നടന്നത് അട്ടിമറി ശ്രമം തന്നെയെന്ന് സൂചന  


JANUARY 22, 2021, 7:28 PM IST

ക്യാപിറ്റോളിൽ നടന്ന കലാപത്തിന്റെ ലക്‌ഷ്യം അട്ടിമറിയാണെന്ന് സൂചിപ്പിക്കുന്ന വീഡിയോ ന്യൂയോർക്കർ പ്രസിദ്ധീകരിച്ചത് ഭരണതലത്തിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്.

രണ്ടോ മൂന്നോ പൊലീസ് ഉദ്യോഗസ്ഥൻ മാത്രമുള്ള സെനറ്റ് ഹാളിൽ അരഡസനോളം കലാപകാരികൾ നിർബാധം അലയുന്നതിന്റെയും സഭാധ്യക്ഷൻ കൂടെയായ മൈക്ക് പെൻസിന്റെ കസേരയിൽ അവരുടെ നേതാവ് കടന്നിരിക്കുന്നതായും കാട്ടുന്ന വിഡിയോയിൽ ഡെമോക്രാറ്റിക്ക് അംഗങ്ങൾക്ക് നേരെ അവരുതിർക്കുന്ന അസഭ്യവർഷവും ഭീഷണികളും വ്യക്തമായി കേൾക്കാം.

"ജനങ്ങൾ വന്നു കഴിഞ്ഞു!" എന്ന് ആക്രോശിച്ചുകൊണ്ടാണ് നൂറുകണക്കിന് പേർ സഭയുടെ കവാടത്തിന് മുന്നിലെ ഇടനാഴിയിലൂടെ അലഞ്ഞു നടക്കുന്നതും വാതിലുകളിൽ ഇടിക്കുന്നതുമെല്ലാം. അവർക്ക് നേതൃത്വം നൽകുന്ന പ്രാകൃതവേഷധാരിയാകട്ടെ ഏതോ ഗോത്രവർഗ്ഗത്തലവനെപ്പോലെ തന്റെ കയ്യിലെ ദണ്ഡ് നിലത്തിടിക്കുകയും വന്യമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും.

ക്യാപിറ്റോളിൽ നടന്ന അക്രമത്തെ കുറിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി എഫ്ബിഐ ഈ വീഡിയോ അടക്കമുള്ള തെളിവുകൾ പരിശോധിച്ച് കുറ്റവാളികൾ ആരൊക്കെയെന്ന് കണ്ടെത്തുകയാണ്. കലാപത്തിന് മുമ്പായി  ഫെഡറൽ ഏജൻസികൾ ഇന്റലിജൻസ് വിവരങ്ങൾ കൈമാറിയതിനെക്കുറിച്ചും കലാപം കൈകാര്യം ചെയ്യുന്നതിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടോയെന്നും ജസ്റ്റിസ്, ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ടുമെന്റുകളും അന്വേഷിക്കുന്നുണ്ട്. 

ട്രംപ് അനുകൂലികളുമായുള്ള ഏറ്റുമുട്ടലിനിടയിൽ ക്യാപിറ്റോളിലെ ഒരു പോലീസ് ഓഫിസർ കൊല്ലപ്പെട്ടതിനെക്കുറിച്ചും അക്രമങ്ങൾക്കിടയിൽ  മറ്റു നിരവധി നിയമ പരിപാലകർക്കു പരുക്കേറ്റതിനെക്കുറിച്ചും എഫ്ബിഐ നിരവധി പേരുമായി സംസാരിച്ചതായും ഒരു വക്താവ് അറിയിച്ചു. 

ബ്രയാൻ സിക്‌നിക്‌ എന്ന പോലീസ് ഓഫിസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട 37 പേർക്കെതിരെയാണ് അന്വേഷണം കേന്ദ്രീകരിച്ചിട്ടുള്ളതെന്നു എഫ് ബി ഐ നേരത്തെ പുറത്തിറക്കിയ ഒരു കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ അന്വേഷണ വിധേയമാക്കിയവരുടെ എണ്ണം സംബന്ധിച്ച വിവരം ശരിയല്ലെന്ന് വക്താവ് പറഞ്ഞു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആ കുറിപ്പ് ഇറക്കിയത്. ആ കൊലപാതകത്തിൽ എത്ര പേര് ഉൾപ്പെട്ടിട്ടുണ്ടെന്നുള്ളത് എഫ് ബി ഐ തീർച്ചപ്പെടുത്തിയിട്ടില്ല. 

അക്രമാസക്തരായ ജനക്കൂട്ടം കോൺഗ്രസിന്റെ ഹാളുകൾക്കുള്ളിലേക്കു പ്രവേശിക്കുന്നത് തടയുന്നതിനിടയിൽ സിക്‌നിക്‌ ഒരു അഗ്നിശമന യന്ത്രത്തിൽ കുടുങ്ങിപ്പോയി. കോൺഗ്രസ് അംഗങ്ങൾ ഹാളുകൾക്കുള്ളിൽ അവരുടെ                      ഡെസ്‌ക്കുകൾക്കടിയിൽ ഒളിച്ചിരിക്കുകയായിരുന്നു.പരിക്കേറ്റ സിക്‌നിക്‌ ആശുപത്രിയിലാണ് മരണമടഞ്ഞത്. ക്യാപിറ്റോളിലെ മറ്റു 14 പോലീസ് ഓഫീസർമാർക്കും പരുക്കേൽക്കുകയുണ്ടായി. 

പുതിയ പ്രസിഡന്റ് അധികാരമേൽക്കുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാകുമെന്നു പ്രതീക്ഷിച്ച് അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകളും നിയമ പരിപാലന ഏജൻസികൾ സ്വീകരിച്ചിരുന്നു. ജനുവരി 6ലെ ഉപരോധത്തിന് ശേഷം അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ചൈനയും റഷ്യയും ഇറാനും ശ്രമിക്കുന്നതായി ഇന്റലിജൻസ് ഓഫിസർമാർ കണ്ടെത്തിയിട്ടുണ്ട്.  തപാൽ വോട്ടുകളെ സംബന്ധിച്ച് ട്രംപ് പറഞ്ഞ തെറ്റായ വിവരങ്ങൾ വലുതായി പ്രചരിപ്പിച്ച് മുതലെടുക്കാൻ റഷ്യ നടത്തിയിരുന്ന ശ്രമങ്ങൾക്കൊത്ത വിധം തന്നെയാണ് പിന്നീട് നടന്ന ശ്രമങ്ങളെന്നും ഇന്റലിജൻസ് ഓഫിസർമാർ പറയുന്നു.