ക്യാപിറ്റോൾ അതിക്രമങ്ങൾക്ക്  ട്രംപിനെ പഴിച്ച് അമേരിക്കക്കാർ 


JANUARY 25, 2021, 10:53 AM IST

ജനുവരി 6ന് യുഎസ് ക്യാപിറ്റോളിൽ പ്രസിഡന്റ് ട്രംപ് അനുകൂലികൾ നടത്തിയ അക്രമങ്ങൾക്ക് 10ൽ 6 അമേരിക്കക്കാരും പഴിക്കുന്നത് ട്രംപിനെ തന്നെ.

എൻപിആർ/ പിബിഎസ് ന്യൂസ് അവർ/മാരിസ്റ്റ് എന്നിവർ സംയുക്തമായി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്ത 58% പേര് അഭിപ്രായപ്പെട്ടത് ക്യാപിറ്റോളിലെ അക്രമങ്ങൾക്ക് ട്രംപിനെ 'രൂക്ഷമായി' അല്ലെങ്കിൽ 'കാര്യമായി' ശാസിക്കണമെന്നാണ്. 'അത്രയൊന്നും' അല്ലെങ്കിൽ 'ഒട്ടും തന്നെ' അപലപിക്കേണ്ടതില്ല എന്ന് അഭിപ്രായപ്പെട്ടത് 40% പേർ മാത്രം. കോളജ് ബിരുദമുള്ളവർ, വെള്ളക്കാരല്ലാത്തവർ, നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും താമസിക്കുന്നവർ എന്നിവരിൽ മൂന്നിൽ രണ്ടു ഭാഗവും അക്രമങ്ങളിലുള്ള ട്രംപിന്റെ പങ്കിനെ  രൂക്ഷമായോ അല്ലെങ്കിൽ കാര്യമായോ അപലപിക്കുന്നു. 

റിപ്പബ്ലിക്കൻ പാർട്ടി അനുകൂലികളിൽ 10ൽ 8 പേരും അക്രമങ്ങൾക്ക് ട്രംപിനെ പഴിക്കുന്നതിനോട് യോജിക്കുന്നില്ല. ട്രംപിനെതിരെ സാമൂഹ്യ മാധ്യമങ്ങൾ വിലക്ക് തുടരുന്നതിനോട് അവർ യോജിക്കുന്നില്ല, നവംബർ 3ലെ തെരഞ്ഞെടുപ്പ് ശരിയായിരുന്നുവെന്ന് അവർ വിശ്വസിക്കുന്നുമില്ല. വ്യാപകമായ കൃതൃമങ്ങൾ നടന്നതായി തെളിവൊന്നും ഇല്ലെങ്കിലും അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഭദ്രമായ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് ട്രംപ് ഭരണത്തിലെ തന്നെ ഉന്നതർ തന്നെ സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ഈ സ്ഥിതി. എന്നാൽ അധികാരമൊഴിയുന്ന അദ്ദേഹത്തിനെതിരെ കോൺഗ്രസ് നടപടികൾ തുടരണമോയെന്ന കാര്യത്തിൽ അവർ ഭിന്നാഭിപ്രായക്കാരാണ്. സ്വന്തം പ്ലാറ്റ്‌ഫോമുകളിൽ നിന്നും ട്രംപിനെ വിലക്കിയ സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കും ട്വിറ്ററും ബുധനാഴ്ചക്ക് ശേഷം ആ വിലക്ക് തുടരരുതെന്നും അവർ ആവശ്യപ്പെടുന്നു. 

എല്ലാ സംസ്ഥാനങ്ങളും അവരുടെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ശരിവെച്ചു കഴിഞ്ഞു. ഇലക്ട‌റൽ കോളേജ് വോട്ടുകൾ ഔപചാരികമായി എണ്ണുന്ന ചടങ്ങ് കോൺഗ്രസും കഴിഞ്ഞയാഴ്ച പൂർത്തിയാക്കി. ഇതൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെട്ടതായും കൃതൃമങ്ങൾ  നടന്നതായുമുള്ള ആരോപണം ട്രംപ് ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്.

തന്റെ മില്യൺ കണക്കിന് വരുന്ന അനുയായികളിലേക്ക് ആ സന്ദേശം എത്തിച്ചു കൊണ്ടിരുന്ന ട്രംപ് ജനുവരി 6ലെ അക്രമങ്ങൾക്ക് വഴിമരുന്നിടുകയായിരുന്നു എന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്. ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുന്നതിനുള്ള ഔപചാരികമായ വോട്ടെണ്ണൽ തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അതെല്ലാം. 

