ങള്‍തന്നെയാണ്.മധ്യേഷ്യയില്‍ നിന്നും എത്തിയവരെ 'ആക്രമണകാരികള്‍' എന്ന് വിശേഷിപ്പിക്കാന്‍ ഗവേഷകര്‍ കൂട്ടാക്കിയില്ല.

അവരുടെ നീക്കം   ഒരു ആക്രമണമായി ചിത്രീകരിക്കുന്നതിനുള്ള മതിയായ തെളിവുകള്‍ ഇപ്പോഴും  ഇല്ലെന്നാണ് ഷിന്‍ഡെയോടൊപ്പം പഠനത്തില്‍ സഹകരിച്ച ജനിതക ഗവേഷകനായ ഡോക്ടര്‍ നീരജ് റായ് പറയുന്നത്.

കുടിയേറ്റവും സഞ്ചാരവും തമ്മില്‍ വ്യത്യാസമുണ്ട്. തീര്‍ച്ചയായും ഇത് രണ്ടും നടക്കുകയും ഒരു ഏകീകരണം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

എങ്കിലും അതിനെ ഒരു ആക്രമണം എന്ന് പറയാന്‍ കഴിയില്ല.രാഖിഗാര്‍ഹിയിലെ അസ്ഥികൂടങ്ങളുടെ പഠനഫലം കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ചപ്പോള്‍ത്തന്നെ അത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ആര്യന്‍ ജീനുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് വിവാദമായത്.

ഡിഎന്‍എ യില്‍ മധ്യേഷ്യന്‍ വംശ പാരമ്പര്യം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നുള്ളത് ആര്യന്‍ ആക്രമണ സിദ്ധാന്തത്തെ ശരിവെക്കുന്നുവെന്നാണ് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞത്.പരിശോധനക്ക് വിധേയമാക്കിയ ഡിഎന്‍എ യില്‍ മധ്യേഷ്യന്‍ വംശ പാരമ്പര്യം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതുകൊണ്ട് രാഖിഗാര്‍ഹിയിലെ ജനങ്ങള്‍ അതുവരെയും മധ്യേഷ്യയില്‍ നിന്നുമുള്ളവരുമായി ഇടപഴകിയിരുന്നില്ല എന്നര്‍ത്ഥമില്ലെന്നായിരുന്നു നീരജ് രാജ് അതിനോട് പ്രതികരിച്ചത്. ആര്യന്‍ ആക്രമണ സിദ്ധാന്തത്തെ പഠനം ശരിവെക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ 2015 ലെ പര്യവേഷണ പഠനത്തിന് നേതൃത്വം നല്‍കിയ ഷിന്‍ഡെ തള്ളിക്കളഞ്ഞു.

ആര്യന്മാര്‍ മധ്യേഷ്യയില്‍ നിന്നും വന്നവരാണെന്നു നിരവധി പേര്‍ വിശ്വസിക്കുന്നുവെന്നും എന്നാല്‍ അതിനു തെളിവൊന്നും   ഇല്ലെന്നും അദ്ദേഹം പറഞ്ഞു.