ബജാജിന്റെ നെഞ്ചൂക്ക്


DECEMBER 6, 2019, 3:18 PM IST

അച്ചടി ദൃശ്യമാധ്യമങ്ങളുടെ പത്രാധിപരും ഉടമയും ഒന്നാകുന്നതാണ് ഇന്നത്തെ ഇന്ത്യയിലെ പൊതുവായ കീഴ്‌വഴക്കം. അല്ലെങ്കില്‍ ഭരണകൂടത്തിന്റെ ഏറാന്‍മൂളികളായി അവരുടെ നക്കാപ്പിച്ചയില്‍ ആനന്ദം കണ്ടെത്തുന്നവരായി മാറുന്നു. എന്നാല്‍ പത്രാധിപന്മാര്‍ കാണിക്കാന്‍ മടിക്കുന്ന ധൈര്യം പലപ്പോഴും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ രാംനാഥ് ഗോയങ്കയെപ്പോലുള്ള പത്രമുതലാളിമാര്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട് എന്ന സത്യം മറക്കുന്നില്ല ഗുളികന്‍. അഭിമുഖങ്ങളിലൂടേയും മറ്റും അച്ചടി ദൃശ്യമാധമങ്ങള്‍ വന്‍കിട ബിസിനസ്സുകാരുടെ ശബ്ദം പുറത്തുകൊണ്ടുവരുന്നതാണ് പണ്ടൊക്കെ കണ്ടിരുന്നത്. അങ്ങിനെ നട്ടെല്ലുള്ളവരില്ലാത്തതുകൊണ്ട് മുതലാളിമാര്‍ ഭരണകൂടങ്ങളുടെ മുഖത്തുനോക്കി നിങ്ങള്‍ ചെയ്യുന്നത് ശരിയല്ലായെന്ന് വിളിച്ചുപറയേണ്ടിവരുന്നു. അതിന് രാഹുല്‍ ബജാജ് എന്ന വ്യവസായിക്ക് ഗുളികന്‍ ഒരു ബിഗ് സെലൂട്ട് കൊടുക്കട്ടെ. ചരിത്രത്തിന്റെ ബലത്തിലാണ് രാഹുല്‍ ബജാജ് സംസാരിക്കുന്നത്. അതിനൊരു കരുത്തുണ്ട്, ഏകാധിപത്യത്തിലേക്ക് ചായുന്ന ഭരണകൂടത്തെ ഉലയ്ക്കാനുള്ള കരുത്ത്. 

കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ആശയങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ബൂര്‍ഷ്വകളാണ്  ബജാജ് ഗ്രൂപ്പ്. സ്വന്തം വ്യവസായ സാമ്രാജ്യം സ്ഥാപിച്ച് അതിന്റെ നിലനില്‍പ്പിന് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്ന ബൂര്‍ഷ്വ. സ്വാതന്ത്ര്യത്തെക്കുറിച്ച്, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശത്തെക്കുറിച്ച് ഒക്കെ ചിന്തിച്ചിട്ടുണ്ടാകണം രാഹുല്‍ ബജാജിന്റെ പൂര്‍വീകനായ ജംനാലാല്‍ ബജാജ്. അതുകൊണ്ടാകണം, വൈദേശികാധിപത്യത്തില്‍ നിന്ന് രാജ്യം സ്വതന്ത്രമാകണമെന്ന ചിന്ത അദ്ദേഹത്തിന് ഉണ്ടായത്. അക്കാലം മാര്‍വാഡികള്‍ വ്യവസായത്തില്‍ സജീവമായിരുന്നു. ഏതാണ്ടെല്ലാവരും ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള കൂറ് പ്രഖ്യാപിച്ച് സ്വന്തം വ്യവസായത്തിന്റെ ഉന്നതി ഉറപ്പാക്കിയിരുന്നു. അപ്പോഴാണ് ജംനാലാല്‍ ബജാജ്, ഗാന്ധിജിയുമായിചേര്‍ന്ന് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായത്. 

