ചരിത്രത്തിന്റെ തെറ്റു തിരുത്താനുള്ള പുറപ്പാട്


NOVEMBER 29, 2019, 1:07 PM IST

അഭിമാനിക്കാനും ആഘോഷിക്കാനുമുള്ള അനുഭവങ്ങള്‍ മാത്രമല്ല ചരിത്രം നമുക്കു സമ്മാനിക്കുക; ദൂഃഖവും ദുരിതവും അവഹേളനവും പേറുന്ന അനുഭവങ്ങളും അതു നല്‍കും. ചരിത്രം ചിലപ്പോള്‍ ഒരു രാജ്യത്തെ മുഴുവന്‍ ജനങ്ങളോട്, മറ്റു ചിലപ്പോള്‍ ഒരു വിഭാഗം ജനങ്ങളോട് ക്രൂരമായി പെരുമാറിയിട്ടുണ്ടാകാം. അവഹേളനങ്ങള്‍ സമ്മാനിച്ചിട്ടുണ്ടാകാം. 

പക്ഷേ, മനുഷ്യരാശിയുടെ ഭാവി രൂപപ്പെടുത്തുന്നത് ഇത്തരം അനുഭവങ്ങളെല്ലാം ചേര്‍ന്നാണ്. ഇന്നത്തെ സംസ്‌കാരം, ജീവിതരീതി, കാഴ്ചപ്പാടുകള്‍, ആശയഗതികള്‍, ഭാഷ, ഭക്ഷണം, വസ്ത്രം തുടങ്ങിയവയെല്ലാം രുപപ്പെടുത്തിയത് ചരിത്രത്തിന്റെ നല്ലതും മോശവുമായ അംശങ്ങള്‍ ചേര്‍ന്നാണ്. അതിനാല്‍ ചരിത്രത്തിന്റെ തെറ്റുകള്‍ തിരുത്താന്‍ ഇറങ്ങിപ്പുറപ്പെടുന്നത് മൗഢ്യമാണ്.

എന്നാല്‍, അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിയുമ്പോഴും ഡല്‍ഹിയിലെ പല സ്ഥലനാമങ്ങളും മാറ്റുമ്പോഴും ബിജെപി ഗവണ്മെന്റു നടത്തുന്നത് ചരിത്രത്തിന്റെ തെറ്റുകള്‍ തിരുത്താനുള്ള ശ്രമമാണ്. അതു തന്നെയാണ് മഥുരയിലെയും വാരണാസിയിലെയും മോസ്‌കുകളും ആഗ്രയിലെ താജ്മഹലും പൊളിച്ച് അമ്പലം പണിയണമെന്ന് സംഘ്പരിവാര്‍ ആവശ്യപ്പടുമ്പോഴും സംഭവിക്കുന്നത്. മോസ്‌കോയില്‍ ലെനിന്റെയും സ്റ്റാലിന്റെയും പ്രതിമകള്‍ തച്ചുടച്ചവരും, യുഎസ് നഗരങ്ങളില്‍ കോണ്‍ഫെഡറേറ്റ് നേതാക്കളുടെ പ്രതിമകള്‍ നീക്കം ചെയ്യുന്ന ഭരണാധികാരികളും ചെയ്യുന്നത് മറ്റൊന്നല്ല.

ചരിത്രത്തിന്റെ ഗുണദോഷങ്ങള്‍ നാം അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. അതു തിരുത്താന്‍ കഴിയുമോ? കഴിഞ്ഞാല്‍ത്തന്നെ അതിന് ഏതറ്റംവരെ പോകാനാകും? കോണ്‍ഫെഡറേറ്റ് നേതാക്കളുടെ പ്രതിമകള്‍ നശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിന്റെ അതേ ന്യായീകരണത്തോടെ, അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ യൂറോപ്യന്‍ അധിനിവേശത്തിന്റെ പ്രതീകങ്ങള്‍ നശിപ്പിക്കണമെന്ന് റെഡ് ഇന്ത്യന്‍ സമൂഹങ്ങള്‍ക്ക് ആവശ്യപ്പെട്ടുകൂടേ? അവരുടെ ജീവനും സ്വത്തും പണവും അപഹരിക്കുകയും അവരുടെ സംസ്‌കാരംതന്നെ നശിപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ യുറോപ്യന്‍ അധിനിവേശത്തോടനുബന്ധിച്ച്. ആ തെറ്റുകള്‍ ഇനി തിരുത്താനാകുമോ?

സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്ന ബ്രാഹ്മണാദി മുന്നോക്ക ജാതിക്കാര്‍ ഭൂരിപക്ഷം വരുന്ന പിന്നോക്ക ജാതിക്കാരോട് ഒട്ടേറെ ദ്രോഹങ്ങള്‍ ചെയ്തിട്ടുണ്ട്. ചാതുര്‍വര്‍ണ്യമെന്ന തത്വസംഹിത ഉണ്ടാക്കി നൂറ്റാണ്ടുകളോളം അടിമകളും പാദസേവകരുമായി ഭൂരിപക്ഷത്തെ നിലനിര്‍ത്തി. അവര്‍ക്ക് വിദ്യ നിഷേധിച്ചു. സ്വത്തവകാശം നിഷേധിച്ചു. എന്തിന് കുടുംബജീവിതം പോലും മേലാളന്മാരുടെ ഔദാര്യമായിരുന്നു. അനുസരണക്കേട് കാണിക്കുന്നവരെ കൊല്ലാന്‍വരെയുള്ള അവകാശം മേലാളന്മാര്‍ കയ്യടക്കിയിരുന്നു. അവരെ ഹിന്ദുക്കളായി കണക്കാക്കുകയോ ഹൈന്ദവ ക്ഷേത്രങ്ങളില്‍ ആരാധന നടത്താന്‍ അനുവദിക്കുകയോ ചെയ്തിരുന്നില്ല. അടുത്തകാലംവരെ നിലനിന്ന ഈ തിന്മകള്‍ ഇല്ലാതായത് വിദേശാധിപത്യവും, അതുവഴി ബാഹ്യലോകത്തുനിന്നുള്ള വെളിച്ചവും മൂലമാണ്. ചരിത്രത്തിന്റെ ഈ തെറ്റുകള്‍ക്ക് പരിഹാരം എന്താണ്? 

അയോദ്ധ്യാ കേസിലെ സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി ആര്‍എസ്എസ് എക്‌സിക്യൂട്ടീവ് രാജീവ് തുളി ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത് 'ബാബ്‌റി മസ്ജിദിനെ അടിമത്തത്തിന്റെ സ്മാരകമായിട്ടല്ലാതെ മറ്റൊരു വിധത്തില്‍ കാണുക എന്നാല്‍ ഹിന്ദുക്കളോട് അവമാന ഭാരത്തോടെ ജീവിക്കാന്‍ ആവശ്യപ്പെടുക എന്നാണര്‍ത്ഥം' എന്നാണ്. മറ്റൊരു വ്യാഖ്യാനം അതിനില്ലത്രെ. 

'ബാബ്‌റി മസ്ജിദിനെ ഇന്നത്തെ മുസ്ലീമുകള്‍ എങ്ങനെ കാണുന്നു എന്നതാണ് പ്രധാന പ്രശ്‌നം,' അദ്ദേഹം പറയുന്നു. 'അവര്‍ അതിനെ വിശുദ്ധ സ്ഥലമായി കാണുന്നുണ്ടോ? ''ഉണ്ട്'' എന്നാണ് ഉത്തരമെങ്കില്‍ അവര്‍ ബാബറുടെയും അതുപോലുള്ളവരുടെയും കാടത്തം പങ്കിടുന്നു. അത്തരം നശീകരണപ്രവണതയില്‍നിന്ന് അകന്നുനില്‍ക്കുന്നതാണ് അവര്‍ക്കുള്ള ശരിയായ വഴി.'

'ക്ഷേത്രം-മോസ്‌ക് വിഷയത്തിനോ ഹിന്ദുമുസ്ലീം വിഷയത്തിനോ അപ്പുറത്ത് ഉള്ള വിഷയമായി വേണം ഈ കേസില്‍ സുപ്രീംകോടതിവിധിയെ കാണേണ്ടതെന്നും അത് ഭാരതം എന്ന ആശയത്തെപ്പറ്റിയാണെ'ന്നും അദ്ദേഹം ഉപദേശിക്കുന്നു. 'ബാബര്‍, ഖസ്‌നി, ഖോറി മുതല്‍പേരുടെ ലെഗസി പേറുന്ന രാജ്യമായിട്ടാണോ, അതോ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ഡാരാ ഷിലോഹിന്റെയും കബീറിന്റെയും എപിജെ അബ്ദുള്‍ കലാമിന്റെയും ലെഗസി പേറുന്ന രാജ്യമായിട്ടാണോ നിങ്ങള്‍ ഭാരതത്തെ കാണാന്‍ ആഗ്രഹിക്കുന്നത്' എന്ന ചോദ്യം മുസ്ലീമുകള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന തുളി, 'പന്ത് ഇനി അവരുടെ കോര്‍ട്ടിലാണെ'ന്ന് വാദിക്കുന്നു.

'ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം രാമന്റെ ജന്മഭൂമിയില്‍ ഒരു ക്ഷേത്രം എന്നത് വെറുമൊരു കെട്ടിടത്തിന്റെ പ്രശ്‌നമല്ല. അതൊരു സാംസ്‌കാരിക പുനരുദ്ധാനത്തിന്റെയും ദേശീയ സ്വത്വത്തിന്റെയും വിഷയമാണ്. അതില്‍ മര്യാദ പുരുഷോത്തമനായ ശീരാമന് സവിശേഷമായ പ്രധാന സ്ഥാനമുണ്ട്. ഹൈന്ദവ മുഖ്യപ്രകൃതിയുടെ കൂട്ടായ പ്രക്രടനമാണ് രാമജന്മഭൂമി പ്രസ്ഥാനം'. 

'വിദേശിയുടെ അധിനിവേശത്തിന്റെ പ്രതീകമായാണ് ബാബ്‌റി മസ്ജിദിനെ ഭൂരിപക്ഷം ഭാരതീയരും കണ്ടിരുന്നതെ'ന്നും, 'ക്ഷേത്രങ്ങളും ദൈവങ്ങളും അടക്കം ഭാരതീയരുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളുടെമേലും മുഗളന്മാര്‍ക്ക് നിയന്ത്രണമുണ്ടെന്നു കാണിക്കാനാണ് അമ്പലം തകര്‍ത്ത് മോസ്‌ക് പണിതതെ'ന്നും തുളി അവകാശപ്പെടുന്നു. രാമജന്മഭൂമിപ്രശ്‌നം അധികാരത്തിലെത്താനുള്ള രാഷ്ട്രീയ ആജണ്ടയായി ബിജെപി ഉയര്‍ത്തിക്കൊണ്ടുവരുന്നതുവരെ വളരെക്കുറച്ച് ആള്‍ക്കാര്‍ മാത്രമേ അങ്ങനെ കണ്ടിരുന്നുള്ളു. ഇപ്പോള്‍ കൂടുതല്‍ പേര്‍ അങ്ങനെ കാണുന്നുണ്ടെങ്കില്‍ അത് പ്രചാരണഫലമാണ്.

ബാബ്‌റി മസ്ജിദ് നിന്ന സ്ഥലത്ത് 2.77 ഏക്കര്‍ സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതുകൊണ്ട് ചരിത്രം തിരുത്താനുള്ള ശ്രമം സംഘ്പരിവാര്‍ ഉപേക്ഷിക്കുകയില്ലെന്ന സന്ദേശവും തുളി നല്‍കുന്നുണ്ട്: 'സര്‍വ്വനാശത്തിന് ഇരയാക്കിയ മൂന്നു വിശുദ്ധ സ്ഥലങ്ങള്‍- അയോദ്ധ്യ, മഥുര, കാശി- മാത്രം തിരിച്ചുതരണമെന്നാണ് ഹിന്ദുക്കള്‍ ആവശ്യപ്പെടുന്നത്, അല്ലാതെ കൊള്ളയടിക്കപ്പെടുകയും നശിപ്പിച്ച് അവയുടെ സ്ഥാനത്ത് മോസ്‌കുകള്‍ സ്ഥാപിക്കുകയും ചെയ്ത അനേകായിരം മറ്റു ക്ഷേത്രങ്ങള്‍ തിരിച്ചുതരണമെന്ന് ആവശ്യപ്പെടുന്നില്ല. അവയെല്ലാം പുനസൃഷ്ടിച്ചുനല്‍കണമെന്നോ നഷ്ടപരിഹാരം ചെയ്യണമെന്നോ ഹിന്ദുക്കള്‍ ആവശ്യപ്പെടുന്നില്ല.'

അതായത് അഭിമാനക്ഷതം തീര്‍ക്കാന്‍ രാജ്യത്തെ മുസ്ലീമുകള്‍ ഇനിയും കൂടുതല്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതുണ്ടെന്നര്‍ത്ഥം. അതുതന്നെയാണ് മുസ്ലീമുകള്‍ നേരിടുന്ന പ്രശ്‌നവും. ബാബ്‌റി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ സ്ഥലം നഷ്ടപ്പെടുന്നതിനേക്കാള്‍ വലിയ പ്രശ്‌നം കൂടുതല്‍ മോസ്‌കുകള്‍ പൊളിക്കണമെന്ന ആവശ്യം ഉയരുമെന്നും, അത് അന്തമില്ലാത്ത തുടര്‍പ്രക്രിയയാണെന്നും കരുതുന്നതുകൊണ്ടാണ്. യാതൊരു ചരിത്രത്തിന്റെയും പിന്‍ബലമില്ലാതെ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ സംഘ്പരിവാറിന് യാതൊരു മടിയുമില്ല. ഒരമ്പലം പൊളിച്ച് ആ സ്ഥാനത്താണ് താജ്മഹല്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും അതു പൊളിച്ച് ക്ഷേത്രം പുനഃനിര്‍മ്മിക്കണമെന്നും ചിലര്‍ അവകാശപ്പെടുന്നുണ്ട്. 