ഹൗസ് രണ്ടാം തവണ ഇമ്പീച്ച് ചെയ്തതിനു ശേഷവും ട്രംപ് വഴങ്ങിയിട്ടില്ല. ആ വോട്ടെടുപ്പിന് ശേഷം കൂടുതൽ അക്രമങ്ങൾ കാട്ടുന്നതിനെ അപലപിച്ചു കൊണ്ടും സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പു നല്കിക്കൊണ്ടുമുള്ള ഒരു വിഡിയോ സന്ദേശം ട്രംപ് പുറത്തുവിട്ടു. ക്യാപിറ്റോൾ ആക്രമണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ വീഡിയോ സന്ദേശമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

92% ഡെമോക്രറ്റുകളും 55% സ്വതന്ത്രരും ട്രംപിനെ അപലപിച്ചപ്പോൾ 82% റിപ്പബ്ലിക്കന്മാരും അതിനു മുതിർന്നില്ല. ട്രംപിനെ അത്രയൊന്നും അല്ലെങ്കിൽ ഒട്ടും തന്നെ അപലപിക്കേണ്ടതില്ല എന്ന് പറഞ്ഞ റിപ്പബ്ലിക്കൻ വനിതകൾ 82%വും റിപ്പബ്ലിക്കൻ പുരുഷന്മാർ 75%വും ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ 65%വും കോളജ് ബിരുദമില്ലാത്ത വെള്ളക്കാർ 52%വും ആയിരുന്നു. വെള്ളക്കാരിൽ 50%വും അപലപിക്കേണ്ടതില്ല എന്നാണു പറഞ്ഞത്. 

വംശത്തിന്റെയും പ്രായത്തിന്റെയും അടിസ്ഥാനത്തിലുള്ള വിഭജനം വളരെ പ്രകടമായിരുന്നു. വെള്ളക്കാരല്ലാത്ത 67% തെരഞ്ഞെടുപ്പ് ഫലത്തിൽ വിശ്വസിക്കുന്നു. അങ്ങനെയുള്ള വെള്ളക്കാർ 56% മാണ്. 40 വയസ്സിനു താഴെയുള്ള ഇസഡ് തലമുറയിൽപ്പെട്ടവരിലും മില്ലേനിയരിലും 68% ഫലത്തിൽ വിശ്വസിക്കുമ്പോൾ എക്സ് തലമുറയിൽപ്പെട്ടവരിൽ 51%വും ബേബി ബൂമർമാരിൽ 59%വും 74 വയസ്സിനു മുകളിലുള്ള തലമുറയിൽപ്പെട്ടവർ 59%വും ഫലം ശരിയെന്നു തന്നെ വിശ്വസിക്കുന്നു.

ക്യാപിറ്റോളിലെ അക്രമങ്ങൾക്ക് ട്രംപിനെ അപലപിക്കണമോ എന്ന പ്രശ്‌നത്തെക്കാൾ സങ്കീർണ്ണമായ ഒന്നാണ് ട്രംപിനെതിരെ കോൺഗ്രസ് നടപടികൾ തുടരണമോയെന്നത്. ഈ ചോദ്യത്തിന് മുന്നിൽ അമേരിക്കക്കാർ രണ്ടുതട്ടിലാണ്. കോൺഗ്രസ് നടപടികൾ തുടരണമെന്ന് 49% പറയുമ്പോൾ 48% പേരും അത് വേണ്ടായെന്നു പറയുന്നവരാണ്. എന്നാൽ രജിസ്റ്റർ ചെയ്ത വോട്ടർമാരിലേക്കു വരുമ്പോൾ നടപടികളെ എതിർക്കുന്നവർ 50%വും അനുകൂലിക്കുന്നവർ 47%വുമാണ്. 

ഇവിടെ സ്വതന്ത്രരുടെ നിലപാട് നിർണ്ണായകമാകുന്നു. ഡെമോക്രാറ്റുകളിൽ 84% കോൺഗ്രസ് നടപടികൾ തുടരുന്നതിനെ അനുകൂലിക്കുമ്പോൾ റിപ്പബ്ലിക്കരിൽ 88% എതിർക്കുകയാണ്. സ്വതന്ത്രരിൽ 55% നടപടികളെ എതിർക്കുകയും 42% അനുകൂലിക്കുകയും ചെയ്യുന്നു. 

ഡെമോക്രാറ്റുകളിൽ പുരുഷന്മാരും സ്ത്രീകളും തമ്മിൽ വ്യത്യാസമുണ്ട് . ഡെമോക്രാറ്റ് വനിതകളിൽ 91% നടപടികൾ തുടരണമെന്നാവശ്യപ്പെടുമ്പോൾ പുരുഷന്മാരിൽ അങ്ങനെയാവശ്യപ്പെടുന്നവർ 76%മേയുള്ളു എന്നാൽ റിപ്പബ്ലിക്കൻ വനിതകൾ 92%വും നടപടികൾ തുടരേണ്ടതില്ല എന്ന് പറയുന്നവരാണ്. 

പ്രസിഡന്റ് പദവി അവസാനിച്ചാലും സാമൂഹ്യ മാധ്യമ കമ്പനികൾ അവരുടെ പ്ലാറ്റ്‌ഫോമുകളിൽ ട്രംപിനെ വിലക്കണമെന്നു 50% അമേരിക്കക്കാരും ആവശ്യപ്പെടുന്നു. 43% അതിനോട് യോജിക്കുന്നില്ല. ഡെമോക്രാറ്റുകളിൽ 73% വിലക്ക് തുടരുന്നതിനെ അനുകൂലിക്കുമ്പോൾ റിപ്പബ്ലിക്കരിൽ 79%വും  സ്വതന്ത്രരിൽ  56%വും അനുകൂലിക്കുന്നില്ല. കോളജ് ബിരുദമുള്ളവരിൽ 50% വിലക്ക് തുടരുന്നതിന് അനുകൂലിക്കുമ്പോൾ ബിരുദമില്ലാത്ത 55% വിലക്ക് പാടില്ല എന്ന് പറയുന്നു.