ജംനാലാല്‍ ബജാജിന്റെ മകനാണ് രാഹുല്‍ ബജാജ്. പിതാവ് തുടങ്ങിവെച്ച വ്യവസായ സംരംഭത്തെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് നയിച്ച മകന്‍. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ കണക്കെടുത്താല്‍ ഒട്ടും പിറകിലല്ലാതെയുണ്ടാകും രാഹുല്‍ ബജാജ്. വ്യവസായ സംരംഭങ്ങളുടെ സാരഥി എന്ന നിലയില്‍ ഭരണകൂടത്തിന്റെ പിന്തുണ അനിവാര്യമായിവേണ്ട ഒരാള്‍. പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തില്‍ കേന്ദ്ര ഭരണകൂടത്തിന്റെ പിന്തുണ ഏറ്റവും അനിവാര്യമായ ഒരാള്‍. ആ വ്യക്തിയാണ് ആഭ്യന്തര മന്ത്രി അമിത് ഷായെവേദിയിലിരുത്തി, രാജ്യം ഭയത്തിന്റെ പിടിയിലാണെന്ന് പരസ്യമായി പറഞ്ഞത്. പലരും പറയാന്‍ മടിക്കുന്ന സത്യം ഉറക്കെ പറയാന്‍ രാഹുല്‍ ബജാജിന് കരുത്തായത്, ബ്രിട്ടീഷ് ആധിപത്യത്തെ ഭയക്കാതിരുന്ന പിതാവിന്റെ ഓര്‍മകളായിരുന്നിരിക്കണം. വൈദേശികാധിപത്യത്തോട് ഭയമില്ലാതെ പോരാടിയ പാരമ്പര്യമുള്ള ഒരു ജനതക്ക്, തങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനൊരുങ്ങുന്ന ആഭ്യന്തര ഫാസിസത്തെ ഭയക്കേണ്ടതില്ലെന്ന് സൂചിപ്പിക്കുകയായിരുന്നു രാഹുല്‍ ബജാജ്.

മോദി അധികാരമേറ്റശേഷം,  വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴേക്കുവന്നു. വിപണിയിലെ മാന്ദ്യം കണക്കിലെടുക്കുമ്പോള്‍ പ്രതിസന്ധി തുടരുമെന്ന് തന്നെ കണക്കാക്കണം. വ്യവസായ സമൂഹത്തെ സംബന്ധിച്ച് വലിയ ആശങ്ക സമ്മാനിക്കുന്നതാണ് ഈ സാഹചര്യം. സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യമെത്തുകയും അത് മറികടക്കാന്‍ പാകത്തിലുള്ള നടപടികളിലേക്ക് ഭരണകൂടം കടക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തെ വ്യവസായ സമൂഹം നേരത്തേ തന്നെ ചോദ്യം ചെയ്തിട്ടുണ്ട്.

അതിനപ്പുറത്തേക്ക് ഭരണകൂടത്തെ വിമര്‍ശിക്കാനോ, രാജ്യത്ത് സമാധാനമുണ്ടായാലേ നിക്ഷേപമുണ്ടാകൂ എന്ന് ഓര്‍മിപ്പിക്കാനോ ആരും തയ്യാറായിരുന്നില്ല. ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുകയും ശിക്ഷ തീരുമാനിച്ച് നടപ്പാക്കുകയും ചെയ്യുന്ന അവസ്ഥ രാജ്യത്തെ തന്നെയാണ് തകര്‍ക്കുക എന്ന് ഓര്‍മിപ്പിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. ആ ധൈര്യം കാണിക്കാന്‍ രാഹുലിനായി. 

വിമര്‍ശനങ്ങളെ ഇല്ലാതാക്കുക എന്നത്, ഏകാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും രീതിയാണ്. വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത പുലര്‍ത്തുക എന്നതല്ല, മറിച്ച് വിമര്‍ശനങ്ങളെ ഇല്ലാതാക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം. 

സ്വതന്ത്രമായി ചിന്തിക്കുന്ന ഏത് പൗരനും രാജ്യദ്രോഹിയായി മാറാമെന്നതാണ് സാഹചര്യം. ഇത് മനസ്സിലാക്കി മൗനത്തിന്റെ തടവറയില്‍ സ്വയം അടക്കാന്‍ തയ്യാറാകുകയാണ് പലരും. രാഹുല്‍ ബജാജ് സൂചിപ്പിച്ചതും അതു തന്നെയാണ്.