ഇന്ത്യയില്‍ അധിനിവേശത്തിന്റെയും അടിമത്വത്തിന്റെയും പ്രതീകങ്ങള്‍ ഇല്ലാതാക്കണമെങ്കില്‍ ഏതാനും മോസ്‌കുകള്‍ നശിപ്പിച്ച് അവിടെ ക്ഷേത്രങ്ങള്‍ പണിതതുകൊണ്ടു മാത്രമായില്ല. റെഡ് ഫോര്‍ട്ടും പുരാന ഖിലയും താജ്മഹലും ഖുത്തബ് മീനാരും ഫത്തേപ്പൂര്‍ സിക്രിയും കൊല്‍ക്കോത്തയിലെ വിക്‌ടോറിയ മെമ്മോറിയലും മുംബെയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയും ഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരം അടക്കമുള്ള മന്ദിരങ്ങളും ഇടിച്ചുനിരത്തണം. അവയെല്ലാം ഇന്ത്യ നൂറ്റാണ്ടുകളോളം അനുഭവിച്ച അടിമത്വത്തിന്റെ പ്രതീകങ്ങളാണ്. അവയെല്ലാം ഇന്ത്യയുടെ അഭിമാന ചിഹ്നങ്ങളായി കൊണ്ടുനടക്കുന്നത് വിരോധാഭാസമാവില്ലേ?

സുപ്രീംകോടതി വിധിയെ ഇന്ത്യന്‍ സമൂഹം മുഴുവന്‍ നല്ല രീതിയില്‍ സ്വീകരിച്ചുവെന്നും 'ഇന്ത്യന്‍ മനഃസാക്ഷിയുടെ സ്വയംപ്രഖ്യാപിത ഗേറ്റ് കാവല്‍ക്കാരായ' ചുരുക്കം ചില ബുദ്ധിജീവികള്‍ക്കു മാത്രമേ പ്രശ്‌നമുള്ളുവെന്നുമാണ് തുളിയുടെ അവകാശവാദം. അത് ശരിയാണെന്നു തോന്നുന്നില്ല. തങ്ങള്‍ക്ക് നീതി ലഭിച്ചില്ല എന്ന് മുസ്ലീമുകള്‍ കരുതുന്നത് മനസ്സിലാക്കാം. ഹിന്ദുക്കള്‍തന്നെ അങ്ങനെ വലിയൊരുഭാഗം കരുതുന്നുണ്ടെന്ന് പ്രതികരണങ്ങളില്‍ നിന്നു വ്യക്തമാണ്. സുപ്രീംകോടതി വിധിക്കെതിരെ കലാപം ഉണ്ടാകാത്തത് പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള ഇന്ത്യന്‍ സാമൂഹ്യഘടനയുടെ കഴിവിന്റെ പ്രകടനമാണ്.

ഇന്ത്യന്‍ ജനസംഖ്യയില്‍ 80 ശതമാനത്തോളം വരുന്ന ഹിന്ദുക്കളില്‍ ഭൂരിഭാഗവും സംഘ്പരിവാറിന്റെ ഹിന്ദുത്വ ആശയങ്ങളില്‍ വിശ്വസിക്കുന്നവരല്ല. പക്ഷെ മുഴുവന്‍ ഹിന്ദുക്കളുടെയും സ്വയംപ്രഖ്യാപിത വക്താക്കളും അവകാശ സംരക്ഷകരുമായി പ്രത്യക്ഷപ്പെടുകയാണ് സംഘ്പരിവാര്‍. കാലത്തിന്റെ 'ഹെഡ്‌ലൈനുകളും മെഗാഫോണുകളും' വിദ്വേഷത്തിന്റെ ഏജന്റുകള്‍ സ്വന്തമാക്കിയിട്ടുള്ള കാലത്താണ് നാം ജീവിക്കുന്നത്. സംഘ്പരിവാറിന്റെ ഇടുങ്ങിയ ഹിന്ദുത്വത്തില്‍ വിശ്വസിക്കാത്ത ഹിന്ദുക്കള്‍ക്ക് ആശയങ്ങള്‍ പറയാന്‍ പ്ലാറ്റ്‌ഫോറം ഇല്ല എന്നതാണ് ഇന്നത്തെ പ്രശ്‌നം. അവര്‍ കൂടുതലായി രംഗത്തുവരുകയും മനസ് തുറക്കുകയും ചെയ്താല്‍ മാത്രമേ പ്രശ്‌നങ്ങള്‍ അവസാനിക്കുകയുള്ളു.